കൊച്ചി കണ്ടവന് അച്ചി വേണ്ട
കൊച്ചി കണ്ടവന് അച്ചി വേണ്ട എന്ന പഴമൊഴി കേട്ടിട്ടുണ്ടല്ലോ. കൊച്ചിയുടെ മോഹിപ്പിക്കുന്ന പൗരാണികത മുറ്റി നില്‍ക്കുന്ന ഭംഗി തന്നെയാണ് ഈ പഴഞ്ചൊല്ലിന് കാരണമായത്. അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി ഒരു മായാലോകം തന്നെയാണ്.
കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയമായ ഹില്‍പാലസ് സ്ഥിതിചെയ്യുന്നത് തൃപ്പൂണിത്തുറയിലാണ്. പുരാവസ്തു മ്യൂസിയം, ഹെറിട്ടേജ് മ്യൂസിയം, ഡിയര്‍ പാര്‍ക്ക്, ചരിത്രാതീത പാര്‍ക്ക്, കുട്ടികളുടെ പാര്‍ക്ക് എന്നിവ ഹില്‍പാലസിലുണ്ട്.രാജകീയ പൈതൃകത്തിന്റെ തെളിവായ കേരളത്തിലെ ആദ്യ മ്യൂസിയമാണിത്. ഏകദേശം 50 ഏക്കറോളം വരുന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന 47 കെട്ടിട സമുച്ചയങ്ങള്‍ കേരളത്തിന്റെ തനതായ വാസ്തു ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അത്യപൂര്‍വ്വമായ ഔഷധസസ്യങ്ങളും, സുന്ദരമായ ഭുപ്രകൃതിയും നിറഞ്ഞതാണ് ഈ മ്യൂസിയം. കൊച്ചി രാജാക്കന്മാരുടെ സ്വകാര്യ ശേഖരത്തില്‍പ്പെട്ട എണ്ണച്ചായ ചിത്രങ്ങള്‍, ചുവര്‍ ചിത്രങ്ങള്‍, കല്ലില്‍ നിര്‍മ്മിച്ച കൊത്തു പണികള്‍, ശിലാശാസനങ്ങള്‍, നാണയങ്ങള്‍, കൈയ്യെഴുത്തു പ്രതികള്‍ എന്നിവ കൂടാതെ പരമ്പരാഗതമായ സിംഹാസനം, മറ്റുപകരണങ്ങള്‍ എന്നിവയും ഈ മ്യൂസിയത്തില്‍ കാണാന്‍ കഴിയും. ചൈനയില്‍ നിന്നും, ജപ്പാനില്‍ നിന്നും, കൊണ്ടുവന്നതും 200 ലേറെ വര്‍ഷം പഴക്കമുള്ളതുമായ ചീനച്ചട്ടികളും മണ്‍പാത്രങ്ങളും, കുടക്കല്ല്, തൊപ്പിക്കല്ല്, ശിലായുഗത്തില്‍ നിര്‍മ്മിച്ചതെന്നു കരുതുന്ന കല്ലു കൊണ്ടുള്ള ആയുധങ്ങള്‍, തടികൊണ്ടുള്ള ക്ഷേത്രമാതൃകകള്‍ എന്നിവ ഈ മ്യൂസിയത്തിന്റെ പ്രൗഢി വര്‍ദ്ധിപ്പിക്കുന്നു. സിന്ധു തട സംസ്‌കാരത്തിലെ മോഹന്‍ ജോ ദാരോ, ഹാരപ്പ എന്നിവിടങ്ങളില്‍ നിന്നും കണ്ടെടുത്ത വസ്തുക്കള്‍ ഈ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ സമകാലീന കലകളുടെ ഒരു ശേഖരം തന്നെ ഇവിടെ കാണാം.
കൊച്ചി ജൂത സിനഗോഗ്
കൊച്ചി ജൂത സിനഗോഗ് എന്നും മട്ടാഞ്ചേരി സിനഗോഗ് എന്നും ഇത് അറിയപ്പെടുന്നു. പഴയ കൊച്ചിയിലെ ജൂത തെരുവ് എന്ന് അറിയപ്പെടുന്ന സ്ഥലത്താണ് ഈ സിനഗോഗ് സ്ഥിതിചെയ്യുന്നത്.അറബിക്കടലിന്റെ തീരത്തായി കൊച്ചിയില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയായാണ് ഈ സിനഗോഗ് സ്ഥിതി ചെയ്യുന്നത്. ലോകത്ത് തന്നെ ഇപ്പോഴും നിലനില്‍ക്കുന്ന പുരാതന സിനഗോഗുകളില്‍ ഒന്നാണ് മട്ടാഞ്ചേരിയിലെ ഈ സിനഗോഗ്. 1568ല്‍ ആണ് ഈ സിനഗോഗ് നിര്‍മ്മിക്കപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. 1662ല്‍ പോര്‍ച്ചുഗീസുകാരുടെ ആക്രമണത്തില്‍ ഈ സിനഗോഗിന് നാശം ഉണ്ടായി. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം ഡച്ചുകാരുടെ കാലത്ത് സിനഗോഗ് പുതുക്കി പ്പണിയുകയായിരുന്നു.
മട്ടാഞ്ചേരിയിലെ ജൂതത്തെരുവിലേക്ക് നടക്കുക. അപൂര്‍വമായി പുറത്തിറങ്ങുന്ന വിരലിലെണ്ണാവുന്ന ജൂതമുഖങ്ങള്‍ നാം തിരിച്ചറിയും. നാലോ അഞ്ചോ കുടുംബങ്ങളേ അവിടെ അവശേഷിച്ചിട്ടുള്ളൂ. പൂര്‍വികരില്‍ പലരും വാഗ്ദത്തഭൂമി തേടി ഇസ്രായലിലേക്ക് തിരികെപ്പോയി. മാതാപിതാക്കള്‍ സംസാരിക്കുന്ന മലയാളം അറിയാത്തവരാണ് പുതിയ തലമുറ.ഈ ജൂത തെരുവിലൂടെ നടന്നാല്‍ സിനഗോലില്‍ എത്തിച്ചേരാം. പൂരാതന വസ്തുക്കളുടേയും കരകൗശല വസ്തുക്കളും വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന നിരവധി ഷോപ്പുകള്‍ ഈ തെരുവില്‍ കാണാം.
45 അടി ഉയരമുള്ള ക്ലോക്ക് ടവര്‍ ആണ് ഇവിടുത്തെ മറ്റൊരു വിസ്മയം. നാലു മുഖങ്ങളുള്ള ഈ ക്ലോക്കില്‍ ഹീബ്രൂ, അറബിക്ക്, മലയാളം, ലാറ്റിന്‍ എന്നീ ഭാക്ഷകളിലെ അക്കങ്ങള്‍ ഈ ക്ലൊക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1760ല്‍ ജൂത കച്ചവടക്കാരനായ എസേക്കിയേല്‍ റഹാബിയാണ് ഈ ക്ലൊക്ക് ടവര്‍ സ്ഥാപിച്ചത്.
ഡച്ച് കൊട്ടാരം
ഡച്ച് കൊട്ടാരം എന്നും അറിയപ്പെടുന്ന മട്ടാഞ്ചേരി കൊട്ടാരം കൊച്ചിയിലാണ് സ്ഥിതി ചെയ്യുന്നത്. ഡച്ച് കൊട്ടാരം എന്നാണു പേര് എങ്കിലും ഈ കൊട്ടാരം നിര്‍മ്മിച്ചത് പോര്‍ച്ചുഗീസ് കാരായിരുന്നു. പിന്നീട് കൊട്ടാരത്തിന്റെ മിനുക്കു പണികള്‍ മാത്രമാണ് ഡച്ചുകാര്‍ ചെയ്തത്. 16ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കൊച്ചിയിലെ പല ക്ഷേത്രങ്ങളും കൊള്ളയടിച്ച പോര്‍ച്ചുഗീസുകാര്‍, രാജവംശവുമായി കച്ചവടബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കൊട്ടാരം നിര്‍മ്മിച്ച് രാജാവായ വീരകേരളവര്‍മ്മയ്ക്കു നല്‍കി. പിന്നിടെത്തിയ ഡച്ചുകാര്‍ കൊട്ടാരം പരിഷ്‌കരിച്ചുവെങ്കിലും ഡച്ചുകാരും പോര്‍ച്ചുഗീസുകാരും ഈ കൊട്ടാരം ഉപയോഗിച്ചിരുന്നില്ല. കൊച്ചി രാജവംശത്തിന്റെ രാജകീയ ഭവനമായി മാറിയ ഈ ഡച്ച് കൊട്ടാരത്തില്‍ വച്ചാണ് രാജവംശത്തിലെ പ്രധാന ചടങ്ങുകളെല്ലാം നടത്തിയിരുന്നത്.
കേരളത്തിന്റെ പരമ്പരാഗത ശൈലിയായ നാലുകെട്ട് ഉള്‍പ്പെടുത്തിയതാണ് ഈ കൊട്ടാരം. നടുമുറ്റത്ത് രാജവംശത്തിന്റെ ധര്‍മ്മദൈവമായ പഴയന്നൂര്‍ ഭഗവതിയുടെ ക്ഷേത്രവും കൊട്ടാരത്തിന്റെ ഇരുവശത്തുമായി ശിവക്ഷേത്രവും, വിഷ്ണുക്ഷേത്രവും നിര്‍മ്മിച്ചിരിക്കുന്നു. കെട്ടിടത്തിന്റെ തറ മുട്ടയുടെ വെള്ളയും, ചില ചെടികളുടെ നീരും നാരങ്ങയും, ചിരട്ടക്കരിയും മറ്റും ചേര്‍ത്തു നിര്‍മ്മിച്ചതു കണ്ടാല്‍ കറുത്ത മാര്‍ബിള്‍ ആണെന്ന് കാഴ്ചക്കാര്‍ സംശയിക്കും. കൂടാതെ അസാധാരണവും, ആകര്‍ഷകവുമായ ചുമര്‍ചിത്രങ്ങള്‍, ചായാചിത്രങ്ങള്‍, ഉപകരണങ്ങള്‍, ആയുധങ്ങള്‍, പ്രതിമകള്‍, തുടങ്ങിയ പലതും സന്ദര്‍ശകര്‍ക്ക് ഇവിടെ കാണുവാന്‍ കഴിയും.
ബോള്‍ഗാട്ടി പാലസ്
കൊച്ചിയില്‍നിന്നും ഏറെ അകലെയല്ലാതെ മുളവുകാട് ഐലന്‍ഡിലാണ് ബോള്‍ഗാട്ടി പാലസ് സ്ഥിതിചെയ്യുന്നത്. ഡച്ചുകാരാണ് ബോള്‍ഗാട്ടി പാലസ് പണികഴിപ്പിച്ചത്. 1744 ലായിരുന്നു ഇത്. കൊട്ടാരമെന്നതിലുപരി മനോഹരമായ ഒരു ഹെറിറ്റേജ് ബില്‍ഡിംഗിന്റെ കാഴ്ചയാണ് ബോള്‍ഗാട്ടി പാലസ്. ഡച്ച് മലബാറിലെ കമാന്‍ഡറായിരുന്നു തുടക്കകാലത്ത് ബോള്‍ഗാട്ടി പാലസില്‍ കഴിഞ്ഞിരുന്നത്. 1909 ല്‍ ബ്രിട്ടീഷുകാര്‍ക്ക് ഡച്ചുകാര്‍ ഈ കൊട്ടാരം വായകയ്ക്ക് നല്‍കി. സ്വാതന്ത്രാനന്തരം ബോള്‍ഗാട്ടി പാലസ് ഇന്ത്യന്‍ സര്‍ക്കാരിലേക്ക് ചേരുകയായിരുന്നു.കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഒരു ഹോട്ടലും ഗോള്‍ഫ് കോഴ്‌സും പ്രത്യേകമായ ഹണിമൂണ്‍ കോട്ടേജുകളും ആയുര്‍വേദ മസാജ് സെന്ററുകളും ഇവിടെയുണ്ട്.പൂന്തോട്ടത്തിലിരുന്നു കടല്‍കാഴ്ചകള്‍ കണ്ടു രസിക്കാന്‍ ധാരാളം സഞ്ചാരികള്‍ ഇവിടെ വരാറുണ്ട്.
മറൈന്‍ഡ്രൈവ്
കായല്‍ക്കാറ്റേറ്റ് കായലോളങ്ങളുടെ സൌന്ദര്യവും സൂര്യാസ്തമയവും കണ്ട് മറൈന്‍ ഡ്രൈവ്വിലൂടെയുള്ള സായാഹ്ന സവാരി മനോഹരമായ ഒരു അനുഭവമാണ് . സഞ്ചാരികള്‍ക്കായി കായലിലൂടെ ബോട്ട് സര്‍വ്വീസുകളും ഉണ്ട്.പ്രധാന ആകര്‍ഷണങ്ങള്‍ ഇവിടുത്തെ ചീനവലകളും, മഴവില്‍ പാലവുമാണ്.കൊച്ചിയെ കൂടുതല്‍ സുന്ദരിയാക്കുന്നത് ഈ കായല്‍ തീരം തന്നെയാണ്.റെയിന്‍ബോ ബ്രിഡ്ജും ചീനവല ബ്രിഡ്ജും മ്യൂസിക് വാക്ക് വേയും അനുഭവങ്ങള്‍ക്ക് മുതല്‍കൂട്ടാകുന്നു..
https://www.facebook.com/Malayalivartha