റാണിപുരം
മലകയറ്റത്തിനുള്ള പാതകള്‍, സസ്യജാലങ്ങളിലെ വൈവിധ്യം, നിത്യഹരിതഷോളാ വനങ്ങള്‍, മഴക്കാടുകള്‍, പുല്‍മേടുകള്‍ എന്നിവയ്‌ക്ക് പ്രസിദ്ധമാണ് റാണിപുരം. മഠത്തുമല എന്നാണ് ഇവിടം മുന്‍പ് അറിയപ്പെട്ടിരുന്നത്. മഠത്തു മലയിലെ കാടുകള്‍ കര്‍ണാടകയിലെ കാടുകളുമായി ഒത്തു ചേരുകയാണ് ചെയ്യുന്നത്. നൈസര്‍ഗ്ഗിക പ്രകൃതി ഭംഗി കൊണ്ട് റാണിപുരം ഊട്ടിയെ അനുസ്‌മരിപ്പിക്കുന്നുണ്ട്. മലമുകളില്‍ കൂടി കാട്ടാനകള്‍ സഞ്ചരിക്കുന്നത് ഇവിടെ നേരിട്ടു കാണാനാകും. കാസര്‍കോട് ടൗണില്‍ നിന്ന് 85 കി.മീ ദൂരത്തുളള റാണിപുരം, സമുദ്രനിരപ്പില്‍ നിന്ന് 750 മീ ഉയരെയാണ്.
ഇവിടെ എത്തുന്നതിനുള്ള ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ കോഴിക്കോട്-മാംഗ്‌ളൂര്‍-മുംബൈ റൂട്ടിലുള്ള കാസര്‍കോട് റെയില്‍വേസ്റ്റേഷനാണ്. റാണിപുരത്തു നിന്ന് 85 കി.മീ ദൂരെയാണ് കാസര്‍കോട്. കാസര്‍കോടു നിന്നും 50 കി.മീ മാറിയുള്ള മാംഗ്‌ളൂര്‍ എയര്‍പോര്‍ട്ട്, 200 കി.മീ ദൂരെയുള്ള കരിപ്പൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവ അടുത്ത വിമാനത്താവളങ്ങളാണ്. കാഞ്ഞങ്ങാട് ബസ്സ്‌റ്റേഷനാണ് ഏറ്റവും അടുത്തുള്ള ബസ് സ്റ്റേഷന്‍. ഒക്‌ടോബര്‍ മുതല്‍ മെയ് വരെയുള്ള സമയങ്ങളാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഉത്തമം. ഇവിടെയുള്ള ഡി.ടി.പി.സി. കോട്ടേജുകളില്‍ താമസസൗകര്യം ലഭ്യമാണ്.
റാണിപുരം സന്ദര്‍ശിക്കവേ തന്നെ സന്ദര്‍ശിക്കാവുന്ന മറ്റൊരിടമാണ് ബേക്കല്‍. കാസര്‍കോടുള്ള ബേക്കലിലെ അതിമനോഹരമായി സംരക്ഷിച്ചു നിലനിര്‍ത്തിയിട്ടുള്ള വൃത്താകൃതിയിലുള്ള കോട്ട കേരളത്തിലെ ഏറ്റവും വലിയ കോട്ടയാണ്. ഈ കോട്ടയ്‌ക്കടുത്തുള്ള ആഴം കുറഞ്ഞ ബീച്ചിനെ, ബേക്കല്‍ റിസോര്‍ട്ട്‌സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഒരു അഭൗമസുന്ദര ബീച്ചായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. തെയ്യത്തിന്റെ ശില്‌പങ്ങള്‍ ബീച്ചിലെ ലാറ്ററൈറ്റ് കൊണ്ടുണ്ടാക്കി സ്ഥാപിച്ചിട്ടുള്ളത് നയനാനന്ദകരമാണ്.
മനോഹരമായ ചുവര്‍ചിത്രങ്ങളാല്‍ സമ്പന്നമായ ചുവരുകളോടുകൂടിയ ഒരു ഷെഡ്ഡ് ബീച്ചിലുള്ളത് സന്ദര്‍ശകരുടെ ശ്രദ്ധയെ ആകര്‍ഷിക്കും. ഇവിടെ ഒരു റോക്ക് ഗാര്‍ഡനും സജ്ജമാക്കിയിട്ടുണ്ട്. സോഷ്യല്‍ ഫോറസ്‌ട്രി പദ്ധതിയിന്‍ കീഴില്‍ ഇവിടെ ധാരാളം വൃക്ഷങ്ങള്‍ വച്ചു പിടിപ്പിച്ചിട്ടുള്ളത് ഇടത്തിന് നല്ല ഹരിതാഭ പകരുന്നു. 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി പാര്‍ക്കും ഒതുക്കിയിട്ടുണ്ട്. ബേക്കലില്‍ നിന്ന് 10 കി.മീ മാറിയുള്ള ചന്ദ്രഗിരിയിലും 17ാം നൂറ്റാണ്ടിലെ ഒരു കോട്ടയുണ്ട്. ആ കോട്ടയില്‍ നിന്നു നോക്കിയാല്‍ ചന്ദ്രഗിരിപ്പുഴയും അറബിക്കടലും ഒപ്പം കാണാം. സൂര്യാസ്‌തമനം സന്ദര്‍ശകര്‍ തെരഞ്ഞെടുക്കുന്ന ഒരിടമാണിത്.
ഇതിനടുത്തായുള്ള പ്രാചീനമായ കീഴൂര്‍ ക്ഷേത്രത്തിലെ പാട്ടുല്‍സവവും പ്രസിദ്ധമാണ്. ബേക്കല്‍ റിസോര്‍ട്ട്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, ചുറ്റുവട്ടത്തുളള ദ്വീപുകളിലേയ്‌ക്ക് സന്ദര്‍ശകര്‍ക്കായി ബോട്ട് ട്രിപ്പുകള്‍ ഒരുക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha