ഓണത്തിന് അതിരപ്പള്ളി വെള്ളച്ചാട്ടം കാണാം
അതിരപ്പള്ളി സന്ദര്‍ശിക്കാന്‍ പറ്റിയ സമയമാണ് ഈ ഓണക്കാലം.ജില്ലാ വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്റെ വികസന പദ്ധതികളുടെ ഭാഗമായി വിനോദസഞ്ചാരികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ് അതിരപ്പള്ളി സ്ഥിതി ചെയ്യുന്നത്. കൊച്ചിയില്‍ നിന്ന് 70 കിലോമീറ്റര്‍ ദൂരമുണ്ട്. ഇന്ത്യയുടെ നയാഗ്ര എന്നാണ് ഇത് അറിയപ്പെടുന്നത്. 24 മീറ്ററാണ് വെള്ളച്ചാട്ടത്തിന്റെ ഉയരം. താഴേക്ക് പതിക്കുന്ന വെള്ളം ചാലക്കുടി പുഴയിലേക്കാണ് ഒഴുകുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്ന് ഈ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാം. റോഡില്‍ നിന്നാല്‍, വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം മരങ്ങള്‍ക്കിടയിലൂടെ മുന്നില്‍ തെളിയും.
80 അടി ഉയരത്തില്‍ നിന്ന് താഴേക്ക് പതിക്കുന്ന അതിരപ്പള്ളി വെള്ളച്ചാട്ടം ചാലക്കുടിപ്പുഴയിലേക്ക് ചേരുന്നു. വാഴച്ചാല്‍ ചാലക്കുടിപ്പുഴയുടെ ഭാഗമാണ്. മഞ്ഞുമൂടിയ മലനിരകളുടെയും പാറക്കൂട്ടങ്ങളുടേയും പശ്ചാത്തലത്തില്‍ ഈ വെള്ളച്ചാട്ടങ്ങളും സമാനതകളില്ലാത്ത ദൃശ്യഭംഗിയാണ് പകരുന്നത്.
അതിരപ്പള്ളി ജലപാതത്തിന് ഇരു പാര്‍ശ്വങ്ങളിലുമായി സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങള്‍ അപൂര്‍വ ജൈവസമ്പത്തിന്റെ കലവറയാണ്. ഇരുള്‍, ഇലവ്, വെണ്‍തേക്ക്, മരുത്, വേങ്ങ, കാഞ്ഞിരം, മരോട്ടി, തേക്ക്, വീട്ടി തുടങ്ങിയ വാണിജ്യപ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങള്‍ ഇവിടെ വളരുന്നു. വേഴാമ്പല്‍, വാനമ്പാടി, കൃഷ്ണപ്പരുന്ത്, മാടത്ത, കാട്ടിലക്കിളി, ശരപക്ഷി തുടങ്ങിയ നിരവധി പക്ഷികളുടെയും ആന, കാട്ടുപോത്ത്, വെരുക്, കടുവ, കരിങ്കുരങ്ങ്, സിംഹവാലന്‍ കുരങ്ങ്, കുട്ടിതേവാങ്ക് തുടങ്ങിയ ജന്തുക്കളുടെയും വിവിധയിനം ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ വനങ്ങള്‍.
കാടര്‍, മലയര്‍, തുടങ്ങിയ ആദിവാസിവിഭാഗങ്ങള്‍ ഇവിടത്തെ വനങ്ങളില്‍ ഉണ്ട്.വാഴച്ചാല്‍ ജലപാതത്തിന് സു. 400 മീ. മുകളിലായി ജലവൈദ്യുതോര്‍ജ്ജ ഉത്പാദനം ലക്ഷ്യമാക്കി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന അതിരപ്പള്ളി അണക്കെട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടുത്തെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അനിശ്ചിതാവസ്ഥയിലാണ്.
https://www.facebook.com/Malayalivartha