അറബിക്കടല്‍ മടിയിലേറ്റിയ കൊച്ചു ദ്വീപ് ....ധര്‍മ്മടം
കണ്ണൂരില്‍ വിനോദ സഞ്ചാരത്തിന് എത്തുന്ന സഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ് ധര്‍മ്മടം തുരുത്ത്. മലബാറിന്റെ കടലോരം അതിന്റെ പൂര്‍ണ സൗന്ദര്യത്തിലെത്തുന്നത് ധര്‍മ്മടത്ത് എത്തുമ്പോളാണ്. കണ്ണൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് യാത്ര ചെയ്യുമ്പോള്‍, തലശ്ശേരി എത്തുന്നതിന് നാലു കിലോമീറ്റര്‍ മുന്‍പ് ആണ് ധര്‍മ്മടം എന്ന കൊച്ചു ഗ്രാമം അറബിക്കടലിന്റെ മടിത്തട്ടിലേക്ക് ചേര്‍ന്ന് കിടക്കുന്ന ഒരു കൊച്ചു ദ്വീപാണ് ഇത് .
പ്രകൃതി സൗന്ദര്യത്തിന്റെ നേര്‍പ്പകര്‍പ്പാണ് 5 ഏക്കര്‍ മാത്രം വിസ്തീര്‍ണമുള്ള ഈ ദ്വീപ്.
കേരളീയത എന്ന സങ്കല്‍പ്പം അതിന്റെ യഥാര്‍ത്ഥ അവസ്ഥയില്‍ ദൃശ്യമാകുന്ന ചുരുക്കം ചില സ്ഥലങ്ങളിലൊന്നാണ് ധര്‍മ്മടം.നദികളും കടല്‍ത്തീരവും അതിര്‍ത്തികളൊരുക്കുന്ന ധര്‍മ്മടം ദ്വീപ് നിറയെ തെങ്ങുകള്‍ നിറഞ്ഞു നില്‍ക്കുന്നു.
നിശബ്ദമായ പകലുകളും നിലവില്‍ കുളിച്ച രാത്രികളും നല്‍കുന്ന സൗന്ദര്യം വാക്കുകളില്‍ വിവരിക്കാന്‍ പ്രയാസം.
വേലിയിറക്ക നാളുകളില്‍ ധര്‍മ്മടം തുരുത്തിലേക്ക് കടലിലൂടെ നടന്ന് ചെല്ലാനാവും. പ്രധാന കരയില്‍ നിന്ന് നൂറ് മീറ്റര്‍ മാത്രമേ ഇവിടേയ്ക്ക് ദൂരമുള്ളു. കണ്ണൂരില്‍ നിന്നും തലശ്ശേരിയില്‍ നിന്നും ഇവിടേക്ക് ബോട്ട് സര്‍വീസുകളുണ്ട്.
ധര്‍മ്മപട്ടണം എന്നായിരുന്നു പണ്ട് കാലത്ത് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. അത് പിന്നെ ലോപിച്ച് ധര്‍മ്മടം ആകുകയായിരുന്നു. ധര്‍മ്മടത്തുള്ള തുരുത്ത് പിന്നീട് ധര്‍മ്മടം തുരുത്തെന്നും അറിയപ്പെട്ടു. പച്ച തുരുത്തെന്നും ധര്‍മ്മടം തുരുത്ത് അറിയപ്പെടുന്നുണ്ട്.ധര്‍മ്മടം ഒരു ബുദ്ധമത കേന്ദ്രമായിരുന്നു എന്നും പറയപ്പെടുന്നു.
വിനോദസഞ്ചാര കേന്ദ്രം എന്ന പരിവേഷം ചാര്‍ത്തികിട്ടിയ കേരളത്തിന്റെ പല കടലോര മേഖലകള്‍ക്കും അമിതമായ കച്ചവടവല്‍ക്കരണത്തിന്റെ ഫലമായി മനോഹാരിത നഷ്ടപ്പെട്ടപ്പോള്‍ അങ്ങനെയുള്ള യാതൊരു കേടുപാടുകളും ഇല്ലാതെ ധര്‍മ്മടം സൗന്ദര്യം പൊഴിക്കുന്നു. പ്രകൃതിയുടെ ശാലീനതയും കുലീനതയും ഇവിടെ അനശ്വരമായി നിലനില്‍ക്കുന്നു.
https://www.facebook.com/Malayalivartha