പ്രകൃതി ചായം ചാലിച്ചൊരുക്കിയ സുന്ദരഭൂമി : ആഴിമല
കോവളത്ത് നിന്ന് കഷ്ടിച്ച് 7 കിലോമീറ്റര്‍ യാത്ര ചെയ്‌താൽ മനോഹരമായൊരു തീരത്തെത്തും ..ആഴിയും മലയും ഒന്നുചേർന്ന ആഴിമലയിൽ ..പാറയില്‍തട്ടിത്തെറിക്കുന്ന ജലകണങ്ങളില്‍ സൂര്യരശ്മി തട്ടിയാൽ ഭൂമിയിലും മാരിവില്ല് വിരിയും. വൃത്തിയും വെടിപ്പുമുള്ള പഞ്ചാരമണല്‍ത്തരികളുള്ള കടല്‍ത്തീരം നഗരത്തിലെ തിരക്കിൽ നിന്നൊഴിഞ്ഞു കാറ്റുകൊണ്ടിരിക്കാൻ പറ്റിയ ശാന്ത സുന്ദരമായ ഒരു കടൽ തീരമാണ്.
പാറക്കെട്ടുകള്‍ക്ക് പിന്നില്‍ ഉയര്‍ന്ന സ്ഥലത്താണ് പ്രസിദ്ധമായ ആഴിമല മഹാദേവ ക്ഷേത്രം. കുടുംബസ്ഥനായ പരമശിവനാണ് ഇവിടെ പ്രതിഷ്ഠ. ശ്രീകോവിലിന് ഇടത്തും വലത്തുമായി ശ്രീപാര്‍വതിയുടേയും ഗണപതിയുടെയും ശ്രീകോവിലുണ്ട്. ദിവസേന നിരവധി ഭക്തര്‍ എത്തുന്ന ക്ഷേത്രത്തില്‍ കടലിന് അഭിമുഖമായി പരമശിവന്റെ കൂറ്റന്‍ പ്രതിമയുടെ പണി പുരോഗമിക്കുന്നുണ്ട്.
സൂര്യസ്നാനം നടത്താന്‍ എത്താറുള്ള വിദേശികളെ ലക്ഷ്യമിട്ട് സമീപത്തായി ടൂറിസ്റ്റ് കോട്ടേജുകളും റിസോര്‍ട്ടുകളും സ്പാകളും ഉണ്ട്
വഴുവഴുപ്പുള്ള പാറക്കെട്ടുകളും അപ്രതീക്ഷിതമായി ആഞ്ഞടിക്കുന്ന തിരമാലകളും കടലിലെ ചുഴികളും കടലൊഴുക്കും ഉള്ളതിനാൽ സഞ്ചാരികൾ ശ്രദ്ധിക്കേണ്ടതുണ്ട്. അപൂര്‍വമായ കള്ളിമുള്‍ച്ചെടികളുടേയും പായല്‍വര്‍ഗങ്ങളുടേയും പച്ചപ്പ്, കരിമ്പാറക്കൂട്ടങ്ങളുടെ ഗരിമ, നീലനിറമാര്‍ന്ന കടലും ആകാശവും, പ്രകൃതി നിറക്കൂട്ട് ചാർത്തിയ സുന്ദര ഭൂമിയാണ് ആഴിമല
https://www.facebook.com/Malayalivartha