പാവങ്ങളുടെ ഊട്ടി എന്ന നെല്ലിയാമ്പതി
പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ താലൂക്കില്‍ നെന്മാറ ബ്ളോക്കിലാണ് നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 467 മുതല്‍ 1572 വരെ മീറ്റര്‍ ഉയരത്തിലാണ് ഈ മലകള്‍. കേരളത്തിന്റെ സൗന്ദര്യം മുഴുവനും ഇവിടെ ഒത്തുചേർന്നിരിക്കയാണോ എന്ന് തോന്നും .
നെല്ലിയാമ്പതിയിലേക്ക് നെന്മാറ നിന്ന് പോത്തുണ്ടി ഡാമിലൂടെയാണ് റോഡുള്ളത്. ഹരം പകരുന്ന 10 ഹെയര്‍ പിന്‍ വളവുകള്‍ ഈ റോഡിലുണ്ട്.
നെല്ലിയാമ്പതിയിൽ പ്രധാനമായും കാണേണ്ട കാഴ്ചകൾ സീതാര്‍കുണ്ട്, കാരപ്പാറ വെള്ളച്ചാട്ടം,കാരശൂരി, മിന്നാം പാറ, കേശവൻ പാറ, മാൻ പാറ,ഹില്‍ടോപ്പ്എന്നിങ്ങനെയുള്ള ട്രക്കിംഗ് പോയിന്റുകളും ഓറഞ്ചു,തേയില, ഏലം, കാപ്പ്പി തോട്ടങ്ങളുമാണ് . ഞായറാഴ്ച ഓറഞ്ചു തോട്ടത്തിലേക്കു പ്രവേശനമില്ല. കേരളത്തില്‍ ഓറഞ്ച് തോട്ടമുള്ള ഒരേയൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് നെല്ലിയാമ്പതി.
കൂടാതെ കണ്ണിന് കുളിര്‍മ്മയേകുന്ന തേയിലത്തോട്ടങ്ങളും നെല്ലിയാമ്പതിയുടെ ആകർഷണീയത വർധിപ്പിക്കുന്നു. നെല്ലിയാമ്പതി യാത്രയിൽ ഒഴിച്ച് കൂടാനാവാത്തതാണ് പോത്തുണ്ടി ഡാം.
ഇന്ത്യയിലെ തന്നെ മണ്ണുകൊണ്ടുണ്ടാക്കിയ വലിയ അണക്കെട്ടുകളിൽ ഒന്നാണു പോത്തുണ്ടി ഡാം. ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ മീഞ്ചാടി പുഴയിലാണു ഈ ഡാം നിർമ്മിച്ചിരിക്കുന്നത്.ബോട്ടിംഗ് സൌകര്യത്തോടുകൂടിയ പോത്തുണ്ടി ഡാം ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് പ്രകൃതി സൌന്ദര്യം ആവോളം ആസ്വദിച്ച് ഓളപ്പരപ്പിലൂടെയുടെയുള്ള യാത്ര എന്ന വ്യത്യസ്തമായ ഒരനുഭവം നൽകും.
പശ്ചിമഘട്ടത്തിലെ ഏറെ പ്രത്യേകതകളുള്ള പാലക്കാട് ചുരവും സമീപ സംസ്ഥാനമായ പാലക്കാട് ജില്ലയുടെ ചില ഭാഗങ്ങളും ഇവിടെ നിന്ന് വീക്ഷിക്കാന്‍ കഴിയും.
കാപ്പിത്തോട്ടങ്ങളും തോട്ടംതൊഴിലാളികളും ആദിവാസി സമൂഹവും തമിഴ്നാട്ടില്‍ നിന്നും, ശ്രീലങ്കയില്‍ നിന്നും വന്നിട്ടുള്ള തൊഴിലാളികളും ഇടകലര്‍ന്നു വസിക്കുന്ന നെല്ലിയാമ്പതിയില്‍ വിവിധ ഭാഷ സംസാരിക്കുന്നവരും വിവിധ മതാചാരങ്ങളില്‍ വിശ്വസിക്കുന്നവരുമായ നാനാജാതിമതസ്ഥരുടെ സമ്മിശ്രസംസ്കാരമാണ് ഉള്ളത്.
തമിഴ് ഗ്രാമത്തിന്റെ മുഖഭംഗിയാണ് നെല്ലിയാമ്പതിക്ക് .കേരളത്തിലെ ആദിമനിവാസികൾ തങ്ങളുടെ ദൈവങ്ങൾ മലകളിലും മരങ്ങളിലും വസിക്കുന്നുവെന്ന് സങ്കല്പിച്ചിരുന്നവർ ആയിരുന്നല്ലോ.ഇതിൽ തന്നെ കാർഷിക വൃത്തിയിലേർപ്പെട്ടിരുന്നവർ അമ്മദൈവങ്ങളെ മാത്രമേ ആരാധിച്ചിരുന്നുള്ളൂ. ഇത്തരത്തിൽ നെല്ലിമരത്തിൽ ആസ്ഥാനമാക്കിയ ദേവതയുടെ പേരിൽ നിന്നാണ് നെല്ലിയാമ്പതി എന്ന പേരുണ്ടായതത്രെ. അതെന്തായാലും നെല്ലിയാമ്പതിയിൽ ധാരാളം നെല്ലിമരങ്ങൾ ഉണ്ട്.
പാദദിരി മലയാണ് നെല്ലിയാമ്പതിയിലെ ഏറ്റവും ഉയരമുള്ളത്. പാലകപാണ്ടി എസ്റ്റേറ്റിനടുത്തുള്ള സീതക്കുണ്ടില്‍ നിന്നുള്ള കാഴ്ചയും 100 മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള വെള്ളച്ചാട്ടവും കണ്ടാലും കണ്ടാലും മതിവരില്ല. മലകളെ തഴുകി നീങ്ങുന്ന കോടമഞ്ഞിന്‍റെ നൈര്‍മല്യം സഞ്ചാരികള്‍ക്ക് സ്വര്‍ഗ്ഗീയ അനുഭൂതിയാണ് പകരുന്നത്.
വിവിധ തരത്തിലുള്ള വന്യജീവികളേയും ഇവിടെയെത്തുന്നവര്‍ക്ക് കാണാന്‍ കഴിയും. നെല്ലിയാമ്പതിയിലേക്കുള്ള യാത്രയില്‍ വശിമധ്യേയുള്ള തേയിലത്തോട്ടങ്ങള്‍ ഭൂമിക്ക് പച്ചപ്പുതപ്പ് പോലെയാണ് അനുഭവപ്പെടുക. ഏലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും ഭൂമിക്ക് വശ്യതയാര്‍ന്ന മനോഹാരിത നല്‍കിയിരിക്കുന്നതും ഇവിടെ കാണാം.
പാലക്കാട് ജില്ലയിലെ നെന്‍മാറയില്‍ നിന്ന് 44 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നെല്ലിയാമ്പതിയുടെ മടിത്തട്ടിലെത്താം. പാലക്കാട് ആണ് തൊട്ടടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. പാലക്കാട് നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള കോയമ്പത്തൂര്‍ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. സഞ്ചാരികള്‍ക്കായി ഒട്ടനവധി റിസോര്‍ട്ടുകളും ഇവിടെയുണ്ട്.
https://www.facebook.com/Malayalivartha