കേരളത്തില്‍ മധുവിധു ആഘോഷിക്കാന്‍ 5 സ്ഥലങ്ങള്‍
ഓര്‍മകളിലെന്നും താങ്ങി നിൽക്കുന്നവയാണ് മധുവിധു യാത്രകള്‍. വിവാഹ, വിരുന്നുകളുടെ തിരക്കുകളില്‍ നിന്നകന്ന് നവദമ്പതികള്‍ അടുത്തറിയുകയും പരസ്പരം മനസിലാക്കുകയും ചെയ്യുന്ന യാത്രകൾ ഓരോ വിവാഹ വാർഷികത്തിനും വീണ്ടും ചെന്നെത്താൻ കൊതിക്കുന്ന സ്ഥലങ്ങളിലേക്കാകുന്നതല്ലേ നല്ലത് .
ലോകത്തിന്റെ എല്ലാഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ ഇഷ്ട്പ്പെടുന്ന നാടാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം. ബീച്ചുകളും, കായലുകളും, ഹില്‍സ്റ്റേഷനുകളും, വെള്ളച്ചാട്ടങ്ങളും എന്നുവേണ്ട നമ്മുടെ മനം നിറക്കാനുള്ള കാഴ്ചകളുടെ വൈവിധ്യമുണ്ട് ഇവിടെ.
കേരളത്തില്‍ മധുവിധുവും വിവാഹ വാർഷികവും ആഘോഷിക്കാന്‍ പറ്റിയ പ്രണയതീരങ്ങൾ ഏതെല്ലാമാണെന്നു നോക്കാം.
കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴ സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ്. ബാക് വാട്ടര്‍ ടൂറിസത്തിന്റെ ഹോട്ട് സ്‌പോട്ട് ആയ ആലപ്പുഴയുടെ കായല്‍പ്പരപ്പിലൂടെ കെട്ടുവള്ളത്തിലുള്ള യാത്ര നല്‍കുന്ന അനുഭൂതി അനുഭവിച്ചുതന്നെ അറിയണം. ഇപ്പോഴത്തെ കെട്ടുവള്ളങ്ങള്‍ പലതും ഹോട്ടലുകളെപ്പോലും അതിശയിപ്പിക്കുന്ന ആഢംബരങ്ങള്‍ നിറഞ്ഞതാണ്.പാതിരാമണലും കുമരകവും പക്ഷികളുടെ പറുദീസയാണ്.നവംബര്‍-ഫെബ്രുവരി മാസങ്ങള്‍ക്കിടയിലുള്ള കാലമാണ് ആലപ്പുഴ സന്ദര്‍ശനത്തിന് അനുയോജ്യം. ഇന്ത്യയുടെ ഏത് ഭാഗത്തുനിന്നും റോഡുമാര്‍ഗ്ഗവും, റെയില്‍മാര്‍ഗ്ഗവും ഇവിടെയെത്താം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് ആലപ്പുഴയ്ക്ക് ഏറ്റവും അടുത്തുള്ളത്. ദേശീയ പാത 47 കടന്നുപോകുന്നത് ആലപ്പുഴ നഗരത്തിലൂടെയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുവരുന്ന തീവണ്ടികള്‍ ആലപ്പുഴ വഴികടന്നുപോകുന്നുണ്ട്.
ഇടുക്കി ജില്ലയിലെ തേക്കടി നിര്‍മ്മലമായ പ്രകൃതിദൃശ്യങ്ങളാലും അനന്തമായ് പറന്നു കിടക്കുന്ന തോട്ടങ്ങളാലും അനുഗ്രഹീതമാണ്. ഒന്നിനോടൊന്ന് ചേര്‍ന്ന് നില്ക്കുന്ന കുന്നുകളുടെ മനോഹര പശ്ചാതലം ഫോട്ടോഗ്രാഫിയില്‍കമ്പമുള്ളവര്‍ക്ക് ഒപ്പിയെടുക്കാന്‍ പാകത്തില്‍ തേക്കടിയിലെ പ്രകൃതി ഒരുക്കിയിരിക്കുന്നു. തണുത്ത കാലാവസ്ഥ, മേത്തരം റിസോര്‍ട്ടുകളുടെയും ഹോം സ്‌റ്റേകളുടെയും സാന്നിദ്ധ്യം എന്നിവ ഹണിമൂണിനും പിക്‌നിക്കിനും പറ്റിയ ഏറ്റവും നല്ല സഞ്ചാരകേന്ദ്രമാക്കി തേക്കടിയെമാറ്റുന്നു.പരിസ്ഥിതിയുടെ സുഖശീതളിമയില്‍ സ്വാഭാവിക രുചിക്കൂട്ടുകളുമായി യാത്ര ധന്യമാക്കാം
കൊച്ചി കണ്ടവന് അച്ചി വേണ്ടെന്നാണ് ചൊല്ല് ,എന്നാലും ഹണിമൂൺ യാത്രകൾക്ക് കൊച്ചി എന്നും മുൻപന്തിയിൽ തന്നെ. അറബിക്കടലിന്റെ റാണി എന്ന വിശേഷണത്തില്‍ത്തന്നെ എല്ലാമുണ്ട്. സഞ്ചാരികളുടെ സ്വപ്നഭൂമിയായ കേരളത്തിലെ ഏറ്റവും വികസിത നഗരമാണ് കൊച്ചി. വികസനവും പാരമ്പര്യവും കൈകോര്‍ത്ത് നില്‍ക്കുന്ന ചരിത്രനഗരം.
എല്ലാത്തരം വിഭവങ്ങളും കൊച്ചിയില്‍ കിട്ടുമെങ്കിലും കേരളത്തിന്റെ നാടന്‍ രുചികള്‍ പരീക്ഷിക്കാതെ നിങ്ങള്‍ കൊച്ചി വിട്ടാല്‍ അതൊരു നഷ്ടം തന്നെയായിരിക്കും.തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, മ്യൂസിയങ്ങള്‍, കുട്ടികള്‍ക്കുള്ള പാര്‍ക്കുകള്‍, ചരിത്രം പറയുന്ന കൊട്ടാരങ്ങള്‍, ഷോപ്പിംഗ് മോളുകള്‍ എന്നിങ്ങനെ കണ്ടുതീര്‍ക്കാനുള്ള കാഴ്ചകള്‍ നിരവധിയുണ്ട് കൊച്ചിയില്‍. ജനുവരി - ഏപ്രില്‍, ഒക്‌ടോബര്‍ - ഡിസംബര്‍ മാസങ്ങളാണ് കൊച്ചി യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം. സ്റ്റാര്‍ ഹോട്ടലുകള്‍ മുതല്‍ ഹോം സ്റ്റേ പോലുള്ള ചെറുകിട താമസസൗകര്യം വരെ കൊച്ചിയില്‍ ലഭിക്കും.
തൃശ്ശൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ക്കും ആകര്‍ഷകമായ മഴക്കാടുകള്‍ക്കും പ്രശസ്‌തമായ അതിരപ്പള്ളി. അതിരപ്പള്ളി, വാഴച്ചാല്‍, ചാര്‍പ്പ വെള്ളച്ചാട്ടങ്ങള്‍ ഇവിടേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. വെള്ളച്ചാട്ടങ്ങള്‍ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് സന്ദര്‍ശന സമയം. ട്രക്കിംഗ്, നദീയാത്ര, പിക്‌നിക്, ഷോപ്പിംഗ് എന്നിവയ്‌ക്കെല്ലാമുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. അതിരപ്പള്ളിക്ക് സമീപം രണ്ട് അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നു.
ഡ്രീംവേള്‍ഡ്, സില്‍വര്‍ സ്റ്റോം എന്നിയാണവ. ആഘോഷിച്ച് തിമിര്‍ക്കാനുള്ള അവസരമാണ് ഈ രണ്ട് പാര്‍ക്കുകളും നല്‍കുന്നത്. പ്രകൃതിയെ അടുത്തറിയാനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും അതിരപ്പള്ളി നിങ്ങളെ സഹായിക്കും. മഴക്കാലത്തോ ശൈത്യകാലത്തോ ഇവിടം സന്ദര്‍ശിക്കുക. റോഡ് മാര്‍ഗ്ഗം അതിരപ്പള്ളിയില്‍ എത്തുക എളുപ്പമാണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലോ റെയില്‍വെ സ്‌റ്റേഷനിലോ ഇറങ്ങിയ ശേഷവും നിങ്ങള്‍ക്ക് അതിരപ്പള്ളിയില്‍ എത്താം.
കേരളത്തിന്റെ വൃന്ദാവനമാണ് പാലക്കട് ജില്ലയിലെ മലമ്പുഴ .മലമ്പുഴ നദിയ്ക്കുകുറുകെ കെട്ടിയിരിക്കുന്ന അണക്കെട്ടും റിസര്‍വോയറുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. അണക്കെട്ടിനടുത്തുനിന്നും 2 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന ഫാന്റസി പാര്‍ക്ക് എന്ന പേരിലുള്ള അമ്യൂസ്‌മെന്റ് പാര്‍ക്കാണ് മറ്റൊരു ആകര്‍ഷണം. ത്രഡ് ഗാര്‍ഡന്‍, സ്‌നേക് പാര്‍ക്ക്, കാനായി കുഞ്ഞിരാമന്‍ പണിത യക്ഷിയെന്ന ശില്‍പം, റോക്ക് ഗാര്‍ഡന്‍, റോപ്പ് വേ, തേന്‍കുറിശ്ശി എന്നിവയാണ് മലമ്പുഴ അണക്കെട്ടു പരിസരത്തെ പ്രധാന ആകര്‍ഷണങ്ങള്‍. മലമ്പുഴ സന്ദര്‍ശനത്തോടൊപ്പം തന്നെ കാണാവുന്ന സ്ഥലങ്ങളാണ് പറമ്പിക്കുളം വന്യജീവിസങ്കേതം, സൈലന്റ് വാലി ദേശീയോദ്യാനം, നെല്ലിയാമ്പതി, ഡീര്‍ പാര്‍ക്ക്, പോത്തുണ്ടി റിസര്‍വ്വോയര്‍, ധോനി ഫോറസ്റ്റ് റിസര്‍വ്വ് എന്നിവ. റെയില്‍, റോഡുമാര്‍ഗ്ഗമെല്ലാം എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലമാണ് മലമ്പുഴ.
https://www.facebook.com/Malayalivartha