കേരളത്തിലെ 3 പ്രശസ്തമായ തൂക്കുപാലങ്ങൾ
ഇഞ്ചത്തൊട്ടി തൂക്കുപാലം
കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലമാണിത്. എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത് കീരംപാറ പഞ്ചായത്തിലെ ചാരുപ്പാറയിൽ നിന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിലേക്കുള്ള ഈ നടപ്പുതൂക്ക് പാലം ഇഞ്ചത്തൊട്ടി നിവാസികളുടെ ചിരകാലാഭിഷേകമാണ്. കീരംപാറ പഞ്ചായത്തും കുട്ടമ്പുഴ പഞ്ചായത്തും തമ്മില്‍ ബന്ധിപ്പിക്കുന്ന തൂക്ക് പാലമാണ് ഇത്.
കോതമംഗലം - തട്ടേക്കാട് വഴിയിൽ പുന്നേക്കാട് കവലയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് നേര്യമംഗലത്തേക്ക് പോകുന്ന വഴിയിലാണ് പ്രകൃതിരമണീയമായ ചാരുപ്പാറ. തട്ടേക്കാട് സന്ദർശിച്ചിട്ട് മൂന്നാർ പോകുന്നവർക്ക് പുന്നേക്കാട് - നേര്യമംഗലം വഴിയിലൂടെ പോയാൽ 15 കിലോമീറ്റർ കുറവുമാണ്.
പെരിയാറിന് കുറുകെ 185 മീറ്റര്‍ നീളത്തിലാണ് തൂക്കുപാലം നിർമ്മിച്ചിരിക്കുന്നത്.
തൈക്കൂട്ടം തൂക്ക് പാലം
141 മീറ്റര്‍ നീളമുള്ള ഈ തൂക്ക് പാലം സ്ഥിതി ചെയ്യുന്നത് തൃശൂര്‍ ജില്ലയില്‍ ചാലക്കുടി പുഴയ്ക്ക് കുറുകേയാണ്. തൈക്കൂട്ടം കടവ് തൂക്ക് പാലം എന്നും ഈ തൂക്ക് പാലം അറിയപ്പെടുന്നുണ്ട്.തൃശ്ശൂര്‍ ജില്ലയിലെ കാടുകുറ്റി പഞ്ചായത്തിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. കാടുകുറ്റി, അന്നനാട് പ്രദേശവും വൈന്തല, കല്ലൂര്‍ പ്രദേശവുമായി ബന്ധിപ്പിക്കുന്ന ഈ പാലത്തിലൂടെ 30 പേരെ മാത്രമെ ഒരേ സമയം കടത്തിവിടുകയുള്ളു.
പുനലൂര്‍ തൂക്കുപാലം
കേരളത്തിലെ പ്രശസ്തമായ ഒരു നഗരത്തിലേയ്ക്ക് നമ്മെ സ്വാഗതം ചെയ്യുന്നത് ഈ തൂക്കുപാലം ആണ്. നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ തൂക്കുപാലം ഇന്ന് ഒരു ചരിത്ര സ്മാരകമായി മാറിയിരിക്കുന്നു. ഒരു കാലത്ത് കേരളത്തിലെ പ്രമുഖമായിരുന്ന ഈ വ്യവസായ നഗരത്തിലേയ്ക്ക് വാഹനങ്ങളും മനുഷ്യരും എല്ലാം കടന്നെത്തിയിരുന്നത് ഈ തൂക്കുപാലത്തിലൂടെ ആയിരുന്നു. എന്നാൽ തൂക്കുപാലം പണികഴിഞ്ഞപ്പോൾ ആളുകൾക്ക് പാലത്തിൽ കയറാൻ പേടിയായിരുന്നു. പിന്നീട് ഇതിന്റെ എഞ്ചിനീയര്‍ പാലത്തിലൂടെ 6 ആനകളെ ഒരുമിച്ച് നടത്തുകയും ഈ സമയത്ത് അദ്ദേഹം പാലത്തിന്റെ അടിയിലൂടെ തോണിയില്‍ കുടുംബ സമേതം സഞ്ചരിക്കുകയും ചെയ്തുകൊണ്ടാണ് പാലത്തിന്റെ ബലം നാട്ടുകാര്‍ക്ക് മുന്നില്‍ തെളിയിച്ചത്.
1877ല്‍ ആല്‍ബര്‍ട്ട് ഹെന്റി എന്ന ബ്രിട്ടീഷുകാരനായ എന്‍ജിനീയറാണ് ഈ തൂക്കുപാലം പണിതത്. തിരുവിതാംകൂര്‍ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിര്‍മ്മിച്ചത്. അന്നത്തെ ദിവാന്‍ നാണുപിള്ളയാണ് പാലം നിര്‍മ്മിയ്ക്കാനായി അനുമതി നല്‍കിയത്. വാഹനഗതാഗതത്തിന് വേണ്ടിത്തന്നെയായിരുന്നു അന്ന് ഈ പാലം പണിതത്.
https://www.facebook.com/Malayalivartha