താമരശ്ശേരി ചുരം കാണാൻ പോരുന്നോ?
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിലെ കൊടുവള്ളി ബ്ളോക്കിൽ ഉൾപ്പെട്ട പഞ്ചായത്താണ് താമരശ്ശേരി. മലയോരപട്ടണമാണ് ഇത്. വയനാട് ജില്ലയിലേക്കുള്ള ഒരു പ്രധാന പ്രവേശനകവാടമായ താമരശ്ശേരി ചുരം ഇവിടെയാണ്. മലനിരകളുടെ താഴ്വര പ്രദേശമാകയാൽ ‘താഴ്മലച്ചേരി’ എന്ന പഴയ പേര് കാലാന്തരത്തിൽ ലോപിച്ച് താമരശ്ശേരിയായതാണെന്ന് കരുതപ്പെടുന്നു.
കോഴിക്കോട് ജില്ലയും വയനാട് ജില്ലയുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 212ൽ ആണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്. മൈസൂർ വരെ നീളുന്നതാണ് ഈ ദേശീയപാത.
ചുരത്തിലൂടെ ഒരു യാത്ര
താമരശ്ശേരിക്ക് സമീപത്തുള്ള അടിവാരത്ത് നിന്നാണ് താമരശ്ശേരി ചുരം ആരംഭിക്കുന്നത്. അടിവാരത്ത് നിന്ന് ആരംഭിക്കുന്ന ചുരം ഒൻപത് ഹെയർപിൻ വളവുകൾ പിന്നിട്ട് വയനാട്ടിലെ ലക്കിടിയിൽ എത്തുന്നു. ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ലക്കിടി. സമുദ്രനിരപ്പിൽ നിന്ന് 700 മീറ്റർ ഉയരത്തിൽ താമരശ്ശേരി ചുരത്തിനു മുകളിലായാണ് ലക്കിടി സ്ഥിതിചെയ്യുന്നത്. വയനാടിന്റെ പ്രവേശന കവാടം എന്നാണ് ലക്കിടി അറിയപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2296 അടി ഉയരത്തിലാണ് ലക്കിടി സ്ഥിതി ചെയ്യുന്നത്. ലക്കിടി ചുരം എന്നും ഈ ചുരം അറിയപ്പെടുന്നുണ്ട്
ലക്കിടിയിലെ കാഴ്ചകൾ
താമരശ്ശേരി ചുരം കയറി ലക്കിടിയിൽ എത്തുമ്പോൾ സുന്ദരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. വയനാട്ടിലെ തന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യൂ പോയന്റാണ് ലക്കിടി. ഇവിടെ നിന്ന് നോക്കിയാൽ അടിവാരത്തിലെ സുന്ദരമായ കാഴ്ചകളും ചുറ്റുപാടുമുള്ള മലനിരകളുടെ ഭംഗിയും ആസ്വദിക്കാം.
വൈത്തിരി
അഞ്ച് കിലോമീറ്റർ അകലെയുള്ള വൈത്തിരിയാണ് ലക്കിടിക്ക് സമീപത്തെ പ്രധാനപട്ടണം. എന്നിരുന്നാലും ലക്കിടി പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രമായി വളർന്നുകൊണ്ടിരിക്കുകയാണ്. സമയം ചെലവഴിക്കാൻ നിരവധി റിസോർട്ടുകളും ഇവിടെയുണ്ട്.
ലക്കിടിയിൽ നിന്ന് വൈത്തിരിയിലേക്ക് യാത്ര ചെയ്യുമ്പോൾ, റോഡരികിലെ ഒരു മരം നിങ്ങളുടെ ശ്രദ്ധയിൽപ്പെടാതിരിക്കില്ല. മരത്തിന്റെ ശിഖരത്തിൽ നിന്ന് ഒരു ചങ്ങല താഴെ തറയുമായി ബന്ധിപ്പിച്ചിരിക്കുന്നത് നിങ്ങളിൽ കൗതുകമുണ്ടാക്കാതിരിക്കില്ല. ചങ്ങലമരം എന്ന് താഴെ ഒരു ബോർഡ് വച്ചിട്ടുണ്ടാകും. ഈ ചങ്ങലമരത്തിന് പിന്നിൽ ഒരു ഐതീഹ്യമുണ്ട്.
താമരശ്ശേരി ചുരം നിർമ്മിക്കാനുള്ള വഴി ബ്രിട്ടീഷ് എഞ്ചിനിയർക്ക് പറഞ്ഞുകൊടുത്തത്ത് കരിന്തണ്ടൻ എന്ന ഒരു ആദിവാസിയാണ്. കരിന്തണ്ടന്റെ പിറകെ യാത്ര ചെയ്ത ബ്രിട്ടീഷ് എഞ്ചിനിയർ മലമുകളിൽ എത്തിയപ്പോൾ കരിന്തണ്ടനെ വെടിവച്ചുകൊന്നു. ആ വഴി കണ്ടെത്തിയതിന്റെ ഖ്യാതി സ്വന്തമാക്കുക എന്നതായിരുന്നു സായിപ്പിന്റെ ഉദ്ദേശ്യം. എന്നാൽ ചുരം നിർമ്മിച്ച് കഴിഞ്ഞപ്പോൾ കരിന്തണ്ടന്റെ ആത്മാവ് വഴിപോക്കരെ ശല്ല്യം ചെയ്യാൻ തുടങ്ങി. ഒടുവിൽ ഒരു മന്ത്രവാദി കരിന്തണ്ടന്റെ ആത്മാവിനെ ഒരു മരത്തിൽ ചങ്ങലയിൽ ബന്ധിപ്പിച്ചു എന്നാണ് പറയപ്പെടുന്നത്. ആ മരമാണ് ചങ്ങല മരം എന്ന് അറിയപ്പെടുന്നത്.
എത്തിച്ചേരാൻ വയനാട്ടിലെ പ്രമുഖ ടൗണുകളായ കൽപറ്റയിൽ നിന്ന് 16 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്ന് 41 കിലോമീറ്ററും മാനന്തവാടിയിൽ നിന്ന് 51 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. കോഴിക്കോട്, മൈസൂർ എന്നിവടങ്ങളിലാണ് റെയിൽവെ സ്റ്റേഷനുകൾ ഉള്ളത്.
താമരശ്ശേരി ചുരം കാണാം
https://www.facebook.com/Malayalivartha