ചരിത്രമുറങ്ങുന്ന പുരളിമല
യാത്രയില്‍ പുതുമ ഇഷ്ടപ്പെടുന്നവരാണ് ഇന്നത്തെ തലമുറ. പുതുമ മാത്രമല്ല സാഹസികതയും ഏറെ ഇഷ്ടപ്പെടുന്നു. യാത്രയുടെ ഓരോ നിമിഷവും ആസ്വദിക്കാനും പുതിയ കാര്യങ്ങള്‍ അറിയാനും ആഗ്രഹിക്കുന്നവരാണ്. പതിറ്റാണ്ടുകളായി പുറംലോകം അറിയാതെ കിടന്ന നിഗൂഢതകളുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പുരളിമല. വയനാട്ടിലും ഊട്ടിയിലും കൊടൈക്കനാലിലും വഴിഞ്ഞൊഴുകുന്ന പ്രകൃതി സൗന്ദര്യം തന്നെയാണ് കണ്ണെത്തും ദൂരത്തുള്ള പുരളിമലയും സഞ്ചാരികള്‍ക്കായി നല്‍കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1800 മുതല്‍ 3000 അടിവരെ ഉയരമുള്ളതാണ് ഈ മലനിരകള്‍. പുരളിമലയില്‍ ചിത്രവട്ടം എന്ന സ്ഥലമാണ് ഏറ്റവും ഉയര്‍ന്ന'ഭാഗം. പശ്ചിമഘട്ടമലനിരകളുടെ തുടര്‍ച്ചയാണ് പുരളിമല എന്നു പറയപ്പെടുന്നു. ഇവിടെ നിന്ന് നോക്കിയാല്‍ അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിക്കാനാവുമെന്നാണ് പഴമക്കാര്‍ പറയുന്നത്. അപൂര്‍വ സസ്യങ്ങളുടെയും പക്ഷികളുടെയും ആവാസകേന്ദ്രമാണിവിടം.
തലശ്ശേരികൂത്തുപറമ്പ്ഉരുവച്ചാല്‍ വഴിയും, കാക്കയങ്ങാട്മുഴക്കുന്ന്‌പെരിങ്ങാനം വഴിയും, തില്ലങ്കേരിആലാച്ചിമച്ചൂര്‍മല വഴിയും ഉളിയില്‍തെക്കംപൊയില്‍പള്ളിയംമച്ചൂര്‍ മല വഴിയും, അയ്യല്ലൂര്‍ശിവപുരംമാലൂര്‍ വഴിയും പുരളിമലയില്‍ എത്തിച്ചേരാം. ഏത് കൊടുംവേനലിലും നിലയ്ക്കാത്ത നീരുറവകളും ചെറു വെള്ളച്ചാട്ടങ്ങളും കൊച്ചരുവികളും ഇവിടെയുണ്ട്. ചരിത്രപരമായ വിശേഷണങ്ങളാല്‍ സമ്പന്നമാണ് പുരളിമല. കേരളവര്‍മ പഴശ്ശിരാജയുടെ സൈനികകേന്ദ്രമാണ് ഇതില്‍ പ്രധാനം. കുറിച്യ പടയാളികളുമൊത്ത് പുരളിമലയില്‍ ഒളിവില്‍ കഴിഞ്ഞ പഴശ്ശി രാജാവ് പിന്നീട് ബ്രിട്ടിഷ് പട്ടാളം വളഞ്ഞപ്പോള്‍ വയനാടന്‍ കുന്നുകളിലേക്കു രക്ഷപ്പെട്ടതായി ചരിത്രരേഖകള്‍ പറയുന്നു. ഹരിശ്ചന്ദ്രന്‍ കോട്ടയും കോട്ടയുടെ മറ്റ് അവശിഷ്ടങ്ങളും ഇപ്പോഴും കാണാം. കേരളത്തില്‍ ആദ്യമായി സ്ഥാപിച്ച 64 കളരികളില്‍ ഒന്നായ പിണ്ഡാലി ഗുരുക്കന്‍മാരുടെ കളരിക്കല്‍ കളരി സ്ഥിതി ചെയ്യുന്നത് പുരളിമലയുടെ താഴ്‌വരയിലാണ്. തിരുവിതാംകൂര്‍ മാര്‍ത്താണ്ഡവര്‍മ, കേരളവര്‍മ പഴശ്ശിരാജ തുടങ്ങിയ രാജാക്കന്‍മാര്‍ വരെ കളരി അഭ്യസിച്ച ഇവിടെ കതിരൂര്‍ ഗുരുക്കളും തച്ചോളി ഒതേനനും അങ്കം വെട്ടിയിരുന്നതായും പറയപ്പെടുന്നു.
മട്ടന്നൂരില്‍ നിന്നു തില്ലങ്കേരി വഴിയും മാലൂര്‍ വഴിയും ഈ പ്രദേശത്തെത്താം. താഴ്‌വാരത്ത് നിന്ന് മുകളിലോട്ട് സഞ്ചരിക്കും തോറും പ്രകൃതിയുടെ സൗന്ദര്യം കൂടുതല്‍ കൂടുതല്‍ ആസ്വദിക്കാം. രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും വളരെ അടുത്ത് സ്ഥിതിചെയ്യുന്ന പ്രദേശമായതിനാല്‍ വിദേശികള്‍ക്കും കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ സഞ്ചാരികള്‍ക്കും എളുപ്പം എത്തിച്ചേരാം. വിമാനത്താവളത്തിന്റെ പ്രധാന സിഗ്‌നല്‍ സ്‌റ്റേഷന്‍ സ്ഥിതിചെയ്യുന്നതും പുരളിമലയില്‍ തന്നെ. ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്നതും വിമാനത്താവളത്തിന്റെ അടുത്ത പ്രദേശവുമായതുകൊണ്ടാണ് സിഗ്‌നല്‍ സ്‌റ്റേഷന്‍ ഇവിടെ സ്ഥാപിച്ചത്.
https://www.facebook.com/Malayalivartha