തുഷാരഗിരിയിലേക്ക് ഒരു യാത്ര
തുഷാരഗിരി എന്ന സുന്ദരിയെകുറച്ച് ഒരു പരിചയപ്പെടുത്തലിന്റെയോ വിവരണങ്ങളുടെയോ ആവശ്യമില്ല. എന്നാല്‍ അടുത്ത കാലത്ത് അവിടെ പോകാത്തവര്‍ ഇനി പോകുമ്പോള്‍ ഒന്നു അമ്പരക്കും. കരണം എന്തെന്നറിയണ്ടേ. തുഷാരഗിരിയെയും നൂറാംതോടിനെ ബന്ധിപ്പിച്ച് ചാലിപ്പുഴക്ക് വലിയ ആര്‍ച്ച് പാലം വന്നിരിക്കുന്നു. ഭക്ഷിണേന്ത്യയിലെ തന്നെ എറ്റവും ഉയരം കൂടിയ ഈ പാലം കാണേണ്ട കാഴ്ചയാണ്. നിര്‍മാണ മികവിനുള്ള ഇന്ത്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഈ വര്‍ഷത്തെ അവാര്‍ഡ് ലഭിച്ച പാലമാണിത്.
തുഷാരഗിരിയുടെ പ്രത്യേകത ഈരാറ്റുമുക്ക്, മഴവില്‍ചാട്ടം, തുമ്പിതുള്ളുംപാറ എന്നീ മൂന്ന് വെള്ളച്ചാട്ടങ്ങളാണ്. കോടമഞ്ഞില്‍ കുളിച്ചുനില്‍ക്കുന്ന ഈ വെള്ളച്ചാട്ടം കാണാനും നിര്‍ത്താതെപെയ്യുന്ന മഴയില്‍ പുഴയിലൂടെ യാത്രചെയ്യാനും ദിവസവും നിരവധിപേര്‍ എത്തുന്നു. പാറക്കെട്ടുകള്‍ക്കും വെള്ളച്ചാട്ടങ്ങള്‍ക്കും ഇടയിലൂടെ മലകയറാനും പാറ കയറാനും അനുയോജ്യമാണ്. ഈ സാഹസികത യാത്രക്കാരെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നു. കോടമഞ്ഞ്, തണുത്ത കാറ്റ് എന്നിങ്ങനെ സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചകളാണ് തുഷാരഗിരി എന്നും സമ്മാനിക്കുന്നത്. ഒരിക്കല്‍ വരുന്നവരെ വീണ്ടും ആകര്‍ഷിക്കുന്ന എന്തോ ഒന്ന് ഇവിടെയുണ്ട്.
അകംപൊള്ളയായ താന്നി മുത്തശ്ശി മരം, ആര്‍ച്ച്പാലം, പല തരത്തിലുള്ള ചിത്രശലഭങ്ങള്‍, മിനി ജലവൈദ്യുതി പദ്ധതി, പുലിക്കയത്തെ ചെക്ക് ഡാം എന്നിങ്ങനെ മനം കവരുന്ന കാഴ്ചകളാണ് ഇവിടെയുളളത്. നാടന്‍ ഭക്ഷണശാലകളും താമസിക്കാന്‍ ഹോം സ്‌റ്റേ സൗകര്യവും ലഭ്യമാണ്. കോഴിക്കോട് നിന്ന് താമരശേരി-കോടഞ്ചേരി റൂട്ടില്‍ 52 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തുഷാരഗിരിയെത്താം. ബസ്സിന് വരുന്നവര്‍ക്ക് കോടഞ്ചേരിയില്‍ എത്തിയാല്‍ ജീപ്പ്, കാര്‍ തുടങ്ങിയവ വാടകയ്ക്ക് ലഭ്യമാണ്. 30 രൂപയാണ് ടിക്കറ്റ്. കുട്ടികള്‍ക്ക് 15 രൂപയും വിദേശികള്‍ക്ക് 50 രൂപയുമാണ് നിരക്ക്.
https://www.facebook.com/Malayalivartha