വയനാട് ചുരത്തിന് മുകളില്‍ ഇനി കേബിള്‍കാറില്‍ പറക്കാം
വയനാട് റോപ് വേ എന്ന കേബിള്‍ കാര്‍ സ്വപ്നപദ്ധതി രണ്ടുവര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്. വയനാടന്‍ ചുരത്തിന്റെ മാസ്മരിക സൗന്ദര്യം ഇനി വാനോളം ഉയരട്ടെ. ചുരത്തിന്റെ സൗന്ദര്യം ആസ്വദിച്ച് പറക്കാനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ മുന്നേറുകയാണ്. വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആണ് ഈ പദ്ധതിയുടെ അണിയറ പ്രവര്‍ത്തകര്‍. ഏപ്രില്‍ 15 ന് ദുബായിയില്‍ വച്ച് നടക്കുന്ന ഇന്‍വസ്റ്റേഴ്‌സ് മീറ്റിനുശേഷം കാര്യങ്ങള്‍ കൂടുതല്‍ വേഗത്തില്‍ പുരോഗമിക്കുമെന്ന് പ്രതീക്ഷിക്കാം. ദുബായ് മീറ്റിനുശേഷം കൊച്ചിയിലും സംഗമം നടത്തും. പദ്ധതിയുമായി സഹകരിക്കാമെന്ന് വിദേശമലയാളികളും കേരളത്തിലെ പ്രമുഖ സംരംഭകരും വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സിനെ ഇതിനോടകം തന്നെ അറിയിച്ചുകഴിഞ്ഞു.
പദ്ധതിയുടെ പ്രാഥമിക സര്‍വേ പൂര്‍ത്തിയായി. ഇനി വിശദമായ സര്‍വേ നടത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. കേന്ദ്ര സര്‍ക്കാരിന്റെ പ്രാഥമികാനുമതി നേടിക്കഴിഞ്ഞ ഈ പദ്ധതിക്ക് 50 കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട്, വയനാട് ഡി.ടി.പി.സി., ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നിവയുടെ സഹകരണമുണ്ടെന്ന് വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി പറഞ്ഞു. ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി, ജന. സെക്രട്ടറി ഇ.പി. മോഹന്‍ദാസ് എന്നിവരാണ് പദ്ധതിചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കുന്നത്.
വയനാട് ചുരം യാത്ര 18 മിനിട്ടിനുള്ളില് പൂര്‍ത്തിയാക്കാമെന്നതാണ് കേബിള് കാറിന്റെ പ്രത്യേകത. ചേംബര്‍ ഓഫ് കൊമേഴ്‌സ് രൂപവത്കരിച്ച പശ്ചിമഘട്ട വികസന കമ്പനിയായിരിക്കും പദ്ധതിക്ക് ചുക്കാന്‍ പിടിക്കുക. കേബിള്‍ കാറില് ആറുപേര്‍ക്ക് യാത്ര ചെയ്യാം. ഗതാഗതക്കുരുക്കില്ലാതെയും ഗട്ടറുകളെ ഭയക്കാതെയും ചുരം കയറുകയും ഇറങ്ങുകയും ചെയ്യാം. 10 മുതല് 15 വരെ ടവറുകള്‍ക്ക് മുകളിലൂടെയാണ് റോപ് വേ കടന്നുപോകുന്നത്. 80 കാബിനുകളാണ് തുടക്കത്തിലുണ്ടാവുക. 480 പേര്‍ക്ക് തുടര്‍ച്ചയായി യാത്ര ചെയ്യാവുന്നതാണ്.
വയനാട് ചുരം റോപ് വേ പൂര്‍ത്തിയായാല് ജില്ലയുടെ വിനോദ സഞ്ചാരമേഖലയില് വന്‍കുതിപ്പിന് വഴിയൊരുങ്ങും. എളുപ്പം വയനാട്ടില് വന്നുപോകുന്നതിനു പുറമെ ചുരത്തിന്റെ സൗന്ദര്യം ആകാശത്തു നിന്നാസ്വദിക്കാനും സാധിക്കും. റോപ് വേയ്ക്ക് താഴെ പൂമരങ്ങള്‍ വെച്ചുപിടിപ്പിച്ച് ചുരത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കും; സാധാരണക്കാര്‍ക്കു കൂടി അനുയോജ്യമായ വിധത്തില്‍ ദക്ഷിണേന്ത്യയിലെത്തന്നെ ആദ്യ റോപ് വേയായിരിക്കും വയനാടന്‍ ചുരത്തിലേത് എന്ന സവിശേഷതയും ഇതിനുണ്ട്.
https://www.facebook.com/Malayalivartha