കാട്ടുമൃഗങ്ങളെകണ്ടു കാടിന്റെ സൗന്ദര്യം അറിഞ്ഞുകൊണ്ടൊരു യാത്ര
സഹ്യാദ്രിയുടെ മടിത്തട്ടിൽ സുന്ദരിയായ പ്രകൃതിയുടെ തലോടൽ ഏറ്റ് പച്ചപുതച്ചുറങ്ങുകയാണ് പത്തനംതിട്ട ജില്ലാ. നിത്യഹരിതവണങ്ങളാൽ സമ്പുഷ്ടമാണിവിടം. പത്തനംതിട്ട ജില്ലയിലെ അതിമനോഹരമായ പ്രദേശങ്ങളിൽ ഒന്നാണ് ഗവി. ഓർഡിനറി എന്ന മലയാള സിനിമയിലൂടെ ഏവർക്കും പരിചിതമാണല്ലോ ഇവിടം. പെരിയാര്‍ വന്യ ജീവി സങ്കേതത്തില്‍പെട്ട പ്രദേശമാണ് ഗവി. പെരിയാര്‍ വനത്തിനുള്ളില്‍, ചെറിയൊരു അണക്കെട്ടിന്റെ പരിസരത്തായി ഒരുക്കിയ മനോഹരമായ ഒരു വിനോദസഞ്ചാരമേഖലയും കൂടിയാണ് ഗവി. ആസ്വദിക്കാൻ മനസ്സുള്ളവർക്ക് കാടും മലകളും കൊച്ചുകുന്നുകളും നീർചാലുകളും അണക്കെട്ടും പക്ഷികളുടെയും മൃഗങ്ങളുടെയും കലപിലയും കാട്ടുപൂക്കളുടെ മനംമയക്കുന്ന ഗന്ധവും കാടിന്റെ സംഗീതവും ഒക്കെ ആസ്വദിച്ചുള്ള ഒരു യാത്ര.
വനത്തിനുള്ളിലൂടെയുള്ള റോഡിലൂടെ 18 കിലോമീറ്റര്‍ സഞ്ചരിക്കണം ഗവിയിലെത്താന്‍. കടുവാസങ്കേതമായതിനാല്‍ ഇവിടെ സ്വകാര്യവാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്ര ദുസ്സഹവും സാഹസികവും ആണ്. ആനകൾ ഇറങ്ങിവന്ന് വാഹന തടസ്സം സൃഷ്ടിക്കാനുള്ള സാധ്യതയേറെ. കരിങ്കുരങ്ങുകളും മലയണ്ണാനും യഥേഷ്ടം വിഹരിക്കുന്നു. ഒരു വശത്ത് മനോഹരമായ മലനിരകള്‍. അവയ്ക്കിടയില്‍ ഷോലവനങ്ങള്‍. അധികം അകലെയല്ലാതെ, ഗവി അണക്കെട്ടും കാണാം. അണക്കെട്ടിന്റെ മറുവശത്തായി ഗ്രീന്‍ മാന്‍ഷന്‍ എന്ന പേരിലുള്ള സമുച്ചയത്തിലാണ് ടൂറിസം ഓഫീസ്. ജംഗിള്‍ ലോഡ്ജും ഈ കെട്ടിടത്തിലാണ്. സന്ദര്‍ശകര്‍ക്കായി 14 മുറികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. തൊട്ടുമുന്നിലായി ഭക്ഷണശാലയും ബോട്ടിങ് പോയിന്റും സജ്ജമാക്കിയിട്ടുണ്ട്. മറ്റെവിടെ നിന്നും ശ്വസിക്കാൻ കഴിയാത്ത പ്രത്യേക തരം ശുദ്ധ വായുവാണ് കാട്ടിലൂടെ സഞ്ചരിക്കുമ്പോൾ അനുഭവപ്പെടുക. ശുദ്ധവായു കിട്ടുക എന്നത് ഇന്നത്തെ കാലത്തു വലിയൊരു കാര്യമാണല്ലോ. കുന്നുകളും മലകളും കൊക്കകളും നീർചോലകളും ചില ദ്വീപ് സമൂഹങ്ങളെ അനുസ്മരിപ്പിക്കുന്ന അണക്കെട്ടുകളും കണ്ട് കൊണ്ട് യാത്ര ചെയ്യാം.
സമുദ്രനിരപ്പിൽനിന്ന് 3,400 അടി ഉയരത്തിലാണ് ഗവി സ്ഥിതി ചെയ്യുന്നത്. കൊടുംവേനലിൽ പോലും വൈകിട്ടായാൽ ചൂട് 10 ഡിഗ്രിയിലേക്ക് എത്തുന്ന പ്രദേശമാണിത്. ഇവിടെ ഒരു കുന്നിൻ പുറത്തു നിന്ന് നോക്കിയാൽ ശബരിമലയുടെ ഒരു വിദൂര ദർശനം ലഭിക്കും. ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത പൂക്കളും മരങ്ങളും പ്രകൃതിസ്നേഹികളെ ആകർഷിക്കാറുണ്ട്. മലമുഴക്കി വേഴാമ്പൽ, മരംകൊത്തി മുതലായ 323 തരം പക്ഷികളുടെ ഒരു സഞ്ചയം തന്നെയുണ്ടിവിടെ. കടുവ, ആന, പുലി, കരടി തുടങ്ങി പ്രധാന മൃഗങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ഈ മേഖല.
കിലോമീറ്ററുകളോളം നീളത്തിൽ കാടിന്റെ ഹൃദയത്തിലൂടെയുള്ള യാത്ര വിനോദ സഞ്ചാരികളിൽ പലർക്കും ഒരു നവ്യാനുഭവമാകും. ആനക്കൂട്ടങ്ങൾക്ക് പുറമേ നീലഗിരി താർ എന്ന വരയാട്, സിംഹവാലൻ കുരങ്ങ് ചിത്രശലഭങ്ങൾ എന്നിവയും കാട്ടിൽ വിഹരിക്കുന്നു. വന്യമൃഗങ്ങളെ കാണാനായി ട്രക്കിങ്ങിന് പോകാനും വനപാലകരുടെ സുരക്ഷയിൽ കാടിനുള്ളിലെ ടെന്റിൽ താമസിക്കാനും അവസരമുണ്ട്. ഇതിനു പുറമേ ബോട്ടിംഗിനും ജംഗിൾ സഫാരിയും സാധ്യമാണ്.വനം വകുപ്പിന്റെ ഇക്കോ-ടൂറിസം പദ്ധതി വിദേശി ടൂറിസ്റ്റുകളെയും ഇവിടേക്ക് ആകർഷിക്കുന്നു. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ എട്ടു തടാകങ്ങളിൽ ഒന്നാണ് ഗവിയിലേത്.
https://www.facebook.com/Malayalivartha