കാഴ്ചകളുടെ വാതായനങ്ങൾ തുറക്കുന്ന ആറാട്ടുപാറ
ചുരംകേറി വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് പുതിയ കാഴ്ചകളുടെ വാതായനങ്ങൾ തുറക്കുകയാണ് ആറാട്ടുപാറ എന്ന കന്മദം കിനിയുന്ന പാറക്കൂട്ടം. നൂറ്റാണ്ടുകള്‍കൊണ്ട് പാറക്കൂട്ടങ്ങളില്‍ സംഭവിച്ച പരിണാമമാണ് ഈ വിസ്മയം. കല്‍പ്പറ്റ–ബത്തേരി റൂട്ടില്‍ 12 കിലോമീറ്റര്‍ സഞ്ചരിച്ച് മീനങ്ങാടി 54ല്‍ എത്തി ഇവിടെനിന്ന് അമ്പലവയല്‍ റൂട്ടില്‍ നാലുകിലോമീറ്റര്‍ പോയാല്‍ കുമ്പളേരിയിലെ ആറാട്ടുപാറയിലെത്താം. മീനങ്ങാടി 54ല്‍നിന്ന് ബസ്സിലാണ് യാത്രയെങ്കില്‍ എ കെ ജി സ്റ്റോപ്പിലിറങ്ങണം. ഇവിടെനിന്നും 500 മീറ്റര്‍ നടന്നാല്‍ ആറാട്ടുപാറയുടെ ചുവട്ടിലെത്തും.
കമാന ആകൃതിയിലുള്ള വലിയ പാറക്ക് മുകളില്‍ മകുടപ്പാറ, പാറപ്പാലം, പക്ഷിപ്പാറ, മുനിയറകള്‍, ഗുഹകള്‍.... ഇങ്ങനെ നീളുന്നു കാഴ്ചകള്‍. താഴെനിന്നും ആയാസം കൂടാതെ പാറയുടെ മുകളിലെത്താം. ഇവിടെ നിന്നാല്‍ അമ്പുകുത്തിമലയും കാരപ്പുഴ ഡാമും ഫാന്റം റോക്കുമെല്ലാം കണ്‍മുന്നില്‍ തെളിയും. മനംമയക്കുന്ന കാഴ്ചകളാണ് പ്രകൃതി കാത്തുവച്ചിരിക്കുന്നത്.
ഏറ്റവും മുകളില്‍ കിരീടംപോലെ കാണപ്പെടുന്ന മകുടപ്പാറ ആറാട്ടുപാറയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതാണ്. താഴ്‌വാരത്തുള്ള ചെറുതും വലുതുമായ മുനിയറകള്‍ പാറയ്ക്ക് ചരിത്രപ്രാധാന്യവും നല്‍കുന്നു. പോയകാലത്തെ അളവുപാത്രമായ കൊളഗത്തിന്റെ ആകൃതിയിലുള്ള കൊളഗപ്പാറ, ചീങ്ങേരിപ്പാറ, എടകല്‍ ഗുഹ സ്ഥിതിചെയ്യുന്ന അമ്പുകുത്തിപ്പാറ, മഞ്ഞപ്പാറ, ഫാന്റം റോക് ഉള്‍പ്പെടുന്ന മട്ടിപ്പാറ എന്നിവ റോക് ഗാര്‍ഡന്റെ ഭാഗമാണ്. 300 മീറ്ററായിരുന്നു കമാനാകൃതിയിയിലുള്ള ആറാട്ടുപാറയുടെ നീളം. സമുദ്രനിരപ്പില്‍നിന്നു 3500 അടി ഉയരത്തിലാണിത്.
സ്വകാര്യവാഹനങ്ങളിലാണെങ്കില്‍ പാറയുടെ സമീപംവരെ പോകാം. റവന്യുവകുപ്പിന്റെ അധീനതയിലാണ് ഈ കേന്ദ്രം. ഇവിടുത്തെ ടൂറിസം സാധ്യതകള്‍ വേണ്ടവിധം പ്രയോജനപ്പെടുത്തിയിട്ടില്ല. ആറാട്ടുപാറ ടൂറിസം വകുപ്പ് ഏറ്റെടുത്ത് മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കണമെന്നാ ആവശ്യം ഉയർന്നു വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha