വശ്യമനോഹരിയായി ആഴിമല
പേര് സൂചിപ്പിക്കുന്നത് പോലെ ആഴിയും പാറക്കെട്ടുകളും സമ്മേളിക്കുന്നൊരിടം. അതാണ് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തിനടുത്തുള്ള ആഴിമലയുടെ സവിശേഷത. വൃത്തിയും വെടിപ്പുമുള്ള പഞ്ചാരമണല്‍ത്തരികളുള്ള കടല്‍ത്തീരം. തിരക്ക് കുറഞ്ഞ ഈ കടല്‍ത്തീരം ഏകാന്തത ആഗ്രഹിക്കുവര്‍ക്ക് ഏറെ ആഹ്ലാദം നല്കും. തിരുവനന്തപുരം നഗരത്തില്‍ നിന്ന് 20 കി.മി മാത്രമേ ദൂരമുള്ളൂ എങ്കിലും തദ്ദേശിയര്‍ക്ക് പോലും അത്ര പരിചിതമല്ല ഈ തീരം. തമ്പാന്നൂര്‍ ബസ്‌സ്റ്റാന്‍ഡില്‍ നിന്ന് വിഴിഞ്ഞം പൂര്‍വാര്‍ ബസില്‍ ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ ആഴിമലയില്‍ എത്താം.
നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുവര്‍ക്ക് വിനോദത്തോടൊപ്പം ആത്മീയതയും പകര്‍ന്നു നല്‍കുന്നതാണ് ഈ തീരം. പാറക്കെട്ടുകള്‍ക്ക് പിന്നില്‍ ഉയര്‍ന്ന സ്ഥലത്താണ് പ്രസിദ്ധമായ ആഴിമല മഹാദേവ ക്ഷേത്രം. കുടുംബസ്ഥനായ പരമശിവനാണ് പ്രതിഷ്ഠ. ശ്രീകോവിലിന് ഇടത്തും വലത്തുമായി ശ്രീപാര്‍വതിയുടേയും ഗണപതിയുടെയും ശ്രീകോവിലുണ്ട്. ദിവസേന നിരവധി ഭക്തര്‍ എത്തുന്ന ക്ഷേത്രത്തില്‍ കടലിന് അഭിമുഖമായി പരമശിവന്റെ കൂറ്റന്‍ പ്രതിമയുടെ പണി പുരോഗമിക്കുകയാണ്.
സീസണില്‍ സാമാന്യം തിരക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് ഇത്. സമീപത്തെ ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങളിലും ജനത്തിരക്കുണ്ടാവാറുണ്ട്. സൂര്യസ്നാനം നടത്താന്‍ എത്താറുള്ള വിദേശികളെ ലക്ഷ്യമിട്ട് സമീപത്തായി ടൂറിസ്റ്റ് കോട്ടേജുകള്‍ ഉണ്ട്. ശാന്ത സുന്ദരമായ ഈ സ്ഥലത്ത് വിദേശികളേയും സ്വദേശികളേയും ആകര്‍ഷിപ്പിക്കാന്‍ നിരവധി റിസോര്‍ട്ടുകളും സ്പാകളും ഉണ്ട്.
കടലിന്റെ സൗന്ദര്യം ആസ്വദിച്ച് സ്വയം മറക്കുന്നവര്‍ക്ക് ഇവിടുത്തെ വഴുവഴുപ്പുള്ള പാറക്കെട്ടുകളും അപ്രതീക്ഷിതമായി ആഞ്ഞടിക്കുന്ന തിരമാലകളും കടലിലെ ചുഴികളും കടലൊഴുക്കും ഭീഷണിയാകാറുണ്ട്. കരുതലോടെയുള്ള യാത്ര മികച്ച ഒരു യാത്രാനുഭവമാകും ആഴിമല.
അപൂര്‍വമായ കള്ളിമുള്‍ച്ചെടികളുടേയും പായാല്‍വര്‍ഗങ്ങളുടേയും പച്ചപ്പ്, കരിമ്പാറക്കൂട്ടങ്ങളുടെ ഗരിമ, നീലനിറമാര്‍ന്ന കടലും ആകാശവും, എല്ലാം കൂടി പ്രകൃതി നിറച്ചാര്‍ത്തുകൊണ്ട് മുഴുവന്‍ സൗന്ദര്യവും ചേര്‍ത്തുവച്ചിട്ടുണ്ട് ഈ തീരത്ത്. വിഴിഞ്ഞവും കോവളവും ശംഖുമുഖവുമെല്ലാം കണ്ടുമടുത്തെങ്കില്‍, ഇനി യാത്ര പോകാം ആഴിമലയുടെ സൗന്ദര്യം തേടി.
https://www.facebook.com/Malayalivartha