അഗസ്ത്യന്റെ മടിയിൽ തലചായ്ച് നെയ്യാർ
അഗസ്ത്യകൂടത്തിൽ നിന്നുമാണ് നെയ്യാർ ഉത്ഭവിക്കുന്നത്.അഗസ്ത്യമുനിയുടെ ആശ്രമത്തിൽ പൂജാദികാര്യങ്ങള്‍ക്കായി നെയ്യ് ഉപയോഗിച്ചിരുന്നു. പൂജ കഴിഞ്ഞ് ബാക്കി വരുന്ന നെയ്യ് ആശ്രമത്തിന് അടുത്തുളള ചാലിലൂടെ താഴേക്ക് ഒഴുകിയിരുന്നു.അങ്ങനെ നെയ്യ് താഴേക്ക് ഒഴുകിയിരുന്നതു കാരണം ജനങ്ങൾക്കു വെളളത്തിന് ബുദ്ധിമുട്ടായി.ജനങ്ങളുടെ ദുരിതം അറിഞ്ഞ അഗസ്ത്യമുനി നെയ്യ് വെളളമാക്കി മാറ്റി. അങ്ങനെ നെയ്യ് ഒഴുകിക്കൊണ്ടിരുന്ന ആർ പിന്നീട് നെയ്യാറായി ...
തിരുവനന്തപുരം സിറ്റിയില്‍ നിന്നും ഏകദേശം 30 കി.മി ദൂരത്താണ് നെയ്യാര്‍ വന്യജീവി സങ്കേതം.കേരളത്തിന്റെ തെക്കേ ഭാഗത്തായി, പശ്ചിമഘട്ടത്തിന്റെ തെക്കു കിഴക്കേ മൂലയിലാണ് നെയ്യാര്‍ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്. . 1958- ല്‍ തന്നെ ഇവിടം വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചിരുന്നെങ്കിലും വന്യജീവി സംരക്ഷണത്തിനായി അധികം ഒന്നും ചെയ്യുകയുണ്ടായില്ല. എന്നാല്‍ 1985-ല്‍ വന്യജീവി വിഭാഗം രൂപവത്‌ക്കരിച്ചതിനുശേഷമാണ് വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടിയത്.
12000 ഹെക്‌ടര്‍ വിസ്‌തീര്‍ണ്ണമുള്ള നെയ്യാര്‍ സങ്കേതത്തില്‍ നൈസര്‍ഗ്ഗിക സസ്യ ജാലങ്ങളുടെ ഒരു വന്‍ ശ്രേണിയാണുള്ളത്. ഇവിടത്തെ സസ്യജാലങ്ങളുടെ വൈവിധ്യം ഇതിനെ ജീന്‍പൂള്‍സംരക്ഷിതമേഖലയാക്കി തീര്‍ക്കുന്നു.
ആകര്‍ഷണങ്ങള്‍:
വൈവിധ്യം നിറഞ്ഞ കാഴ്ചകളാണ് നെയ്യാർഡാമിൽ നിങ്ങളെ കാത്തിരിക്കുന്നത്. ഡാം, പൂന്തോട്ടം, ചീങ്കണ്ണി വളർത്തൽ കേന്ദ്രം, ലയൺ സഫാരി പാർക്ക്, മാൻ പാർക്ക് എന്നിങ്ങനെ നെയ്യാർഡാമിനോടു ചേർന്ന് ഒരു ദിവസം ചുറ്റാനുള്ള നിരവധി ഇടങ്ങളുണ്ട്. കേരളത്തിൽ കൂടുകളിലല്ലാതെ സിംഹത്തെ കാണാൻ കഴിയുന്ന ഏക സ്ഥലമാണ് ഇവിടത്തെ ലയൺ സഫാരി പാർക്ക്.
നെയ്യാർഡാമിനാൽ ചുറ്റപ്പെട്ട വലിയ വേലിയോടു കൂടിയ 10 ഏക്കറോളം വരുന്ന ദ്വീപിലാണ് സിംഹങ്ങളെ പാർപ്പിച്ചിരിക്കുന്നത്. ഇവിടേക്ക് പോകണമെങ്കിൽ ബോട്ട് മാത്രമാണ് ആശ്രയം. പത്തു മിനിട്ട് ബോട്ട് യാത്രയ്ക്കു ശേഷം സഫാരി പാർക്കിലെത്തുന്നവരെക്കാത്ത് ചുറ്റും ഇരുമ്പഴി ഘടിപ്പിച്ച ഒരു മിനിബസ് കാത്തുകിടപ്പുണ്ടാകും. ബസിൽ കയറിയാൽ പിന്നെ സിംഹം കാട്ടിലും നമ്മൾ കൂട്ടിലുമാണ് (ഫെൻസ്ഡ് വെഹിക്കിൾ).മൂന്ന് പെൺസിംഹങ്ങളാണ് നിലവിൽ ഇതിനുള്ളിലുള്ളത്. ഡാമിന്റെ കാച്ച്മെന്റ് ഏരിയയിലാണ് ബോട്ട് ജെട്ടി. ഇവിടെയുള്ള ഇൻഫർമേഷൻ സെന്ററിൽ നിന്നും ടിക്കറ്റ് എടുക്കണം.
ഇവിടെ നിന്ന് ബോട്ടിൽതന്നെ ചീങ്കണ്ണി പാർക്കിലേക്ക് പോകാം . സ്റ്റീവ് ഇർവിന്റെ പേരിൽ മുൻപ് അറിയപ്പെട്ടിരുന്ന ഈ പാർക്ക് ഇപ്പോൾ അറിയപ്പെടുന്നത് അഗസ്ത്യ ചീങ്കണ്ണി പാർക്കെന്നാണ്. കൂട്ടിനുള്ളിലുള്ള ചീങ്കണ്ണിയാണ് ഇവിടത്തെ താരം.
അഞ്ചു മിനിട്ട് ട്രക്ക്ചെയ്‌താൽ മാൻ പാർക്കിലെത്താം. 160 ഓളം വരുന്ന പുള്ളിമാനുകളെ സ്വാഭാവിക വനത്തിനുള്ളിൽ സംരക്ഷിക്കുകയാണിവിടെ. മാനിന്റെ ഭക്ഷണം കട്ടുതിന്നാൻ വരുന്ന കുരങ്ങുകളേയും മാൻ പാർക്കിലെത്തുന്നവർക്ക് കാണാം. ഇതിനു പുറമേ നെയ്യാർഡാമിനുള്ളിൽ ജലസേചന വകുപ്പിന്റെ അക്വേറിയം, കുട്ടികൾക്കുള്ള പാർക്ക്, പൂന്തോട്ടം ഒക്കെയുണ്ട്. ഇതും സഞ്ചാരികൾക്ക് ചുറ്റിനടന്നു കാണാനാകും
കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം: ആനപ്പുറത്ത് കയറി ഒരു സവാരി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഡാമില്‍ നിന്ന് 8 കിലോമീറ്റര്‍ (ബോട്ടുമാര്‍ഗ്ഗമാണെങ്കില്‍ ഏകദേശം 2 കിലോമീറ്റര്‍) കൂടി സഞ്ചരിക്കാന്‍ തയാറായിക്കോളൂ. രണ്ടു കുട്ടിയാനകളും രണ്ടു വലിയ ആനകളും ഇവിടെ ഉണ്ട്.
തിരുവനന്തപുരം തമ്പാനൂരിൽനിന്ന് 31 കിലോമീറ്റർ ദൂരം പിന്നിട്ടാൽ നെയ്യാർഡാമിലെത്താം. ഒരു മണിക്കൂർ ബസ് യാത്ര മതിയാകും. തമ്പാനൂർ ബസ് സ്റ്റാൻഡിൽ നിന്നും നെയ്യാർഡാമിലേക്ക് കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസ് നടത്തുന്നുണ്ട്. നെയ്യാർഡാമിന്റെ കവാടം വരെ ബസ് ചെല്ലും.
https://www.facebook.com/Malayalivartha