ബാഹുബലിയും പഴശ്ശിരാജയും വാഴുന്ന കണ്ണവം വനം
നോക്കെത്താദൂരം പച്ചപ്പണിഞ്ഞ കൂറ്റന്‍ മരങ്ങള്‍ നിറഞ്ഞ വനം. വനാന്തര്‍ഭാഗത്ത് നിന്ന് ഒഴുകിയെത്തി പാറക്കെട്ടുകളില്‍ തട്ടി ശാന്തമായി ഒഴുകുന്ന പെരുവ പുഴ. കണ്ണിനും കാതിനും മനസ്സിനും കുളിരേകുന്ന പെരുവ വനപ്രദേശതേകുറിച്ചാണ് ഇവിടെ പറയുന്നത്. ഇപ്പോൾ ഇവിടം പ്രസിദ്ധമാകാൻ മറ്റൊരു വിഷയം കൂടിയുണ്ട്. ബാഹുബലി ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷൻ ഇവിടം ആയിരുന്നു. 2000 മുതല്‍ തന്നെ സിനിമാക്കാര്‍ കണ്ണവം വനത്തില്‍ ഷൂട്ടിങ്ങിനായെത്തിയിരുന്നു. അവരുടെ ഇഷ്ട ലൊക്കേഷൻ ആണ് ഈ വനം എന്ന് വേണമെങ്കിലും പറയാം. കണ്ണവം വനത്തിലെ പ്രകൃതിഭംഗിയാണ് സിനിമാക്കാരെ പെരുവയിലേക്ക് ആകര്‍ഷിച്ചത്.
കത്തുന്ന വേനല്‍ ചൂടേറ്റ് കണ്ണവത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ യാത്ര ചെയ്ത് ചങ്ങല ഗേറ്റിലെത്തുമ്പോള്‍ തന്നെ തണുത്ത കാറ്റ് ശരീരത്തെയും മനസ്സിനെയും തലോടി തുടങ്ങും. ചങ്ങലഗേറ്റില്‍ നിന്ന് പെരുവയിലേക്കുള്ള റോഡ് വനത്തില്‍ കൂടിയാണ് കടന്ന് പോകുന്നത്. 83.9893 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണ് കണ്ണവം വനമേഖലയ്ക്കുള്ളത്. ഇരുവശവും മരവും കാടുകളും നിറഞ്ഞ റോഡില്‍ കൂടിയുള്ള യാത്ര മറക്കാനാവാത്തതാണ്. ഈ റോഡില്‍ കൂടി രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പെരുവ വനത്തിലെത്താം.
പരസ്യ ചിത്രങ്ങളുടെയും മലയാളം, തമിഴ് ചിത്രങ്ങളുടെയും ചിത്രീകരണം ഇവിടെ നടന്നിരുന്നു. മമ്മൂട്ടി നായകനായ പഴശ്ശിരാജയുടെ പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചത് കണ്ണവം വനത്തിൽ തന്നെയാണ്. പഴശ്ശരിരാജയുടെ മനോഹരമായ ലൊക്കേഷന്‍ കണ്ട് ഇഷ്ടപ്പെട്ടാണ് ബാഹുബലിയുടെ രണ്ടാം ഭാഗം ചിത്രീകരണത്തിനായി പ്രസിദ്ധ സംവിധായകന്‍ എസ്.എസ്.രാജമൗലിയും സംഘവും ഇവിടെയെത്തിയത്. അങ്ങനെ കണ്ണവം വനം ഇപ്പോൾ താരപരിവേഷം അണിഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha