തലസ്ഥാന നഗരിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ തമ്പൂരാന്‍ തമ്പുരാട്ടിപാറ
തിരുവനന്തപുരം നഗരവും ചുറ്റുമുളള ഗ്രമാങ്ങളുടെ ഹരിതസൗന്ദര്യവും ആസ്വദിക്കാനായി നമുക്ക് തമ്പൂരാന്‍ പാറയിലേക്ക് പോകാം. തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന മദപുരത്താണ് തമ്പുരാന്‍ തമ്പുരാട്ടി പാറ സ്ഥിതി ചെയ്യുന്നത്. തലസ്ഥാന നഗരിയില്‍ അധികമാരും അറിയാത്ത ഈ പ്രദേശം സഞ്ചാരികള്‍ക്കായി അവിസ്മരണീയമായ കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്.
തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുന്ന തമ്പുരാന്‍ പാറയുടെ നെറുകയില്‍ എപ്പോഴും ശക്തിയായി കാറ്റുവീശിക്കൊണ്ടിരിക്കും. ഈ കാറ്റിന് നമ്മെ പിടിച്ചുകുലുക്കാന്‍ ശേഷിയുണ്ട്. തമ്പുരാന്‍ പാറയിലിരുന്ന് സൂര്യോദയവും അസ്തമയവും കാണുക എന്നത് അവസ്മരണീയമായ അനുഭവമായിരിക്കും. ഒരു ഗുഹാക്ഷേത്രം ഈ പാറയില്‍ സ്ഥിതിചെയ്യുന്നുണ്ട്. ശിവരാത്രിദിനത്തില്‍ ഇവിടെ പൂജ നടക്കാറുണ്ട്.
സ്ത്രീ സൗന്ദര്യം കടഞ്ഞെടുത്തതാണ് തമ്പുരാട്ടി പാറ. ഒരിക്കലും വറ്റാത്ത ഒരുനീരുറവ തമ്പുരാട്ടിപാറയുടെ മധ്യത്തിലായുണ്ട്. കടുത്ത വേനലില്‍ പോലും വറ്റാത്തതാണ് ഈ നീരുറവ.
തമ്പുരാന്‍ തമ്പുരാട്ടി പാറയിലേക്ക് എത്തിച്ചേരാന്‍ ഏറ്റവും അനുയോജ്യമായ സമയം വൈകുന്നേരമാണ്. രാജഭരണകാലത്ത് ഇവിടെ വിശ്രമിക്കാനായി രാജാക്കന്‍മാര്‍ എത്തിയിരുന്നതായി പഴമക്കാര്‍ പറയുന്നു. ഈ മനോഹരമായ പ്രദേശം സിനിമാചിത്രീകരണത്തിനും വളരെ അനുയോജ്യമാണ്.
തിരുവനന്തപുരത്തു നിന്ന് സംസ്ഥാനപാത വഴി 22 കിലോമീറ്ററും നെടുമങ്ങാട് വെമ്പായം റോഡ് വഴി എട്ടു കിലോമീറ്ററും സഞ്ചരിച്ചാല്‍ വെമ്പായം ജംഗ്ഷനില്‍ എത്തിച്ചേരാം. അവിടെ നിന്നു നാലു കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. ചെങ്കുത്തായ പ്രദേശത്തുകൂടി നടന്നു കയറിയാല്‍ പാറകളുടെ പ്രവേശന കവാടമാണ്. മുത്തിപ്പാറകള്‍ തമ്പുരാന്‍ തമ്പുരാട്ടി പാറകളുടെ അംഗരക്ഷകരായി നിലകൊളളുന്നു. ഇതുവഴിയാണ് തമ്പുരാട്ടി പാറയിലേക്ക് പ്രവേശിക്കുന്നത്.
https://www.facebook.com/Malayalivartha