കായലും കടലും സംഗമിക്കുന്ന പൂവാര്‍
കടലും കായലും സംഗമിക്കുന്ന മനോഹരമായ സ്ഥലം. തിരുവനന്തപുരം നഗരത്തില്‍ നിന്നും 27 കിലോമീറ്റര്‍ അകലെ കിഴക്കേ അറ്റത്ത് അറബിക്കടലിന്റെ തീരത്തായി സ്ഥിതിചെയ്യുന്ന പൂവാര്‍ ബീച്ച് വളരെ മനോഹരമായതും ആരെയും തന്നിലേക്കു അടുപ്പിക്കാൻ പോന്നവളുമാണ്. ശാന്തമായി വീക്കെന്‍ഡ് ആഘോഷിക്കുന്നവരുടെ സ്ഥിരം സങ്കേതം കൂടിയാണിവിടം. ഇവിടെവെച്ചാണ് നെയ്യാര്‍ നദി അറബിക്കടലുമായി സംഗമിക്കുന്നത്. കടലും കായലുമായുള്ള ഈ കൂടിച്ചേരൽ കാണാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കു പുറമേ , വിദേശ സഞ്ചാരികളും ഇവിടേക്കെത്തുന്നുണ്ട്. കോവളം ബീച്ച് പൂവാര്‍ ബീച്ചുമായി ഒരു അഴിയാല്‍ വേര്‍തിരിക്കപ്പെടുന്നത് ഇവിടെയാണ്. ചുരുക്കത്തിൽ പറഞ്ഞാൽ ഈ ദൃശ്യ വിരുന്നു ആസ്വദിക്കാനെത്തുന്നവർക് ഒരിക്കലും നിരാശരാകേണ്ടി വരില്ല.
പൂവാറിനു ഈ പേരു കിട്ടിയതിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. നേരത്തെ പോക്കുമൂസാപുരം എന്നായിരുന്നത്രെ പൂവാര്‍ അറിയപ്പെട്ടിരുന്നത്. എട്ടുവീട്ടില്‍ പിള്ളമാരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ട് പോക്കുമൂസാപുരം എന്ന സ്ഥലത്തെത്തിയ മാര്‍ത്താണ്ഡവര്‍മ്മ ഇളയരാജാവ് അവിടെയൊരു വീട്ടില്‍ അഭയം തേടുകയും. അവിടെവെച്ച് പുഴയിലിറങ്ങിയ അദ്ദേഹം ജലപ്പരപ്പില്‍ നിറഞ്ഞു പരന്നു കിടന്ന കൂവളപ്പൂക്കള്‍ കണ്ട് വിസ്മയിച്ചു. ആ ആവേശത്തില്‍ അദ്ദേഹം നദിയെ പുഷ്പനദി എന്നു വിളിച്ചു. പൂക്കള്‍ നിറഞ്ഞു കിടന്നിരുന്ന ആ നദിയുടെ പേരു കാലക്രമത്തില്‍ പൂവാറായി മാറിയതാണെന്ന് പറയപ്പെടുന്നു.
വേലിയേറ്റ സമയങ്ങളില്‍ കടലുമായി ബന്ധിപ്പിക്കുന്ന അഴിമുഖമാണ് പൂവാറിന്റെ പ്രത്യേകത. ഇവിടുത്തെ ഓരോ മണല്തരിക്കും പറയാൻ ഒത്തിരി ചരിത്ര വിശേഷങ്ങൾ ഉണ്ടാകും.
കായലും കടലും അതിരുപങ്കിടുന്ന അഴിമുഖം കാണാനാണ് സഞ്ചാരികള്‍ കൂടുതലായി എത്തിച്ചേരുന്നത്. ഒരു വശം ശാന്തമായ കായലും മറുവശം ആര്‍ത്തലച്ചെത്തുന്ന തിരമാലകളും കാണാന്‍ പ്രത്യേക ഭംഗിയാണ്. ഒരു കിലോമീറ്ററോളം ദൂരത്തില്‍ ഈ കാഴ്ച കാണാന്‍ സാധിക്കും. കടലിനും കായലിനുമൊപ്പം കണ്ടല്‍ക്കാടുകളും ഇവിടെ കാണപ്പെടുന്നു. ഇവിടെ ബോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കോവളത്തു നിന്നു 12 കിലോ മീറ്റര്‍ ദൂരമാണ് പുവാറിലേക്കുള്ളത്. പണ്ടുകാലത്ത് ഒരു വാണിജ്യ തുറമുഖമായിരുന്ന പൂവ്വാര്‍ ഇന്ന് സഞ്ചാരികൾക്കു പ്രിയങ്കരിയായ ടൂറിസ്റ്റ് കേന്ദ്രമാണ്. വേലിയേറ്റവും വേലിയിറക്കവും ശക്തമായതിനാല്‍ ഇവിടെ കടലില്‍ നീന്തല്‍ അത്ര സുരക്ഷിതമായ കാര്യമല്ല. കായലിന് ഇരുവശത്തും ഇടതിങ്ങിവളരുന്ന വിശാലമായ കണ്ടല്‍കാടുകളും പൂവാറിന്റെ പ്രത്യേകതയാണ്.
ശാന്തവും പ്രകൃതിരമണീയവുമാണ് പൂവാര്‍. കായലിലൂടെയുള്ള ബോട്ടിങ്ങും ഫ്‌ളോട്ടിംഗ് ഹട്ടുകളിലുള്ള താമസവും അടങ്ങുന്ന നിരവധി ടൂറിസം പാക്കേജുകള്‍ സഞ്ചാരികള്‍ക്കായി പൂവാറിലുണ്ട്. നിരവധി റിസോര്‍ട്ടുകളും ഇവിടെയുണ്ട്.
https://www.facebook.com/Malayalivartha