മഴയുടെ സ്വന്തം നാട്ടിലേക്കൊരു യാത്ര
മഴയില്‍ പീലിവിടര്‍ത്തുന്ന മയിലാണ് ചിറാപുഞ്ചി. മഴ കാണാന്‍ മറ്റെവിടെ പോകാന്‍? ലോകത്തിന്റെ 'റെയിന്‍ കാപ്പിറ്റല്‍' (മഴയുടെ തലസ്ഥാനം) എന്ന വിശേഷണം ചിറാപുഞ്ചിയ്ക്കാണ് ഇന്നും. കിഴക്കിന്റെ സ്‌കോട്‌ലന്‍ഡ് എന്ന വിശേഷണമൊക്കെ ചിറാപുഞ്ചിയുടെ മേല്‍ ബ്രിട്ടീഷുകാര്‍ ചാര്‍ത്തിയതാവണം.
വേനലില്‍ പോലും പൂത്തു നില്‍ക്കുന്ന മലനിരകളും മഴക്കാടുകളും ജലപാതങ്ങളുമുള്ള ചിറാപുഞ്ചിക്ക് അത് തീര്‍ത്തും അപര്യാപ്തമായ ഉപമയാണ്. മണ്‍സൂണെത്തുന്നതോടെ അവള്‍ കൂടുതല്‍ സുന്ദരിയാവുന്നു. സാഹസവും ആഹ്ലാദവും നിറഞ്ഞ ഒരു മണ്‍സൂണ്‍ അവധിക്കാലം ആഗ്രഹിക്കുന്നവര്‍ക്ക് ചിറാപുഞ്ചിയേക്കാള്‍ പറ്റിയ ഒരിടം വേറെയില്ല. അസമില്‍ നിന്നാണ് മേഘാലയയിലേക്കു പ്രവേശിക്കേണ്ടത്. ഗുവാഹത്തിയില്‍ നിന്ന് ഷില്ലോങ്ങിലേക്കും അവിടെ നിന്ന് ചിറാപുഞ്ചിയിലേക്കും പോകാം. വലിയ മലനിരകളുടെ മുകള്‍ത്തട്ടിലാണ് ഈ പ്രദേശം. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ബംഗ്ലാദേശിലേക്കു കയറി സമതലങ്ങളിലൂടെ വടക്കോട്ടു സഞ്ചരിക്കുന്ന മണ്‍സൂണ്‍ മേഘങ്ങളെ പൊടുന്നനെ കോട്ട കെട്ടിയ പോലെ 4500 അടി ഉയരത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിറാപുഞ്ചി മലനിരകള്‍ തടയുന്നു.
മഴമേഘങ്ങള്‍ക്കു പോലും മറികടക്കാനാവാത്ത നെടുങ്കോട്ട. അവിടെ പെയ്‌തൊഴിയുകയല്ലാതെ ആ മേഘങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാനില്ല. 100-120 ച.കി.മീ വരുന്ന ചിറാപുഞ്ചി മേഖലയിലെ കഴിഞ്ഞ മുപ്പത്തേഴു വര്‍ഷത്തെ മഴയുടെ ശരാശരി അളവ് 11820.8 മില്ലിമീറ്ററാണ്. (ലോകപ്രശസ്തമായ മറ്റൊരു മഴമേഖലയായ ഹവായിലെ വീയാലിയല്‍ ദ്വീപില്‍ മഴ വീഴുന്ന ഭൂവിസ്തൃതി വെറും അഞ്ചു ച.കി.മീ മാത്രമാണ് എന്നറിയുമ്പോഴാണ് ഇതിന്റെ വലുപ്പം മനസ്സിലാവുക). ചിറാപുഞ്ചിയോട് തോളുരുമ്മി നില്‍ക്കുന്ന മൗസിന്‍റാമും ലോകത്തെ ഈറന്‍ ദേശങ്ങളില്‍ പ്രശസ്തമാണ്.
https://www.facebook.com/Malayalivartha