കാടിന്റെ വശ്യതയിൽ നീന്തി തുടിക്കാൻ മങ്കയം വെള്ളച്ചാട്ടം
കാടിനു നടുവിലൂടെ കാണികൾക്കു മുന്നിലേക്ക് അലസമായി ഒഴുകിയെത്തുന്ന മങ്കയം വെള്ളച്ചാട്ടം കാടിന്റെ വരദാനമാണ് എന്നു പറയാം. ഹൃദയഹാരിയായ മങ്കയം വെള്ളച്ചാട്ടം കാണാൻ വര്‍ഷം മുഴുവന്‍ ഇവിടെ സഞ്ചാരികളെത്തുന്നു. തിരുവനന്തപുരത്ത് നെടുമങ്ങാട് താലൂക്കില്‍ പാലോടിനു സമീപമാണ് ഈ വെള്ളച്ചാട്ടം. സംസ്ഥാന വനം വകുപ്പ് ഇവിടം ഒരു ഇക്കോ ടൂറിസം കേന്ദ്രമായി അടുത്ത കാലത്ത് പ്രഖ്യാപിക്കുകയുണ്ടായി. വനം വകുപ്പിന്റെ കീഴിലുള്ള വനസംരക്ഷണ സമിതിയാണ് മങ്കയത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ സമീപം വരെ വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കുന്നതിനാല്‍ ഇവിടെ എത്തിച്ചേരാന്‍ ബുദ്ധിമുട്ടില്ല.
ചേറുഞ്ചിയില്‍ നിന്നുത്ഭവിച്ച് ബ്രൈമൂര്‍ വന മേഖലയിലൂടെ ഒഴുകി വരുന്ന നദിയാണ് ചിറ്റാര്‍. ഈ നദിയുടെ കൈവഴിയാണ് മങ്കയം. മങ്കയം തോട്ടില്‍ രണ്ട് വെള്ളച്ചാട്ടങ്ങളുണ്ട്. - കല്‍ക്കയവും കുരിശ്ശടിയും. ഇവ കാണാന്‍ വ്യൂ പോയിന്റുകള്‍ അധികൃതര്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒരു വെള്ളച്ചാട്ടത്തിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടതെല്ലൊം ഒരുക്കിയാണ് മങ്കയം കാത്തിരിക്കുന്നത്. നുഷ്യന്റെ കൃത്രിമത്വങ്ങള്‍ ഇതുവരെയും മങ്കയത്തെ തൊട്ടു തീണ്ടിയിട്ടില്ല. അതിനാല്‍ പ്രകൃതിയെ പ്രകൃതിയായി തന്നെ കണ്ട് അനുഭവിച്ച് പോരാന്‍ ഇവിടെയെത്തുന്നവര്‍ക്ക് സാധിക്കും. വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കുറ്റിച്ചെടികള്‍ മുതല്‍ വന്‍മരങ്ങള്‍ വരെ നിറഞ്ഞ വനഭൂമിയിലൂടെ ഒഴുകി വരുന്നത് കാണുമ്പോൾത്തന്നെ മനസിനും ശരീരത്തിനും ഒരുപോലെ കുളിർമ അനുഭവപ്പെടും.
മങ്കയത്തു നിന്ന് സമീപത്തെ കുന്നിന്‍ പ്രദേശത്ത് ട്രക്കിംഗ് നടത്താവുന്നതാണ്. ഇരുതല മൂല - അയ്യമ്പന്‍പാറ ട്രക്കിംഗ് അരദിവസം നീളും. അയ്യമ്പാറയില്‍ മറ്റൊരു വെള്ളച്ചാട്ടവും കാണാം. അല്‍പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് അയ്യമ്പന്‍പാറ - വരയാട്ടിന്‍ മൊട്ട ട്രക്കിംഗ് നടത്താം. വംശനാശ ഭീക്ഷണിയുള്ള വരയാടുകളെ ഇവിടെ കാണാനാവും. ട്രക്കിംഗിനും താമസത്തിനും പരിശീലനം സിദ്ധിച്ച ഗൈഡുകളുടെ സേവനം സ്വീകരിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha