കോവളം തെക്കിന്റെ പറുദീസ
ഇന്ത്യയിലെ പ്രശസ്തമായ ബീച്ചുകളിലൊന്നാണ് കോവളം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അറബിക്കടലിന്റെ ഓരം ചേര്‍ന്നിരിക്കുന്ന സ്വപ്നസുന്ദരിയാണ് കോവളം ബീച്ച്. കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്നും കേവലം 16 കിലോമീറ്റര്‍ മാത്രം ദൂരത്താണ് സഞ്ചാരികളുടെ സ്വപ്നഭൂമിയായ കോവളം കടല്‍ത്തീരം. തെങ്ങിന്‍കൂട്ടങ്ങള്‍ നിറഞ്ഞ കോവളത്തിന് എത്രയും ചേരുന്നതാണ് ഈ പേര്. കാശ്മീരിനെ ഭൂമിയിലെ സ്വര്‍ഗം എന്നു വിശേഷിപ്പിക്കുന്ന സഞ്ചാരികള്‍ കോവളത്തിനെ വിളിക്കുന്നത് തെക്കിന്റെ പറുദീസ എന്നാണ്, എത്രയും അര്‍ത്ഥവത്തായ വിളിപ്പേര്.
ബീച്ചുകളാണ് കോവളത്തിന്റെ എല്ലാം. മനോഹരമായ കോവളം ബീച്ചുകളിലൂടെയുള്ള ഒരു നടത്ത ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവെക്കാനുള്ള ഒന്നായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരുവശത്ത് പച്ചപ്പും മറുവശത്ത് അറബിക്കടലിന്റെ മനോഹാരിതയും തുളുമ്പുന്ന കോവളം അത്യപൂര്‍വ്വമായ കാഴ്ചയാകുമെന്ന കാര്യമുറപ്പ്. മൂന്ന് പ്രധാന ബീച്ചുകളാണ് കോവളത്തുള്ളത്. ഒന്നുകില്‍ വളരെ കാലത്തെയോ അല്ലെങ്കില്‍ വൈകുന്നേരങ്ങളോ ആണ് ബീച്ചുകള്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യം. മോണസൈറ്റും ഇല്‍മനേറ്റും കലര്‍ന്ന് കറുപ്പുനിറത്തിലാണ് കോവളത്തെ മണല്‍ കാണപ്പെടുന്നത് എന്നതാണ് രസകരമായ ഒരു വസ്തുത.
മൂന്ന് ബീച്ചുകളും ചേര്‍ന്ന് ഏകദേശം 17 കിലോമീറ്റര്‍ കടല്‍ത്തീരമാണ് കോവളത്തിന് നല്‍കുന്നത്. പാറക്കെട്ടുകള്‍ കൊണ്ടാണ് മൂന്ന് ബീച്ചുകളും വേര്‍തിരിക്കപ്പെട്ടിരിക്കുന്നത്. ലൈറ്റ് ഹൗസ് ബീച്ച്, ഹവ്വാ ബീച്ച്, സമുദ്ര ബീച്ച് എന്നിവയില്‍ക്കൂടെ പാറക്കൂട്ടങ്ങള്‍ മറികടന്ന് ഓടിത്തിമിര്‍ക്കുന്നത് വളരെയധികം സൂക്ഷിച്ചുവേണം എന്നത് എടുത്തുപറയേണ്ടതില്ലല്ലോ. ഓരോ ബീച്ചുകളും ഓരോ അനുഭവമാണ്. അതുകൊണ്ടുതന്നെ ഓരോ ബീച്ചിലേക്കും പ്രത്യേകമായി യാത്രപോകുകയാവും നല്ലത്.
മൂന്ന് ബീച്ചുകളിലും വച്ച് ഏറ്റവും വലുത് ലൈറ്റ്ഹൗസ് ബീച്ചാണ്. കുരുംകല്‍ കുന്നിന്‍മുകളിലെ 35 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കൂറ്റന്‍ ലൈറ്റ് ഹൗസാണ് ഈ ബീച്ചിന് ഈ പേര് സമ്മാനിച്ചത്. ഹവ്വാ ബീച്ചാണ് വലിപ്പത്തിന്റെ കാര്യത്തില്‍ രണ്ടാമത്തേത്. കൂടുതലും വിദേശികളാണ് ഈ ബീച്ചിലുണ്ടാകുക. ഇന്ത്യയിലെ ഒരേയൊരു ടോപ് ലെസ് സണ്‍ബാത്തിംഗ് ബീച്ച് കൂടിയാണ് കോവളത്തെ ഹവ്വാ ബീച്ച്. എന്നിരിക്കിലും ടോപ് ലെസ്സായി കടലില്‍ കുളിക്കുന്നതിന് ഇപ്പോള്‍ നിരോധനമുണ്ട്. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത ചില പ്രൈവറ്റ് റിസോര്‍ട്ടുകള്‍ മാത്രമാണ് ടോപ് ലെസ്സായി കടലില്‍ കുളിക്കാനും സൂര്യസ്‌നാനത്തിനും അവസരം നല്‍കുന്നത്. ഈ രണ്ട് ബീച്ചുകളിലുമാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുന്നത്.
കടല്‍ത്തീരത്തിന്റെ വടക്കേ ഭാഗത്തായാണ് സമുദ്ര ബീച്ച് സ്ഥിതിചെയ്യുന്നത്. മറ്റ് രണ്ട് ബീച്ചുകളിലേയുമെന്ന പോലെ ആള്‍ത്തിരക്കും ആക്ടിവിറ്റീസും നിറഞ്ഞതല്ല സമുദ്ര ബീച്ച്. ഇക്കാരണം കൊണ്ടുതന്നെ മത്സ്യബന്ധനം നടത്തുന്ന മുക്കുവരെയാണ് ഇവിടെ കൂടുതലായും കാണാന്‍ കഴിയുക. ഇവയ്ക്കുപുറമേ കോവളം തീരത്ത് ഉള്ള മറ്റൊരു ബീച്ചാണ് അശോക ബീച്ച്. അധികം സഞ്ചാരികള്‍ പോകാറില്ലാത്ത അശോക ബീച്ചാണ് കമിതാക്കളുടെ ഇഷ്ടകേന്ദ്രം. സെപ്റ്റംബര്‍ - മെയ് മാസങ്ങളിലാണ് കോവളത്തെ ബീച്ചുകള്‍ തിരക്കേറുന്നത്
https://www.facebook.com/Malayalivartha