അനന്തപുരം ക്ഷേത്ര തടാകത്തിലെ സസ്യഭുക്കായ ബബിയ എന്ന മുതല
കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് കാസർക്കോട് ജില്ലയിലെ അനന്തപുരം ക്ഷേത്രം. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മൂലസ്ഥാനമാണ് ഈ ക്ഷേത്രം. ശര്‍ക്കര, മെഴുക്, ഗോതമ്പ് പൊടി, നല്ലെണ്ണ എന്നിവ ചേർത്ത
കടുശർക്കരയോഗമെന്ന പുരാതന വിഗ്രഹശൈലിയിലാണ് ഇവിടുത്തെ വിഗ്രഹം നിർമിച്ചിരിക്കുന്നത്.
മനോഹരമായ ഒരു തടാകത്തിന്റെ മദ്ധ്യത്തിൽ സവിശേഷമായ വാസ്തുവിദ്യയിൽ നിർമ്മിച്ച ക്ഷേത്രത്തിന്റെ പ്രശസ്തിയുടെ ഒരു കാരണം തടാകത്തിലുള്ള ബബിയ എന്ന പ്രായം ചെന്ന മുതലയാണ്. പൂര്‍ണമായും വെജിറ്റേറിയനാണ് ബാബിയ എന്ന ഈ മുതല. ക്ഷേത്രത്തിലെ പ്രസാദവും ശര്‍ക്കരയും അരിയുമെല്ലാമാണ് ഈ മുതലയുടെ ഭക്ഷണം.പണ്ട് മുതല്‍ തടാകത്തില്‍ ഉണ്ടായിരുന്ന മുതലയെ ബ്രിട്ടീഷുകാരുടെ കാലത്ത് വെടിവെച്ച് കൊന്നെങ്കിലും പിന്നീട് വീണ്ടും പ്രത്യക്ഷപ്പെട്ടതാണത്രേ ഈ മുതല.
ഇതുവരേയും ബാബിയ ആരേയും ഉപദ്രവിച്ചിട്ടില്ല. തടാകത്തിലെ മീനിനെ പോലും മുതല ഭക്ഷിക്കാറില്ലെന്നാണ് ക്ഷേത്രത്തിലെ പൂജാരി പറയുന്നത്.
തടാകത്തില്‍ ബാബിയയെ കാണുന്നത് ഭാഗ്യവും പുണ്യവുമായാണ് ഭക്തജനങ്ങള്‍ കണക്കാക്കുന്നത്. എല്ലാവര്‍ക്കും ബാബിയയെ കാണാനാവില്ല. കാണുന്നവർ ബാബിയയെ തൊട്ട് തൊഴുത് അനുഗ്രഹം വാങ്ങുന്നു.
അനന്തപുരം തടാക ക്ഷേത്രത്തിനുമുണ്ട് ഒരു ഐതിഹ്യം -അതിങ്ങനെയാണ്
'വില്ല്വമംഗലം സ്വാമിയായിരുന്നു ഈ ക്ഷേത്രത്തില്‍ പൂജ നടത്തിയിരുന്നത്. ഇദ്ദേഹത്തെ സഹായിക്കാന്‍ ഒരു ബാലനും ഉണ്ടായിരുന്നു. ബാലനോട് സ്വാമിക്ക് പുത്രവാത്സല്യമാണ് ഉണ്ടായിരുന്നത്. ഒരിക്കൽ പൂജക്കിടയിൽ വികൃതി കാണിച്ച ബാലനെ വില്ല്വമംഗലം തള്ളി മാറ്റി. ഇതിനെത്തുടര്‍ന്ന് ശുണ്ഠി പിടിച്ച ബാലന്‍ തന്നെ കാണണമെങ്കില്‍ അനന്തന്‍ കാട്ടില്‍ വരണമെന്ന് പറഞ്ഞ് അപ്രത്യക്ഷമായി.ബാലന്‍ മഹാവിഷ്ണുവാണെന്ന് മനസ്സിലാക്കിയ വില്ല്വമംഗലം തെക്കോട്ട് യാത്രയായി. അനന്തന്‍ കാട്ടില്‍ വെച്ച് ബാലനെ കാണുകയും അവിടെ അനന്തപത്മനാഭനെ പ്രതിഷ്ഠിക്കുകയുമായിരുന്നു. അതാണ് ഇന്നത്തെ അനന്തപത്മനാഭ സ്വാമി ക്ഷേത്രം '
https://www.facebook.com/Malayalivartha