നാൽപ്പതു ഹെയർ പിൻ കയറിയൊരു മൺസൂൺ കാനന യാത്ര - വാൾപ്പാറയിലേക്ക്
ആതിരപ്പള്ളി വാഴിച്ചാൽ എന്നിവിടങ്ങളിൽ പോകാത്തവർ ചുരുക്കമായിരിക്കും. എന്നാൽ വാഴിച്ചാലിനുമപ്പുറത്തേക്ക് ഒരു കാനന യാത്ര ചെയ്താലോ. വാഴിച്ചാലിനപ്പുറം വാൾപ്പാറ മലക്കപ്പാറ എന്നിവിടങ്ങളിലേക്ക് പോകാം. ആനമല എന്ന മലനിരയുടെ ഭാഗമാണ് ഈ പ്രദേശം. പ്രകൃതിയെയും കാടിനേയും അടുത്തറിഞ്ഞു കൊണ്ടുള്ളൊരു യാത്ര എത്ര സുഖകരമായിരിക്കും അത്. യാത്രയിൽ മാനുകളെയും മയിലുകളേയും ഒപ്പം കാണാത്ത നിരവധി പക്ഷികളെയും കണ്ട് കണ്ണും മനസ്സുമെല്ലാം നിറച്ചു വരാം. നമുക്ക് പൊളളാച്ചി വഴി വാൾപ്പാറയിലേക്കും അവിടെ നിന്നും മലക്കപ്പാറയിലേക്കും പോയി വരാം.കാട്ടിലേക്ക് കടക്കുന്ന ചെക്പോസ്റ്റ് ആളിയാർ ഡാമിന് താഴെയാണ് സ്ഥിതിചെയ്യുന്നത്. ചെക്ക്പോസ്റ്റ് കടന്നാൽ കുറേ ദൂരം സഞ്ചരിക്കുന്നത് നല്ല രസമാണ്. ഡാമിന്റെ വശങ്ങളിലൂടെയുളള യാത്ര കണ്ണിലും മനസ്സിലും വീണ്ടും കുളിരു കോരിയിട്ടു. ഡാമിൻെറ താഴെ നിന്നും ഹെയർപിൻ കയറിയുളള യാത്ര ആരെയും രസിപ്പിക്കുന്നതാണ്.
മലയുടെ മുകളിൽ ചെന്നാൽ വന്യമൃഗങ്ങളെ കാണാൻ കഴിയും. വന്യമൃഗങ്ങൾ മാത്രമല്ല ധാരാളം പേരറിയാത്ത പക്ഷികളെയും കാണാൻ കഴിയും. മയിലുകളുടെ നൃത്തവും അതുപോലെ മനോഹരമായ കിളിക്കൊഞ്ചലും ഒക്കെ നമുക്ക് അനുഭവവേദ്യമാകും. ഓരോ ഹെയർപിൻ വളവ് കഴിയുമ്പോഴും മാറിക്കൊണ്ടിരിക്കുന്ന അന്തരീക്ഷം അതാണ് ഈ യാത്രയുടെ ത്രില്ലും.
വാൾപ്പാറയിൽനിന്ന് മലക്കപ്പാറ പോകുമ്പോഴാണ് അപ്പർ ഷോളയാർ ഡാം സ്ഥിതി ചെയ്യുന്നത്. ഇവിടേക്കുള്ള യാത്രയിൽ ഇരുവശവും തേയില ചെടികളാണ്. മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായതും സവിശേഷമായതും ആയ ആകൃതിയും ഹരിതഭംഗിയും ഇവിടെ കാണാനായി. നിത്യേനയുള്ള തിരക്കുകൾ നമുക് സമ്മാനിക്കുന്ന മാനസിക സമ്മർദ്ദവും നിരാശയും പരിഹരിക്കാനുതകുന്ന കാഴ്ചകള്‍. തോട്ടങ്ങൾക്കിടയിലൂടെ ഒഴുകുന്ന ഒരു അരുവി അതാണ് കൂലങ്കല്‍ പുഴ. ചായത്തോട്ടങ്ങൾക് നടുവിലൂടെയുള്ള നദിയുടെ ഒഴുക്ക് ആരെയും കുറച്ചുനേരം അവിടെ പിടിച്ചു നിർത്തും.
'നീരാർ ഡാം'ലേക് വാൾപാറ ടൗണിൽ നിന്ന് 15 km ദൂരമുണ്ട്. 'നീരാർ ഡാം' ഒരു ചെറിയ ഡാമാണ് പക്ഷെ ധാരാളം വെള്ളമുണ്ട്. വേനൽക്കാലത്തും മഴക്കാലത്തും ഒരുപോലെ ഇവിടെ വെള്ളമുണ്ടാകും എന്നതും ഇതിന്റെ സവിശേഷതയാണ്. ഇവിടെ നിന്നും ഷോളയാർ വരെ നീണ്ടു പോകുന്ന ഒരു തുരങ്കമുണ്ട്. ആരെയും പേടിപ്പെടുത്തുന്ന ഇരുട്ട് നിറഞ്ഞ ഒന്നാണത്. നാൽപ്പതു ഹെയർ പിൻ വളവുകയറിവേണം വാൽപ്പാറയിലെത്താൻ. യാത്രയിൽ ഉടനീളം നമുക്ക് വാനരന്മാരെയും ബഹുവർണ്ണ നിറത്തിലുള്ള കോഴികളെയും ഒക്കെ കാണാൻ സാധിക്കും. കാടിന്റെ തണുപ്പും കാറ്റുമേറ്റുകൊണ്ടുള്ളൊരു യാത്ര, മനസും ശരീരവും ഒരുപോലെ കുളിരുന്നൊരു യാത്ര അതാണ് വാൾപ്പാറ മലക്കപ്പാറ യാത്ര.
https://www.facebook.com/Malayalivartha