മഴയെയും മഞ്ഞിനേയും പുണർന്നുകൊണ്ടൊരു മഴ സവാരി
മഴ പൊതുവെ എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണല്ലോ. ജീവിതത്തിൽ ഒരിക്കലെങ്കിലും മഴയെ പ്രണയിക്കാത്തവർ ആരുമുണ്ടാവില്ല. മഴ നമ്മുടെ ജീവിതത്തിൽ വൈകാരികവും ഓർമ്മയിൽ സൂക്ഷിക്കാവുന്നതുമായ നനുത്ത ഓർമ്മകൾ സമ്മാനിക്കാറുണ്ട്. മഴക്കാലം വീടിനുള്ളിൽ ചുരുണ്ടു കുടാനുള്ളതല്ല. മഴയത്തും നമുക്ക് യാത്രകൾ ചെയ്തു ജീവിതം ആസ്വദിക്കാം. മഴക്കാലത്തു പോകാൻ പറ്റിയ ചില സ്ഥലങ്ങൾ നമുക് ഇന്ന് പരിചയപ്പെടാം.
പെരുമഴക്കാലത്തു മലകയറണം എന്നൊരു ശൈലി തന്നെയുണ്ട്. ഹിൽസ്റ്റേഷനിൽ പോയി അവിടുത്തെ മഴയെ പുണരണം അതിൽ നനഞ്ഞു കയറി നെരിപ്പോടിനരികിൽ തീ കാഞ്ഞിരിക്കുന്ന ഒരു സുഖം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ?
ടോപ് സ്റ്റേഷനിലെ സ്വർഗ്ഗമഴ
ഇടുക്കിയിലെ ഹൈറേൻജ് കയറി അവിടുത്തെ മഴയുടെ താളം ആസ്വദിക്കാം. മൂന്നാറിൽനിന്നു 32 കിലോമീറ്റർ അകലെ മൂന്നാർ- കോവിലൂർ റോഡിലാണു ടോപ്സ്റ്റേഷൻ. ഇവിടെ ആകാശത്തുനിന്നും മഴ നേരിട്ട് നമ്മിൽ അലിഞ്ഞു ചേരുന്നു. ടോപ്സ്റ്റേഷനിൽ. മിക്കപ്പോഴും മഞ്ഞുമഴയായിരിക്കും. അതിന്റെ തണുപ്പറിഞ്ഞൊന്നു നനയണം. സമുദ്രനിരപ്പിൽനിന്ന് 1770 അടി ഉയരത്തിലാണു ടോപ്സ്റ്റേഷൻ. ഇവിടെനിന്നാൽ അങ്ങു താഴ്വരയിൽ മഴ പെയ്യുന്നതു കാണാം. അവിടെ നമ്മൾ മഴക്കും മുകളിലായിട്ടായിരിക്കും. തലയ്ക്കു മുകളിൽ മഞ്ഞ്, താഴ്വരയിൽ മഴ. അതിനിടയിൽ നമ്മൾ. ഹായ് എത്ര സുന്ദരമായ അനുഭവമാണത്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതൊന്നു അറിയുക.
നാൽപതാം നമ്പർ മഴ – രാമക്കൽമേട്
എന്താണ് നാൽപ്പതാം നമ്പർ എന്ന് ചിന്തിക്കുന്നുണ്ടാകും അല്ലെ? ഹൈറേഞ്ചുകാർ നാല്പതാം നമ്പർ എന്ന് വിളിക്കുന്ന ഒരു നൂലുണ്ട്. ഇതേ നൂലിന്റെ വലിപ്പത്തിൽ പെയ്യുന്ന മഴയാണ് നാൽപ്പതാം നമ്പർ മഴ. രാമക്കൽമേട്ടിലെ പാറപ്പുറത്തു കയറിനിന്ന് നാൽപതാം നമ്പർ മഴ നനയാം. അതൊരു മറക്കാൻ പറ്റാത്ത ദൃശ്യാനുഭവം ആയിരിക്കും. മൂന്നാറിൽനിന്ന് 74 കിലോമീറ്റർ സഞ്ചരിച്ചാൽ രാമക്കൽമേടിലെത്താം.
ഞാവൽമഴ – കുളമാവ് ചുരം
ഒരു മഴയത്തുനിന്ന് ഇറങ്ങി മറ്റൊരു മഴയിലേക്കു കയറ്റം കയറി പോകുന്നപോലെയാണു മൂലമറ്റത്തുനിന്നു കുളമാവിലേക്കുള്ള മലമ്പാതയിലെ മഴയനുഭവം. ഇരുവശത്തും ഞാവൽമരങ്ങൾ വളർന്നുനിൽക്കുന്ന 12 ഹെയർപിൻ വളവുകൾ കയറിയുള്ള യാത്രയിലെ മഴ ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നാകും എന്ന കാര്യത്തിൽ സംശയം വേണ്ട. ഓരോ വളവു കയറുമ്പോഴും മഴയ്ക്കു വേറെ ഭാവം, വേറെ രൂപം. മഴ നിലച്ചാലും ഞാവൽമരങ്ങൾ പെയ്ത്ത് തുടരും. മരം പെയ്യുന്നു എന്ന് പറയുന്നത് അക്ഷരാർത്ഥത്തിൽ നമുക്ക് ഇവിടെ അനുഭവവേദ്യമാകും. തൊടുപുഴ- മൂലമറ്റം റോഡിൽ അറക്കുളം അശോക കവലയിൽനിന്ന് ഇടത്തേക്കു തിരിയുക. അവിടെനിന്നു കുളമാവ് വരെ 15 കിലോമീറ്റർ ദൂരത്താണു ഞാവൽമഴ.
രാത്രിമഴ – ഉളുപ്പൂണി
ഈ പ്രദേശത്തിന്റെ ഭംഗി അധികമാരും കണ്ടിട്ടില്ല. ആളുകൾ കേട്ടറിഞ്ഞ് എത്തിത്തുടങ്ങുന്നതേയുള്ളൂ. ഇവിടുത്തെ പ്രകൃതി സുന്ദരിയായ ഒരു കന്യകയെപ്പോലെ പച്ച പുതച്ചു നിൽക്കുന്ന കാഴ്ച നയനമനോഹരമാണ്. ഇവിടെ നിന്നും നോക്കിയാൽ കുളമാവ് അണക്കെട്ടിൽ മഴ പെയ്തിറങ്ങുന്നതു കാണാം. കാഞ്ഞാർ- വാഗമൺ റൂട്ടിൽ പുള്ളിക്കാനത്തുനിന്ന് ആറുകിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം. എന്തായാലും ഈ മൺസൂൺ ഇവിടേക്ക് യാത്ര തിരിച്ചോളൂ. കുറെ നനുത്ത ഓർമ്മകൾ സ്വന്തമാക്കാം.
https://www.facebook.com/Malayalivartha