നാലുമണിക്കാറ്റിന്റെ നൈർമല്യം നുണയാം
കാറ്റ് നമുക്ക് എന്നും പരിചിതമാണ്. മനസിനെയും ശരീരത്തെയും ഒന്ന് തണുപ്പിക്കാൻ, ക്ഷീണം അകറ്റി ഉന്മേഷം പ്രധാനം ചെയ്യാൻ ഒക്കെ കാറ്റിന് കഴിവുണ്ട്. ഇനി കാറ്റിന് സർവവും നശിപ്പിക്കുവാനും കഴിയും എന്ന കാര്യവും മറക്കണ്ട. എന്നാൽ നമ്മളിവിടെ പരിചയപ്പെടുന്ന കാറ്റിന് മനസിനെ സ്വാധീനിക്കാൻ കഴിയും. പച്ചപുതച്ച പാടങ്ങൾ തഴുകി വരുന്ന ഇളം കാറ്റേൽക്കാം, അസ്തമയ സൂര്യന്റെ ഭംഗിയാസ്വദിക്കാം, അതോടൊപ്പം നമ്മുടെ നാടൻ രുചികൾ ആസ്വദിക്കുകയും ചെയ്യാം. കോട്ടയത്തുനിന്ന് 10 കിലോമീറ്റർ അകലെ മണർകാട് – ഏറ്റുമാനൂർ ബൈപാസിലാണ് നാലുമണിക്കാറ്റ് എന്ന വഴിയോര വിനോദ സഞ്ചാര പദ്ധതി.
പാലമുറിക്കും പായിപ്രപടിക്കും ഇടയിലുളള പാടശേഖരങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഒരുകാലത്തു ഇവിടം മാലിന്യ കുമ്പാരങ്ങൾ ആയിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. 'മാലിന്യക്കുപ്പ’ എന്ന അവസ്ഥയിൽനിന്ന് നാടിനൊരു മോചനം വേണമെന്ന് ആഗ്രഹിച്ച മണർകാട് – ഏറ്റുമാനൂർ ബൈപാസ് റസിഡൻസ് അസോസിയേഷനാണ് പാടത്തിനു നടുവിലുള്ള ഈ വഴിയെ ഒരു വിനോദസഞ്ചാരകേന്ദ്രമാക്കാനുള്ള പദ്ധതിക്കു രൂപം കൊടുത്തത്.
പാടത്തിനു നടുവിലൂടെയുള്ള വഴിയുടെ അരികിൽ കാറ്റുകൊളളാൻ പാകത്തിന് സിമന്റ് ബെഞ്ചുകൾ സ്ഥാപിച്ചു. തണൽമരങ്ങളും പൂച്ചെടികളും നട്ടുപിടിപ്പിച്ചു. കുട്ടികൾക്കു കളിക്കാൻ ഊഞ്ഞാലും മരത്തിന്റെ മാതൃകയിലുളള സ്ലൈഡും മറ്റു റൈഡുകളും എന്നുവേണ്ട ഒരു കുടുംബത്തിന് ആവശ്യമായതെല്ലാം ഇവിടെയുണ്ട്.
കാറ്റുകൊള്ളാൻ വരുന്നവർക്കു നാടൻ പലഹാരങ്ങൾ ചൂടോടെ മിതമായ നിരക്കിൽ ഇവിടെ കിട്ടും. ചേമ്പു വേവിച്ചത്, കപ്പ പുഴുങ്ങിയത്,പഴം പൊരി, ബജി, ദോശ, ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക തുടങ്ങിയ നാടൻ വിഭവങ്ങൾ മാത്രമേ ഇവിടെ ലഭിക്കൂ. മാലിന്യക്കൂമ്പാരത്തിൽനിന്ന് ഈ പ്രദേശത്തെ മോചിപ്പിക്കുവാൻ സഹായിച്ച കുടുംബശ്രീക്കാർക്ക് ഒരു വരുമാനമാർഗമായിട്ടാണ് ഇവിടെ തട്ടുകടകൾ തുടങ്ങിയത്. ഒരു പ്രദേശത്തിന്റെ വികസനത്തിന് തുടക്കം കുറിക്കുകയാണിവിടെ.
നൂറുകണക്കിന് ആളുകൾ സന്ദർശിക്കുന്ന സ്ഥലമായിരുന്നിട്ടും അലക്ഷ്യമായി വലിച്ചെറിഞ്ഞ ഒരു കടലാസുതുണ്ടു പോലും ഇവിടെ കാണാനില്ല.
ചൂടു ചായയും കുടിച്ച് ഒരു പുസ്തകം വായിച്ചിരിക്കാനാണു തോന്നുന്നതെങ്കിൽ അതിനും ബുദ്ധിമുട്ടില്ല. കാരണം നേരമ്പോക്ക് എന്ന
പേരിൽ ഒരു വായനശാലയും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ഒരു രൂപ അടച്ചു പുസ്തകം വാടകയ്ക്കെടുക്കാം. പുസ്തകം മടക്കി നൽകിയാൽ പണവും തിരിച്ചു കിട്ടും. കാശുകൊടുത്തു പുസ്തകം സ്വന്തമാക്കാനും അവസരമുണ്ട്.
2011 ൽ ആണിത് ഉൽഘാടനം ചെയ്തത്. 2013 ൽ, വിനോദ സഞ്ചാര രംഗത്തെ മികച്ച നൂതന ആശയത്തിനുളള സംസ്ഥാന വിനോദ സഞ്ചാര പുരസ്കാരം, 2014 ൽ, രാജ്യാന്തര സംഘടനയായ സ്കാൽ ഇന്റർ നാഷണലിന്റെ ലോക സുസ്ഥിര വിനോദ സഞ്ചാര അവാർഡ് എന്നിവയും ഈ നാലുമണിക്കാറ്റിന് ലഭിച്ചിട്ടുണ്ട്. ഇവിടം ലോകത്തിനു തന്നെ മാതൃകയായി മാറട്ടെ എന്ന് നമുക്ക് ആശിക്കാം.
https://www.facebook.com/Malayalivartha