മരോട്ടിച്ചാൽ വെള്ളച്ചാട്ടം; യഥാര്‍ത്ഥ യാത്രയുടെ തനി നാടന്‍ ഇഫക്റ്റ്
മനസ്സിന് ആനന്ദവും ഉന്മേഷവും നല്കുന്നവയാണല്ലോ യാത്രകള്‍. അതുകൊണ്ടു തന്നെ യാത്രക്ക് തയ്യാറാവുമ്പോൾ എവിടേക്ക് എന്ന ചിന്ത ഏറെ പ്രാധാന്യമർഹിക്കുന്നു. ഒരു പാട് മുന്നൊരുക്കങ്ങളില്ലാതെ ഉല്ലസിച്ച് വരാവുന്ന പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എല്ലാ ജില്ലകളിലുമുണ്ട്. ദീര്‍ഘദൂരം യാത്ര ചെയ്ത് ക്ഷീണിച്ച് എന്തെങ്കിലുമൊക്കെ കണ്ട് മടങ്ങി തൃപ്തിയടയുന്നതിനു പകരം പ്രാദേശികമായി ഉല്ലസിക്കാന്‍ പറ്റുന്ന ചെറുകിട വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കൊന്നു ചെന്നു നോക്കൂ. അപ്പോളറിയാം യഥാര്‍ത്ഥ യാത്രയുടെ തനി നാടന്‍ ഇഫക്റ്റ്. അത്തരത്തിൽ ഒരിടമാണ് തൃശൂരിലെ മരോട്ടിച്ചാൽ വെള്ളച്ചാട്ടം.
പ്രകൃതിയോട് ഏറെയടുത്ത് നില്‍ക്കുന്ന ഈ ചെറിയ പ്രദേശത്തേക്ക് എത്തിച്ചേരാന്‍ തൃശ്ശൂര്‍ നഗരത്തില്‍ നിന്നും ഇരുപത് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ മതി. രണ്ടു മനോഹരമായ വെള്ളച്ചാട്ടങ്ങളാണ് ഇവിടെയെത്തുവരെ കാത്തിരിക്കുന്നത്. ശാന്തമായ കാടിനു നടുവില്‍ മലിനമാക്കപ്പെടാത്ത വെളളച്ചാട്ടങ്ങള്‍.
ഓലക്കയം – ആദ്യത്തെ വെളളച്ചാട്ടം
പ്രകൃതിയുടെ പാറക്കെട്ടുകള്‍ക്ക് നടുവിലായി ഒരു ചെറിയ ജലാശയം. തൊട്ടടുത്തായി ഉയര്‍ന്ന് നില്‍ക്കുന്ന പാറയില്‍ നിന്നും ഈ ജലാശയത്തിലേക്കു വന്നു വീഴുന്ന തെളിനീര്‍. ശരിക്കും പ്രകൃതി ഒരുക്കിയ അസ്സല്‍ നീന്തല് കുളം തന്നെ. മനസ്സും ശരീരവും ഒന്നിച്ച് തണുപ്പിക്കാന്‍ പറ്റുന്ന അപൂര്‍വ്വ സ്ഥലമെന്നു തന്നെ നമുക്ക് ഇതിനെ വിശേഷിപ്പിക്കാം. ഇവിടെ ഓരോ കാലടിയും ശ്രദ്ധയോടെ വെയ്ക്കേണ്ടി വരുമെന്ന് ഓര്‍ത്തിരിക്കുകയും വേണം. അല്‍പ്പ സ്വല്‍പ്പം ഭയമൊക്കയുളളവര്‍ക്ക് ചുറ്റിലും നില്‍ക്കുന്ന മരക്കൊമ്പുകളില്‍ പിടിച്ച് നടക്കുകയുമാവും. വെള്ളച്ചാട്ടത്തിൻെറ ഒരു ഭാഗത്ത് ആനകളുടെ ശല്യം ഒഴിവാക്കാന്‍ വൈദ്യുത വേലി കെട്ടിയിട്ടുണ്ട്. വെളളച്ചാട്ടത്തെ ചുറ്റി വരിഞ്ഞുളള കാടാണ് ഈ ഭാഗത്തു നിന്നുളള രസകരമായ കാഴ്ച. വളരെ കുറച്ചിടങ്ങളില്‍ മാത്രം ലഭിക്കുന്ന അനുഭൂതി, ഇതൊക്കെ കണ്ട് നിര്‍വൃതി കൊളളുന്നതിനിടയില്‍ ആ വെളളത്തിലേക്ക് ഒന്നിറങ്ങണം. കണ്ണിലെ കുളിര് കാലിലേക്ക് പടര്‍ന്നൊഴുകുന്നത് തൊട്ടറിയാനാവും.
ഇലഞ്ഞിപ്പാറ – രണ്ടാമത്തെ വെളളച്ചാട്ടം
ആദ്യത്തെ വെള്ളച്ചാട്ടത്തിൽ നിന്നും മൂന്നു കിലോമീറ്റര്‍ കാട്ടിലൂടെ സഞ്ചരിച്ചാലെ രണ്ടാമത്തെ വെള്ളച്ചട്ടത്തിനടുത്തു എത്താനാവൂ. കാടിന് നടുവിലൂടെയുള്ള യാത്രയാണ് മരോട്ടിച്ചാലിലെ എല്ലാവരും ഇഷ്ടപ്പെടുന്ന സാഹസികത കലര്‍ന്ന അനുഭവം. മുമ്പേ പോയവര്‍ നടന്നുണ്ടാക്കിയ വഴി മാത്രമാണ് കാടിനുളളില്‍ കാണുന്ന ഏക ആശ്വാസം. എങ്കിലും നടക്കുമ്പോള്‍ നല്ല ശ്രദ്ധയും വേണം. കല്ലും മുള്ളും നിറഞ്ഞ ആ വഴിയിലൂടെ കിളികളുമായി കലപില കൂട്ടി നടക്കാം. കെട്ടുപിടച്ചു കിടക്കുന്ന വള്ളികളും പാറകളുമൊക്കെയായി കാട് ശരിക്കും ഭീകരമായ പശ്ചാത്തല ദൃശ്യമൊരുക്കി. ഭാഗ്യമുണ്ടെങ്കില്‍ നിങ്ങളെ വരവേല്‍ക്കുന്നത് ഇരമ്പലുമായെത്തുന്ന നല്ലൊരു മഴയുമായിരിക്കാം.
മുകളിലെ വെള്ളച്ചാട്ടമാണ് ഇലഞ്ഞിപ്പാറ. മരോട്ടിച്ചാല്‍ വെള്ളചാട്ടങ്ങളില്‍ ഏറ്റവും വലുതും മനോഹരവുമാണിത്. ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടം നാട്ടുകാരുടെ ഇടയില്‍ 'കുത്ത്'എന്നാണ് അറിയപ്പെടുന്നത്. കാടിന്‍റെ വന്യമായം സംഗീതം ആസ്വദിച്ച് പരിശുദ്ധമായ തെളിനിരില്‍ കുളിക്കാതെ ആര്‍ക്കും ഇവിടെ നിന്നും മടങ്ങിപ്പോകാനുമാവില്ല. പത്തു പന്ത്രണ്ട് മീറ്റര്‍ ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്ന വെള്ളം. താഴെ വാരിവിതറിയ വലിയ പാറകളില്‍ വെള്ളം ചിതറിത്തെറിച്ച് പതഞ്ഞു കുതിക്കുന്നു.ഏതു സമയത്തും വഴിതെറ്റിവരുന്ന കാട്ടാനകളെ പേടിച്ചേ മുന്നോട്ടു നീങ്ങാനാവൂ. എന്തായാലും ഈ സാഹസിക യാത്ര ആരെയും നിരാശരാക്കില്ല എന്ന കാര്യം ഉറപ്പാണ്.
https://www.facebook.com/Malayalivartha