കാടിനെ അറിയാന്‍.. കാട്ടാറുകളെ അറിയാന്‍.. ആറളത്തേക്ക്
കാടും കാട്ടാനയും കുന്നുകളും മരുതുകളും മലമുഴക്കിയും മലയണ്ണാനും പൂമ്പാറ്റകളും പച്ചയുടുപ്പിട്ട ആയിരം സസ്യജാലങ്ങളും ഇതിനെയെല്ലാം സംരക്ഷിച്ചു നിര്‍ത്തുന്ന ആറളം വന്യജീവി സങ്കേതത്തിലേക്ക്.. അകത്തേക്ക് കടക്കും തോറും വലിച്ചടുപ്പിക്കുന്ന ആകര്‍ഷണീയത, പുറമെയുള്ള നാഗരികജീവിതത്തില്‍ നിന്നും തീര്‍ത്തും രക്ഷപ്പെടല്‍. പ്രകൃതി കനിഞ്ഞ ഈ അനുഭൂതിയിലേക്ക് ഒരു യാത്രയാകാം.
തെക്കുഭാഗത്ത് ചീങ്കണ്ണിപ്പുഴയും കിഴക്ക് കര്‍ണാടകത്തിലെ ബ്രഹ്മഗിരി മലനിരകളും പടിഞ്ഞാറ് ആറളം ഫാമും വടക്ക് കണ്ണൂര്‍ ഡിവിഷന്റെ ഭാഗമായ വനങ്ങളുമാണ് ആറളം വന്യജീവി സങ്കേത്തിന് അതിരിടുന്നത്. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തുള്ള വന്യജീവി സങ്കേതം. പുഴകളാല്‍ ചുറ്റപ്പെട്ടതിനാലാണ് ആറളമെന്ന പേര് വന്നതായി കണക്കാക്കുന്നു. സമുദ്രനിരപ്പില്‍ നിന്നും 50 മുതല്‍ 1589 മീറ്റര്‍ വരെ ഉയര്‍ന്നു കിടക്കുന്ന ആറളം ആയിരത്തിലേറെ സപുഷ്‌പികളായ സസ്യജാലങ്ങളാല്‍ സമൃദ്ധം. 49 ഇനം സസ്‌തനികളും 53 ഉരഗജീവികളും ഇരുന്നൂറിലേറെയിനം പക്ഷികളും 249 തരം ചിത്രശലഭങ്ങളും ചേര്‍ന്ന ജൈവമണ്‌ഡലമാണിത്. ഇടതൂര്‍ന്ന് നില്‍ക്കുന്ന വനപ്രദേശവും നിത്യഹരിത വനങ്ങളും ഏവരേയും ആകര്‍ഷിക്കുന്നു.
1589 മീറ്റര്‍ ഉയരത്തിലുള്ള അമ്പലപ്പാറയാണ് ഏറ്റവും ഉയര്‍ന്ന പ്രദേശം. പ്രതിവര്‍ഷം ശരാശരി 400 സെ.മി മഴ ലഭിക്കുന്നു. കുരങ്ങുവര്‍ഗ്ഗത്തില്‍പെട്ട അഞ്ചു ജീവികള്‍ ഇവിടത്തെ മാത്രം പ്രത്യേകതയാണ്.സിംഹവാലന്‍, കരിങ്കുരങ്ങ്, ഹനുമാന്‍ കുരങ്ങ്, നാടന്‍ കുരങ്ങ് എന്നിവയാണവ. മലമുഴക്കി, കോഴിവേഴാമ്പല്‍, പാണ്ടന്‍, നാട്ടുവേഴാമ്പല്‍ എന്നിവയും ഇവിടുണ്ട്. കുട്ടിത്തേവാങ്ക് ഏറ്റവും കൂടുതലായുള്ള പ്രദേശവുമാണ് ആറളം. പൂമ്പാറ്റകളുടെ ദേശാടനവും ആറളത്തെ വേറിട്ടതാക്കുന്നു. വന്യജീവി സങ്കേതത്തിന്റെ സമീപപ്രദേശങ്ങളില്‍ ആദിവാസി പുനരധിവാസ മേഖലയുണ്ട്. തലശ്ശേരി, കൂത്തുപറമ്പ്, ഇരിട്ടി വഴി ആറളം വന്യജീവി സങ്കേതത്തിലെത്താം. 5500 ഹെക്‌ടറില്‍ പ്രകൃതി ഒളിപ്പിച്ച മറ്റൊരു ലോകം നമുക്കവിടെ കാണാം.
https://www.facebook.com/Malayalivartha