കായൽപ്പരപ്പിലെ താളമറിയാൻ ഹൗസ് ബോട്ട്
ആസ്വാദ്യകരമായ കായൽ യാത്രക്ക് അനവധി വഴികളുണ്ട്. കേരളത്തിന്റെ കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ ഹൗസ്ബോട്ടില്‍ രണ്ട് ദിവസം ചെലവിടുക എന്നതില്‍ കവിഞ്ഞ് വേറൊരു ഓപ്ഷനുമില്ല. കായല്‍ പരപ്പിലൂടെ യാത്ര ചെയ്യുമ്പോള്‍ കൊച്ചിയേത് കൊല്ലമേതെന്ന് ആരും ഓര്‍ക്കാറില്ല. ഏല്ലാവര്‍ക്കും ഒരേ വികാരം മാത്രം. സുന്ദരം! എല്ലാവരും ഉരുവിടുന്ന ഒരേ വാക്ക്. ചിലര്‍ മൗനിയായി ക്യാമറ കയ്യിലേന്തും. പിന്നെ ഉന്നം പിടിച്ച് ഷൂട്ട് ചെയ്യും. പക്ഷെ എല്ലാവരും കായല്‍ പരപ്പിന്റെ മനോഹര ചിത്രം മനസില്‍ സൂക്ഷിക്കും. അത് വാക്കുകളിലൂടെ കൈമാറും. ആഗ്രഹിച്ചിട്ടില്ലേ ഹൗസ്‌ബോട്ടില്‍ ഒരു യാത്ര ചെയ്യാന്‍, നിങ്ങളുടെ ആദ്യത്തെ ഹൗസ് ബോട്ട് യാത്ര ഈ ഓണക്കാലത്ത് തന്നെ ആയാല്‍ നല്ല ഒരു ഓണക്കാല അനുഭവം തന്നെ ആയിരിക്കും. കായലോരത്ത് എത്തിയാല്‍ നിരവധി ടൂറിസ്റ്റ് ഓപ്പറേറ്റര്‍മാരും ഹൗസ്‌ബോട്ട് ഓപ്പറേറ്റര്‍ മാരും നിരവധി പാക്കേജുമായി നിങ്ങളുടെ അരികിലേത്തും. മുന്‍കൂട്ടി ബുക്ക് ചെയ്തില്ലെങ്കില്‍ അവര്‍ പറയുന്ന ഏതെങ്കിലും നല്ല പാക്കേജ് തെരഞ്ഞെടുക്കാം.
ജല ജൈവ വൈവിധ്യങ്ങളുടെ ഈ ദേശം ഒരു കാലത്ത് നെല്ലറയായിരുന്നു. ഇന്ന് കൃഷി കുറഞ്ഞിട്ടുണ്ട്. നികന്ന പാടങ്ങളില്‍ വാഴയും പച്ചക്കറികളും തെങ്ങും കോണ്‍ക്രീറ്റ് കെട്ടിടങ്ങളും. ഇനിയും മണ്ണടിയാത്ത പാടശേഖരങ്ങള്‍ വിളഞ്ഞതും കൊയ്തൊഴിഞ്ഞതുമങ്ങനെ. വയലിടവഴികളിലൂടെ, കീറിയ ജലപാതയിലൂടെ ശീഘ്രം വീടണയാന്‍ വെമ്പുന്ന കൊതുമ്പുവള്ളവും ഒറ്റക്കു തുഴഞ്ഞേറുന്ന തൊഴിലാളി സ്ത്രീയും ഒരു പഴയ കാഴ്ചയാണ്. ഇന്ന് തലങ്ങും വിലങ്ങും പാതകളുണ്ട്. പുഴകള്‍ക്കും കനാലുകള്‍ക്കും കുറുകെ പാലങ്ങള്‍ വന്നു. ജലത്താല്‍ ബന്ധിതമായിരുന്ന തുരുത്തുകള്‍ ഇന്ന് ഏറക്കുറെ കരമാര്‍ഗം ബന്ധപ്പെട്ടുകിടക്കുന്നു. മനോഹരമായ ചില തുരുത്തുകള്‍ മാത്രമാണ് ഇന്ന് പൂര്‍ണമായും ജലമാര്‍ഗത്തെ ആശ്രയിക്കുന്നത്.
കായൽ യാത്രകള്‍ കര- ജല വിഭവങ്ങളുടെ സമൃദ്ധമായ രുചിഭേദങ്ങളിലൂടെയുള്ള സഞ്ചാരങ്ങള്‍ കൂടിയാണ്. വിനോദയാത്രക്ക് എത്തുന്നവര്‍ അപ്പവും വിവിധ തരം ഇറച്ചി ഉലര്‍ത്തിയതും കഴിച്ചിരിക്കണം. വെള്ളപ്പം, പാലപ്പം എന്നിങ്ങനെ പ്രശസ്തമായ അപ്പത്തിന് രുചി-രൂപഭേദങ്ങള്‍ വരും. അപ്പച്ചട്ടിയില്‍ ചുട്ടെടുക്കുന്ന തൂവെള്ള അപ്പമല്ല ഇത്. ദോശക്കല്ലില്‍ ചെറുതായി പരത്തി തിരിച്ചും മറിച്ചുമിട്ട് മൊരിച്ചെടുക്കുന്ന, കാഴ്ചയില്‍ ദോശ പോലിരിക്കുന്ന ഈ അപ്പത്തിന്‍റെ സ്വാദ് കഴിച്ചു തന്നെ അറിയണം. അപ്പവും പോത്ത് ഉലര്‍ത്തിയതുമാണ് പ്രധാന കോമ്പിനേഷന്‍. കടലക്കറിയും മുതല്‍ മുട്ട റോസ്റ്റു വരെയുള്ള മെനു കേമം തന്നെ.
രമണീയമായ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനും, കുടുംബങ്ങളോടോ സുഹൃത്തുക്കളോടോ ഒത്ത് ഉല്ലസിക്കുന്നതിനും ഹൗസ് ബോട്ടുകൾ പുകൾ പെറ്റതാണ്. ചുരുങ്ങിയ ദിവസത്തെ അവധിക്കാലത്തിനു എത്തുന്ന യാത്രികർക്ക് എല്ലാ തിരക്കിലും നിന്നകന്ന് കുടുംബാഗങ്ങളും ബന്ധുക്കളുമായി ഉല്ലസിക്കാൻ വേണ്ടതെല്ലാം ഇന്ന് ഹൗസ് ബോട്ടുകളിലുണ്ട്. എന്തുകൊണ്ടും അവധിക്കാലത്തിലെ രണ്ടു ദിവസം അടിച്ചു പൊളിക്കാൻ ഒരു ഹൗസ്‌ബോട്ട് യാത്ര വിലമതിക്കും.
https://www.facebook.com/Malayalivartha