ഗവി യാത്രികര്‍ക്ക് കൊച്ചാണ്ടിയില്‍ കുട്ടവഞ്ചി സവാരിക്ക് സൗകര്യമൊരുങ്ങി
അടവിക്കു പിന്നാലെ ഗവി യാത്രക്കാരെ ലക്ഷ്യമിട്ട് ആങ്ങമൂഴി കൊച്ചാണ്ടിയില്‍ കുട്ടവഞ്ചി സവാരിക്കു ക്രമീകരണങ്ങളായി. സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ ചുമതലയിലുള്ള ജനകീയ ടൂറിസം പദ്ധതിയിലുള്ള കുട്ടവഞ്ചി സവാരിയുടെ ഉദ്ഘാടനം ഇക്കഴിഞ്ഞ 9-ാം തീയതി നാലിന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു.
ആങ്ങമൂഴിയില്‍ നിന്ന് ഗവിയിലേക്ക് സഞ്ചാരികള്‍ പ്രവേശിക്കുന്ന കൊച്ചാണ്ടിയില്‍ വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിന് സമീപത്തെ കക്കാട്ടാറില്‍ കിളിയെറിഞ്ഞാന്‍കല്ല് വനാതിര്‍ത്തിയിലെ ജലാശയത്തിലാണ് സവാരിക്കു ക്രമീകരണങ്ങളൊരുക്കിയിരിക്കുന്നത്.
സീതത്തോട് ഗ്രാമപഞ്ചായത്തില്‍ തുഴച്ചില്‍കാര്‍ക്കുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്ത 16 പേരെ തെരഞ്ഞെടുത്തു പരിശീലനം പൂര്‍ത്തീകരിച്ചു. ഹൊഗനക്കല്‍ സ്വദേശികളായ കുട്ടവഞ്ചി തുഴച്ചില്‍ വിദഗ്ധരാണ് പരിശീലനം കൊടുക്കുന്നത്.
സവാരിക്കാവശ്യമായ 16 കുട്ടവഞ്ചികളാണ് മൈസൂരിലെ ഹോഗനക്കലില്‍ നിന്നുമാണ് കഴിഞ്ഞമാസം ഇവിടെ എത്തിച്ചത്. ഒരേസമയം നാല് സഞ്ചാരികള്‍ക്കാണ് യാത്ര ചെയ്യാന്‍ കഴിയുക. വാര്‍ഷികപദ്ധതിയില്‍ മൂന്നു ലക്ഷം രൂപ വകയിരുത്തിയാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. സവാരിക്കായി കൊച്ചാണ്ടിയില്‍ തടയണ നിര്‍മിച്ചിട്ടുണ്ട്.
ഒരു മണിക്കൂറോളം കുട്ടവഞ്ചിയില്‍ യാത്ര ചെയ്ത് കാനനസൗന്ദര്യം ആസ്വദിക്കാനാകും.നിലവില്‍ വനം, ഡിടിപിസി തയാറാക്കിയിരിക്കുന്ന ടൂറിസം പദ്ധതിയില്‍ കോന്നി ആനക്കൂട്ടില്‍ നിന്നാണ് ഗവി പാക്കേജ് യാത്ര ആരംഭിക്കുന്നത്. അടവിയിലെത്തി കുട്ടവഞ്ചി സവാരി നടത്തിയശേഷമാണ് ഗവിയിലേക്ക് യാത്ര തിരിക്കേണ്ടത്. ഇതോടെ ഉച്ചയാകുമെന്നതിനാല്‍ സഞ്ചാരികള്‍ക്ക് ഗവി യാത്ര ആസ്വദിക്കാന്‍ കഴിയുന്നില്ലെന്ന പരാതിയുണ്ട്.
കൊച്ചാണ്ടിയില്‍ കുട്ടവഞ്ചി യാത്ര സജ്ജീകരിക്കുന്നതോടെ ഗവി ടൂറിസത്തിന്റെ സാധ്യതയും വര്‍ധിക്കും. പ്രദേശവാസികള്‍ക്ക് തൊഴിലവസരം കൂടി ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ് പറഞ്ഞു. സീതത്തോട്ടിലെ ശ്രദ്ധേയമായ മറ്റ് പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പ്രത്യേക പാക്കേജ് പ്രകാരമുള്ള ടൂറിസം പദ്ധതിക്കാണ് രൂപം നല്കിയിരിക്കുന്നത്.
ഗവി വിനോദയാത്ര, നിലയ്ക്കല്‍പള്ളി, ആലുവാംകുടി ശിവക്ഷേത്രം, കോട്ടപ്പാറ മലനട ക്ഷേത്രം, സീതക്കുഴി, സീതമുടി പാറ തുടങ്ങി നിരവധി പ്രദേശങ്ങള്‍ സീതത്തോട് ഗ്രാമപഞ്ചായത്ത് പരിധിയിലുണ്ട്. ഇവയെല്ലാം ഉള്‍പ്പെടുത്തി സീതത്തോട് ഗവി ജനകീയ ടൂറിസം പദ്ധതിയാണ് നടപ്പിലാക്കുന്നത്.
https://www.facebook.com/Malayalivartha