നെടുമ്പാശേരിയില്‍ ഉണ്ടൊരു കുട്ടിവനം
ദൈവത്തിന്റെ സ്വന്തം നാടുകാണാന്‍ എത്തുന്ന വിദേശികള്‍ക്കും ഇതര സംസ്ഥാനക്കാരായ വിനോദ സഞ്ചാരികള്‍ക്കും ഇനി കാടിന്റെ കുളിര്‍മയും മനോഹാരിതയും ശാന്തതയും ആസ്വദിക്കാന്‍ വിമാനത്താവളത്തിനരികെ ഒരു കുട്ടിവനം. അന്താരാഷ്ട്ര വിമാനത്താവളത്തിന് വിളിപ്പാടകലെ വനം വകുപ്പിന്റെ അഞ്ച് ഹെക്ടര്‍ സ്ഥലത്താണ് സുവര്‍ണോദ്യാനവും ബയോളജിക്കല്‍ പാര്‍ക്കും തുറക്കുന്നത്.
18 വര്‍ഷം മുമ്പ് അന്താരാഷ്ട്ര വിമാനത്താവളത്തിനുവേണ്ടി സിഗ്‌നല്‍ സ്‌റ്റേഷന്‍ നിര്‍മിക്കാന്‍ കോടനാട് വനം വകുപ്പിന്റെ 2.5 ഹെക്ടര്‍ ഭൂമി സിയാലിനു വിട്ടുനല്‍കിയതിന് പകരമായാണ് വിമാനത്താവളത്തിനു സമീപം അഞ്ച് ഹെക്ടര്‍ ഭൂമി വനം വകുപ്പിനു നല്‍കിയത്.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ ക്രമീകരിച്ചിട്ടുള്ള ബയോളജിക്കല്‍ പാര്‍ക്ക് നമ്മുടെ സംസ്‌കൃതിയുടെയും പുരാതന ആവാസ വ്യവസ്ഥകളുടെയും തനിമയാര്‍ന്ന ഗ്രാമീണ കാഴ്ചകളുടെയും ഉദാത്ത മാതൃകയാണ്.
താമരപ്പൂക്കള്‍ വിരിയുന്ന തണ്ണീര്‍ത്തടങ്ങള്‍,പശ്ചിമഘട്ടത്തിന്റെ തനതായ സസ്യവൈവിധ്യം, ഉള്‍ വനങ്ങളില്‍ നിന്ന് സമാഹരിച്ച ഓര്‍ക്കിഡ് ശേഖരം, നിത്യഹരിത വനങ്ങളില്‍ നിന്നുള്ള പന്നല്‍ച്ചെടി ശേഖരം, ശാസ്ത്ര പഠനത്തിനുതകുന്ന സസ്യജാല വിജ്ഞാന ഉദ്യാനം, അപൂര്‍വ്വങ്ങളായ ഔഷധ സസ്യങ്ങള്‍, സന്ദര്‍ശകര്‍ക്ക് വിശ്രമത്തിന് മുളകൊണ്ട് നിര്‍മിച്ച കുടിലുകള്‍, പത്തിലധികം മുളയിനങ്ങള്‍, റോസ് ഗാര്‍ഡന്‍, കേരളീയ പഴമയുടെ പ്രതീകമായ കാവ്, കരിങ്കല്ലില്‍ തീര്‍ത്ത മനോഹരമായ ഇരിപ്പിടങ്ങള്‍, പരിസ്ഥിതി പഠന ക്ലാസുകള്‍ നടത്തുന്നതിനുള്ള ഡോക്ടര്‍ സാലിം അലി നേച്ചര്‍ സ്റ്റഡി ഹാള്‍, സന്ദര്‍ശകര്‍ക്കുള്ള ലഘുഭക്ഷണശാല, വനവിഭവങ്ങള്‍ വില്‍ക്കുന്ന വനശ്രീ ഇക്കോഷോപ്പ് തുടങ്ങിയവ പാര്‍ക്കിന്റെ പ്രത്യേകതയാണ്.
വനം വകുപ്പിന്റെ കീഴില്‍ പങ്കാളിത്ത വനപരിപാലനത്തിന്റെ ഭാഗമായി പ്രാദേശികമായി രൂപീകരിച്ച വനം സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഇക്കോ പാര്‍ക്കിന്റെ നടത്തിപ്പ് എന്ന പ്രത്യേകത കൂടിയുണ്ട്.
https://www.facebook.com/Malayalivartha