പാറകളുടെ ഉദ്യാനത്തിലെത്താന്‍ മല കയറാം
ഇടുക്കി ജില്ലയില്‍ കൊക്കയാര്‍ പഞ്ചായത്തില്‍ സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരത്തില്‍ കുട്ടിക്കാനത്തിനും വാഗമണിനും മധ്യേ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഉറുമ്പിക്കര. ഇത് പാറകളുടെ ഉദ്യാനമാണ്. മണ്ണും കുന്നുകളും കയറിയിറങ്ങി സഞ്ചരിച്ചാല്‍ ഇവിടെയെത്താം. പ്രകൃതിയുടെ വിരുന്നൊരുക്കി ഉറുമ്പിക്കര നിങ്ങളെ കാത്തിരിക്കുന്നു.
ബ്രിട്ടീഷുകാരനായ ജോണ്‍ ജോസഫ് മോര്‍ഫി സായിപ്പ് കേരളത്തില്‍ 1903-ല്‍ ആദ്യമായി ഈ പ്രദേശത്താണ് റബര്‍ കൃഷി ആരംഭിക്കുന്നത്. ഇവിടുത്തെ പ്രകൃതിയുടെ മനോഹാരിതയില്‍ ആകൃഷ്ടനായി ഇവിടെ ഒരു ബംഗ്ലാവും നിര്‍്മ്മിച്ചു. ഇപ്പോഴും ഈ ബംഗ്ലാവ് ഒരു സ്വകാര്യ റിസോര്‍ട്ടായി ഹില്‍ പാലസ് റിസോര്‍ട്ട് എന്ന പേരില്‍ ഇവിടെയുണ്ട്.
വനമേഖലയിലൂടെയും ഓഫ് റോഡ് അനുഭവങ്ങളും നുകരാന്‍ ആദ്യ റോഡാണ് നല്ലത്. ഇവിടുത്തെ വനം ആളൊഴിഞ്ഞ അമ്പല പറമ്പ് പോലെ തോന്നും. മരങ്ങളോ പച്ചപ്പോ ഇല്ലാതെ എവിടെയും കരിമ്പാറകള്‍ നിറഞ്ഞ ഇരുണ്ട ഭൂമി. പാറകള്‍ പല വലിപ്പത്തിലും ആകൃതിയിലും, വഴിയിലും തൊടിയിലും പടര്‍ന്ന് കിടക്കുന്നു, ഒരു പാറ ഉദ്യാനം പോലെ. കല്ലുകള്‍ നിറഞ്ഞ വഴിയിലൂടെ ആടി ഉലഞ്ഞുള്ള യാത്രയില്‍ ആദ്യം കണ്ടത് 100 അടിയോളം മുകളില്‍ നിന്നും പതിക്കുന്ന പാപ്പാനി വെള്ളച്ചാട്ടമാണ്.
പോകുന്ന വഴിയില്‍ പലയിടത്തും സായിപ്പിന്റെ കാലത്തെ പഴയ ഓറഞ്ച് മരങ്ങളില്‍ ഇപ്പോഴും ഓറഞ്ച് വിളഞ്ഞ് നില്ക്കുന്നത് കാണാം.അതിന്റെ പുളി നുകര്‍ന്ന് യാത്ര തുടരാം. തേയില കൃഷി ഇവിടെ ഉണ്ടായിരുന്നു എന്ന് അനുസ്മരിപ്പിക്കാനായ് ഉപേക്ഷിക്കപ്പെട്ട ഒരു തേയില ഫാക്ടറിയുമുണ്ട്. ഇവിടങ്ങളിലെ പച്ചപ്പിനെ വെട്ടിവെളുപ്പിച്ച് കറുത്ത ഭൂമിയാക്കിയ ആ വെളുത്ത സായിപ്പിന്റെ കൊട്ടാരം മാത്രം പച്ചപ്പും, പൂക്കളും നിറച്ച്, അണിയിചൊരുക്കി മോര്‍ഫി സായിപ്പിന്റെ സ്വഭാവഗുണങ്ങളോടെ നമ്മളെ കാത്തിരിക്കുന്നുണ്ട്.
വീണ്ടും മുകളിലേയ്ക്ക്, എത്തുമ്പോള്‍ ഉറുമ്പികരയിലെ മുഖ്യ ആകര്‍ഷണമായ ഇരട്ടപ്പാറയുടെ സമീപത്ത് എത്തും. വളരെ മനോഹരമായ വ്യൂ പോയിന്റ് തന്നെയാണ് ഇവിടം. മുണ്ടക്കയം, പീരുമേട് തുടങ്ങിയ സ്ഥലങ്ങളും ഇവിടെ നിന്നും ദര്‍ശിക്കാന്‍ കഴിയും. ഇരുമലച്ചി ദേവി ക്ഷേത്രവും ഇവിടെ അടുത്താണ് സ്ഥിതി ചെയ്യുന്നത്.
ഈ കാഴ്ചകള്‍ കണ്ട് കളകളാരവം മുഴക്കി ഒഴുകുന്ന പാപ്പാനി അരുവിയിലെ തണുത്ത വെള്ളത്തില്‍ ഒന്നിറങ്ങി വീണ്ടും മുന്നോട്ട് ഇരുമലച്ചി ദേവി ക്ഷേത്രവും കടന്ന് എത്തുന്നത് വിശാലമായ ഒരു പാറപ്പുറത്തേയ്ക്ക്, ഉറുമ്പിക്കരയുടെ ഏറ്റവും ഉയര്‍ന്ന ഭാഗവും ഇതുതന്നെ. ഇവിടെ ചെറിയ ഷോലാ വനവുമുണ്ട്. കാട്ടുകോഴികളും കുറുക്കന്മാരും ഇവിടെ സുലഭം.
സമയം 6 കഴിയുമ്പോഴേയ്ക്കും കോടമഞ്ഞ് നിങ്ങളെ പൊതിയും, അത് വരുന്ന വഴിയുള്ള എല്ലാ കാഴ്ചകളും മറച്ച് കൊണ്ടാണ് പടയോട്ടം, ആദ്യം കാറ്റായും, കുളിര്‍ തൂകുന്ന മഞ്ഞായും അത് തഴുകി കടന്ന് പോകും.
ആഷ്‌ലി എസ്‌റ്റേറ്റിലൂടെ കുട്ടിക്കാനത്ത് എത്തിയാല്‍ വഴിവക്കിലെ പെട്ടി കടയില്‍ നിന്ന് ലഘുഭക്ഷണവും കഴിച്ച് മഞ്ഞില്‍ മൂടി പുതച്ച് ഉറങ്ങുന്ന വാഗമണില്‍ കൂടി മൂവാറ്റുപുഴയിലേയ്ക്ക് എത്താം.
ഉറുമ്പിക്കരയില്‍ എത്താന്‍ ഇതാ നാലു വഴികള്‍:
മുണ്ടക്കയം കൂട്ടിക്കല്‍ വെംബ്ലി ഉറുമ്പിക്കര ഏകദേശം 20 കിലോമീറ്റര്‍
മുണ്ടക്കയം എന്തയാര്‍ വടക്കേമല ഉറുമ്പിക്കര ഏകദേശം 20 കിലോമീറ്റര്‍
കുട്ടിക്കാനംആഷ്‌ലി എസ്‌റ്റേറ്റ് ഉറുമ്പിക്കര ഏകദേശം 7 കിലോമീറ്റര്‍
ഏലപ്പാറ മേമല ഉപ്പുകുളം ഉറുമ്പിക്കര ഏകദേശം 13 കിലോമീറ്റര്‍
https://www.facebook.com/Malayalivartha