ജടായുപാറ ; സമുദ്രനിരപ്പില്‍ നിന്ന് 850 അടി ഉയരത്തിലുള്ള അദ്ഭുതം
ത്രേതായുഗത്തില്‍, സമുദ്രനിരപ്പില്‍ നിന്ന് 850 അടി ഉയരത്തിലുള്ള മലമടക്കുകള്‍ക്കു മുകളിലുള്ള ആകാശവഴികളിലൂടെ ഒരു പുഷ്പക വിമാനം പറന്നുപോയി. അപമാനിക്കപ്പെട്ട സ്ത്രീയുടെ നിലവിളി മുഴങ്ങിയതും ഇവിടെ. സ്വന്തം ജീവന്‍ വെടിഞ്ഞ് ആ പെണ്‍കുട്ടിയുടെ മാനം രക്ഷിക്കാന്‍ പറന്നുയര്‍ന്ന പക്ഷിശ്രേഷ്ഠന്‍ ചിറകറ്റു വീണതും ഇവിടെത്തന്നെയെന്ന് ഐതിഹ്യം.
പശ്ചിമഘട്ട സാനുക്കളുടെ മടിത്തട്ടാണിത്. മരതകപ്പട്ടണിഞ്ഞ മലമടക്കുകള്‍ ധാരാളമുണ്ട് ഇവിടെ. വയ്യാനം മല, പാവൂര്‍ മല, ആലത്തറ മല, ഇളമ്പ്രക്കോട് മല, അര്‍ക്കന്നൂര്‍മല, തേവന്നൂര്‍മല അങ്ങനെ ഒരുപാടു മലകള്‍... അധര്‍മത്തിന്റെ ചന്ദ്രഹാസമേറ്റ് നിലംപതിച്ച ആ പക്ഷി വീണ്ടുമീ കലിയുഗത്തില്‍ പുനര്‍ജനിക്കുകയാണ് ലോകാദ്ഭുതമാകാനുള്ള തയാറെടുപ്പോടെ.
കൊല്ലം ജില്ലയിലെ ചടയമംഗലമെന്ന ഗ്രാമത്തിലാണ് ജടായുപക്ഷിക്ക് പുനര്‍ജന്മമാകുന്നത്. ചടയമംഗലത്തിനു ചുറ്റുമുള്ള മലകള്‍ക്കൊത്ത നടുവിലാണ് ജടായു പാറയുടെ സ്ഥാനം. ആകാശവും ഐതിഹ്യവും അതിരിടുന്ന ഇവിടെ ഓരോ പാറയും ഓരോ ശില്‍പം പോലെ. ഒരിക്കല്‍ കണ്ടവര്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത മനോഹാരിതയുണ്ട് ഇവിടെ പ്രകൃതിക്ക്. ആ പാറകളില്‍ ഒരു ശില്‍പ്പി കണ്ട സ്വപ്നങ്ങളുടെ തുടര്‍ച്ചയാണ് ആകാശത്തേക്കുയര്‍ന്നു നില്‍ക്കുന്ന ഈ ജടായു ശില്‍പം.
മലയാളികള്‍ കേട്ടുവളര്‍ന്നിട്ടുണ്ട് ആ കഥ. ജടായു എന്ന പക്ഷിയുടെ കഥ. സീതാപഹരണം നടത്തിയ രാവണന്‍ പുഷ്പക വിമാനത്തില്‍ ശ്രീലങ്കയിലേക്കു പറന്നത് ജടായുമംഗലത്തിന് മുകളിലൂടെയാണെന്നാണു വിശ്വാസം. 'രക്ഷിക്കണേ' എന്ന സീതയുടെ നിലവിളി കേട്ട ജടായു വാസസ്ഥലമായ പാറയില്‍ നിന്ന് പറന്നുയര്‍ന്ന് രാവണനെ ആക്രമിച്ചു. ഈ യുദ്ധം നടന്ന സ്ഥലം പോരേടം എന്ന പേരില്‍ ഇപ്പോഴുമുണ്ട്. ജടായുവുമായുള്ള യുദ്ധത്തില്‍ തോല്‍വിയോട് അടുത്ത രാവണന് തന്റെ ദിവ്യായുധമായ ചന്ദ്രഹാസം പ്രയോഗിക്കേണ്ടി വന്നു. ശിവഭക്തനായിരുന്ന രാവണന്‍ ശിവനെ തപസു ചെയ്ത് വരമായി കിട്ടിയ ആയുധമാണ് ചന്ദ്രഹാസം. ഈ ആയുധം നന്മയുള്ളവര്‍ക്കു നരെ പ്രയോഗിക്കരുതെന്ന പരമശിവന്റെ മുന്നറിയിപ്പ് രാവണന്‍ മറന്നുപോകുന്നു.
ജടായുവിന്റെ ഇടത് ചിറക് ശരീരത്തില്‍ നിന്നുേവര്‍പെട്ട് നിലം പതിച്ച സ്ഥലംെവട്ടുവഴി എന്ന പേരില്‍ അറിയപ്പെടുന്നു. അര്‍ധപ്രാണനായ ജടായു താന്‍ താമസിച്ചിരുന്ന പാറയില്‍ തന്നെ നിലംപതിച്ചു എന്നാണ് വിശ്വാസം. താന്‍ കാരണം ജീവന്‍ നഷ്ടപ്പെടാന്‍ പോകുന്ന ജടായുവിന്റെ അവസ്ഥയില്‍ മനമലിഞ്ഞ സീതാദേവി ശ്രീരാമദര്‍ശനത്തിനും അതുവഴി മോക്ഷപ്രാപ്തിയും ലഭിക്കട്ടെയെന്ന് ജടായുവിനെ അനുഗ്രഹിച്ചു. സീതേന്വേഷണാര്‍ഥം ജടായുപാറയിലെത്തിയ ശ്രീരാമന്‍ അര്‍ധപ്രാണനായി കിടക്കുന്ന ജടായുവിനെ കാണുകയും ജടായുവിന് മോക്ഷം നല്‍കുകയും െചയ്തു. ജടായുവിന്റെ ചെറുത്ത് നില്‍പ്പ് മൂലമാണ് രാവണന് ദിശ മാറ്റേണ്ടി വന്നതെന്നാണ് കഥകള്‍.
ചടയമംഗലത്തു നിന്ന് പമ്പാസരസിലേക്കും അവിടെ നിന്ന് ശബരിമലയിലേക്കും പിന്നീട് രാമേശ്വരം, ധനുഷ്‌കോടി വഴി ശ്രീലങ്കയിലേക്കും രാവണന്റെ പുഷ്പക വിമാനം പറന്നു പോയെന്നാണ് ഐതിഹ്യം. ശ്രീരാമദര്‍ശനം വരെ ജീവന്‍ നിലനിര്‍ത്താന്‍ ചുണ്ട് പാറയില്‍ ഉരസി പ്രാണജലപ്രവാഹമുണ്ടാക്കി എന്നാണു വിശ്വാസം. അതില്‍ നിന്നു രൂപപ്പെട്ടതാണ് പാറയ്ക്കു മുകളിലുള്ള തീര്‍ഥക്കുളമെന്നാണ് വിശ്വാസം. ഈ നീരുറവയെ ഗംഗാ തീര്‍ഥമായി നാട്ടുകാര്‍ സങ്കല്‍പിച്ചു പോരുന്നു.
'ജടായുവിന്റെ വീരകഥകള്‍ കൊത്തിവച്ച പാറകളാണിത്. ഇവിടെ കൊക്കരുണിയിലുള്ളത് ഗംഗാതീര്‍ഥം. ശ്രീരാമന്റെ പാദം സ്പര്‍ശിച്ച അടയാളവുമുണ്ട് ഇവിടെ പാറയ്ക്കു മുകളില്‍. അതുകൊണ്ടാണ് രാമക്ഷേത്രമായി ഇവിടം മാറിയത്.' ചടയമംഗലത്തുകാരനായ റിട്ട. സബ് കലക്ടറ്റര്‍ ആര്‍. രാമചന്ദ്രന്‍ നായര്‍ പറയുന്നത് പാറയുടെ ചരിത്രവും ഐതിഹ്യവുമാണ്.
ശില്‍പകലാ വിദ്യാര്‍ഥിയായിരുന്ന രാജീവിനെ അഞ്ചലില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ് യാത്രയ്ക്കിടയില്‍ ആ ചോദ്യം എന്നും പ്രചോദിപ്പിച്ചിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് ആയിരത്തോളം അടി ഉയരത്തില്‍ നില്‍ക്കുന്ന ജടായു പാറയില്‍ എന്തുകൊണ്ട് ഒരു ജടായു ശില്പം നിര്‍മിച്ചുകൂടാ? മറുപടിയില്ലാത്ത ചോദ്യമായി ആ സ്വപ്നം രാജീവ് അഞ്ചല്‍ എന്ന കലാകാരന്റെ മനസില്‍ കിടന്നു ഒരുപാടുകാലം.
പിന്നീട് സിനിമയുെട ലോകത്തായി രാജീവിന്റെ യാത്രകള്‍. കലാസംവിധായകനും സംവിധായകനുമായി. 'ഗുരു' എന്ന മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി ഓസ്‌കറിന്റെ സാധ്യതാപ്പട്ടികയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. പിന്നെയും സിനിമകള്‍. ആ സമയത്താണ് സംസ്ഥാന ടൂറിസം വകുപ്പ് ജടായു പാറയ്ക്കു മുകളില്‍ ഒരു ശില്‍പം നിര്‍മിക്കുന്നതിനെക്കുറിച്ചുള്ള സാധ്യതകള്‍ അന്വേഷിക്കുന്നത്.
ഏറ്റവും മികച്ച ശില്‍പമാതൃക അവതരിപ്പിച്ച രാജിവ് അഞ്ചലിനെത്തന്നെ സര്‍ക്കാര്‍ ആ ഉദ്യമം ഏല്‍പ്പിച്ചു. അങ്ങനെ റോഡ് നിര്‍മാണത്തിനു വേണ്ട കരിങ്കല്ലായി മാറുമായിരുന്ന ജടായു പാറ കലയുടെ പുതിയൊരു മാതൃക തീര്‍ത്തു. പ്രോജക്റ്റ് വലുതായി. ശില്പത്തിനോട് അനുബന്ധിച്ച് കേബിള്‍ കാര്‍ സവാരിയും അഡ്വഞ്ചര്‍ പാര്‍ക്കും കേവ് ടൂറിസവും എല്ലാം ഉണ്ടായി. അങ്ങനെ ബി.ഒ.ടി. വ്യവസ്ഥയില്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുന്ന ഏറ്റവും വലിയ ടൂറിസം പ്രോജക്റ്റായി ജടായു ഇക്കോ ടൂറിസം മാറി.
വനവും താഴ്‌വരകളും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞ പ്രകൃതിയുടെ നൈസര്‍ഗികത അതുപോലെ നിലനിര്‍ത്തിക്കൊണ്ടു നിര്‍മിച്ച ടൂറിസമാണ് ജടായുവിലേത്. 250 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുള്ള ശില്‍പത്തിന്റെ ഉള്‍വശത്ത് പതിനയ്യായിരം ചതുരശ്ര അടിയുള്ള മന്ദിരം പോലെയാണ്. ആധുനിക ഡിജിറ്റല്‍ ഓഡിയോ വിഷന്‍ മ്യൂസിയമാണ് ശില്‍പത്തിനുള്ളില്‍ ചിത്രീകരിച്ചിരിക്കുന്നത്. രാവണനും ജടായുവും തമ്മിലുള്ള ആകാശയുദ്ധത്തിന്റെ അദ്ഭുതദൃശ്യമാണ് ഇവിടെ ആവര്‍ത്തിച്ചു കാണിക്കുന്നത്. ജടായുവിന്റെ വലത്തെ കണ്ണിലൂടെ നോക്കിയാല്‍ ദൂരെ അറബിക്കടലിന്റെ വന്യമായ നീലിമ ദര്‍ശിക്കാം. ഇടത്തേകണ്ണിലൂെട നോക്കിയാല്‍ സമീപ ദ്യശ്യങ്ങള്‍ ലഭ്യമാകും. ജടായുവിന്റെ ഒരു ശില്‍പ ചിറകില്‍ രാമായണകഥ അനുഭവവേദ്യമാക്കുന്ന തിയറ്റര്‍ ഒരുക്കിയിരിക്കുന്നു.
പാറയുടെ ഉപരിതലത്തില്‍ നിന്ന് വീണ്ടും ഇരുനൂറ്റി അമ്പതടി ഉയരത്തിലാണ് ശില്‍പം നിര്‍മിച്ചിരിക്കുന്നത്. രണ്ടു വഴികളിലൂടെയാണ് ശില്‍പത്തിനടുത്തേക്ക് എത്താന്‍ കഴിയുന്നത്. റോപ്പ് വേയും വാക്‌വേയും.തെക്കേ ഇന്ത്യയിലെ അത്യാധുനിക കേബിള്‍ കാര്‍ സവാരിയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും ഇറക്കുമതി ചെയ്ത റോപ് വേ സിസ്റ്റമാണ് ഇവിടെ ഉപയോഗിക്കുന്നത്. 8 പേര്‍ക്ക് ഇരിക്കാവുന്ന 16 കാറുകളാണ് ഉള്ളത്. ഒരു മണിക്കൂറിനുള്ളില്‍ 500 പേരെ ഈ കാറുകള്‍ മുകളിലെത്തിക്കും. ഗ്ലാസ് കവര്‍ ചെയ്ത കാറിനുള്ളില്‍ ഇരുന്നുള്ള യാത്ര ആകാശത്ത് തെന്നി നടക്കുന്നതുപോലെ തോന്നിക്കും. 'ഇന്ത്യയിലെ ടൂറിസം കേന്ദ്രങ്ങളിലെ മികച്ച റോപ്പ് വേ എന്ന പേര് ജടായു പാറയ്ക്ക് അവകാശപ്പെടാം' സംഘാടകരില്‍ ഒരാളായ കലാകൃഷ്ണന്റെ വാക്കുകള്‍.
ജടായു ശില്‍പത്തിലേക്കുള്ള രണ്ടാമത്തെ വഴിയാണ് വാക്ക് വേ. ഏകദേശം ഒന്നര കിലോമീറ്ററാണ് ദൂരം. മലയിടുക്കുകളും കാടും കല്‍പ്പടവുകളും കയറിയിറങ്ങിയുള്ള യാത്രയാണിത്. പാറക്കെട്ടുകള്‍ക്കിടയിലൂടെ യാത്ര ചെയ്യുമ്പോള്‍ തോന്നും ഏതോ കൊടുങ്കാട്ടിലൂെടയാണ് ഈ വഴി കടന്നുപോകുന്നതെന്ന്. ഈ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത ഏറെക്കുറെ നീണ്ടു കിടക്കുന്ന കല്‍പ്പടവുകളാണ്. പണ്ട് കേരളത്തില്‍ നിലവിലുണ്ടായിരുന്ന 'കുരുക്ക്‌കെട്ട്' എന്ന സങ്കേതം ഉപയോഗിച്ചാണ് ഈ കല്‍പ്പടവുകള്‍ പണിതിരിക്കുന്നത്. മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് നിയന്ത്രിക്കാതെ, സിമന്റ്, അല്‍പം പോലും ഉപയോഗിക്കാതെ ഒരു കല്ലിനെ മറ്റൊരു കല്ലില്‍ കുരുക്കിയിട്ട് കെട്ടുന്ന ഈ അപൂര്‍വപടിക്കെട്ടുകള്‍ എഴുപതുവയസുകാരനായ ബാലന്‍ പിള്ളയുടെ കൈവിരുതാണ്. അറുപതിനായിരത്തോളം പാറക്കല്ലുകള്‍ ഒറ്റയ്ക്ക് മിനുക്കിയെടുത്താണ് മൂന്നുവര്‍ഷം കൊണ്ട് അദ്ദേഹം ഈ അദ്ഭുതം സാധിച്ചത്.
ഒരു പാറ പോലും പൊട്ടിക്കാതെയാണ് ജടായു ടൂറിസം നടപ്പാക്കിയിരിക്കുന്നത്. ഒറ്റപ്പെട്ടു നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ ധാരാളമുണ്ട് ഇവിടെ. ഈ പാറക്കൂട്ടങ്ങള്‍ക്കകത്ത് പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്ന വന്‍ഗുഹകളും പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വന്‍മരങ്ങളും ഔഷധസസ്യങ്ങളുമുണ്ട്. പ്രകൃതി ഒരുക്കിയ ഈ ഗുഹകളെ അതേപടി നിലനിര്‍ത്തിക്കൊണ്ടുള്ള പാരമ്പര്യ ചികിത്സാരീതി പിന്തുടരുന്ന ഹിലീംഗ് കേവുകളുണ്ട്. പാറക്കൂട്ടങ്ങളെയാണ് റിസോര്‍ട്ടുകളായി മാറ്റിയിരിക്കുന്നത്. നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഗുഹകള്‍ക്കുള്ളില്‍ വച്ചു നല്‍കിയിരുന്ന ആയുര്‍വേദസിദ്ധ ചികിത്സാരീതികളാണ് ഇവിടെയും. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ കേവ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്.
ഇവിടുത്തെ അഡ്വഞ്ചര്‍ ടൂറിസം സോണ്‍ വളരെ ആകര്‍ഷ കമാണ്. പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കിഴ്ക്കാംതൂക്കായ പാറച്ചെരുവുകളിലൂെട സിപ്പ് ലൈന്‍ യാത്ര, റോക്ക് ക്ലൈംബിങ്, ലോ റോപ്പ് ആക്റ്റിവിറ്റീസ് തുടങ്ങിയ സാഹസങ്ങള്‍ക്കുള്ള പ്രത്യേക സൗകര്യവുമുണ്ട്. പാറക്കൂട്ടങ്ങള്‍ക്കിടയില്‍ പണിതിരിക്കുന്ന തണ്ണീര്‍പന്തലുകളും വഴിയമ്പലങ്ങളും കോട്ട കൊത്തളങ്ങളും മറ്റും മറ്റേതോ കാലഘട്ടത്തില്‍ എത്തിയ പ്രതീതി ഉണ്ടാക്കുന്നു. മെട്രോ നഗരങ്ങളില്‍ പരിചിതമായ 'പെയിന്റ്ബാള്‍' എന്ന കായികവിനോദത്തിനുള്ള സൗകര്യം പ്രകൃതി സുന്ദരമായ പശ്ചാത്തലത്തില്‍ ഇവിടെ ഒരുക്കിയിരിക്കുന്നു. അതുപോലെ കമാന്‍േഡാ നെറ്റ്, ബര്‍മാ ബ്രിഡ്ജ് തുടങ്ങി നിരവധി സാഹസങ്ങളുമുണ്ട്.
ജടായു ടൂറിസം നിലവില്‍ വരുന്നതിനു നൂറ്റാണ്ടുകള്‍ മുമ്പുതന്നെ ഇവിടെ ആരാധനയുണ്ടായിരുന്നു. ജടായുവിനും ശ്രീരാമനും പ്രത്യേക പൂജകള്‍ നടത്തിയിരുന്നു. പിന്നീടാണ് കോദണ്ഡരാമ വിഗ്രഹം സ്ഥാപിച്ചതും ക്ഷേത്രം ഉണ്ടായതും. ഇപ്പോള്‍ ക്ഷേത്രം പുനര്‍നിര്‍മാണം പുരോഗമിക്കുന്നു. ജടായുശില്‍പം സര്‍ക്കാര്‍ അംഗീകൃത ടൂറിസം പദ്ധതിയായി നില്‍ക്കുമ്പോള്‍ തന്നെ പാറയ്ക്കു മുകളിലുള്ള കോദണ്ഡ രാമക്ഷേത്രത്തിന്റെ ചുമതല നാട്ടുകാര്‍ ഉള്‍പ്പെട്ട ഒരു ട്രസ്റ്റിനാണ്. ക്ഷേത്രത്തിലേക്ക് പാറയിടുക്കിനിടയിലൂടെ പരമ്പരാഗത വഴിയുണ്ട്.
ലോകത്തിെല ഏറ്റവും വലിയ പക്ഷിശില്‍പ്പം എന്ന ബഹുമതിയിലേക്ക് അടുക്കുകയാണ് ജടായുശില്‍പം. ലോകടൂറിസം ഭൂപടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ശില്‍പങ്ങളെ പരിചയപ്പെടുത്തുന്ന ഹ്രസ്വചിത്രത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ജടായുശില്‍പമാണ്. കാഴ്ചകള്‍ ഇവിടെ അവസാനിക്കുന്നില്ല.
തിരുവനന്തപുരം-കൊട്ടാരക്കര എം. സി. റോഡിലാണ് ചടയമംഗലം. എന്‍. എച്ച് വഴി വരുന്നവര്‍ക്ക് കൊല്ലം- തിരുവനന്തപുരം റോഡില്‍ പാരിപ്പള്ളിയില്‍ നിന്നു ചടയമംഗലത്തേക്കു തിരിയണം. കൊച്ചിയില്‍ നിന്നു 177 കിലോമീറ്റര്‍ ദൂരം. വര്‍ക്കലയാണ് തൊട്ടടുത്ത റെയില്‍വേ സ്‌റ്റേഷന്‍. നാല്‍പതു കിലോമീറ്റര്‍ ദൂരം. തിരുവനന്തപുരം തൊട്ടടുത്ത വിമാനത്താവളം. ചടയമംഗലത്ത് കെ. എസ്. ആര്‍.ടി.സിയുടെ ബസ് സ്റ്റാന്‍ഡ് ഉണ്ട്. ജടായുപാറയിലേക്ക് ഒന്നരകിലോമീറ്റര്‍ ദൂരം. ചടയമംഗലം, കൊട്ടാരക്കര, നിലമേല്‍, കിളിമാനൂര്‍ തുടങ്ങിയവ തൊട്ടടുത്ത പട്ടണങ്ങള്‍. ഇവിടെ താമസസൗകര്യങ്ങളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 94004 47864 എന്ന നമ്പറില്‍ ബന്ധപ്പെടാം.
https://www.facebook.com/Malayalivartha