ഹരിത തുരങ്കത്തിലൂടെയൊരു തീവണ്ടിയാത്ര
ഷൊര്‍ണൂര്‍ ജങ്ഷനില്‍ നിന്നും ഡീസലെഞ്ചിനിലാണ് നിലമ്പൂരിലേക്കുള്ള യാത്ര. ഇന്ത്യയിലെ നന്നേ നീളം കുറഞ്ഞ പാതകളിലൊന്ന്. ബ്രിട്ടീഷ് ഭരണകാലത്ത് വനസമ്പത്ത് കൊള്ളയടിക്കാനും കൂടി ലക്ഷ്യമിട്ടുണ്ടാക്കിയ പാതയായതിനാല്‍ നിറയെ പച്ചപ്പുള്ള വഴിയിലൂടെയാണ് ഈ യാത്ര. ഇനിയും ട്രെയിനില്‍ ചുരുണ്ടു കൂടിയാല്‍ കാഴ്ചകള്‍ കാണാന്‍ കഴിയില്ല. 'രാജ്യറാണി'എക്‌സ്പ്രസ്സിന്റെ ഡീസലെഞ്ചിന്റെ മുരളല്‍ വേറിട്ടറിയാം. ഏറ്റവും നീളം കുറഞ്ഞ ബ്രോഡ്‌ഗേജ് പാതയിലൂടെയാണ് പോകാനുള്ളത്.
ഏതാണ്ട് 66 കിലോമീറ്ററോളം വരും അവിടുന്ന് നിലമ്പൂരിലേക്ക്. ബാക്കിയുള്ളവയില്‍ നിന്ന് അല്‍പം ഉയരത്തിലാണ് ഈ പാത. കണ്‍കുളിര്‍ക്കുന്ന പച്ചപ്പാണ് ഇരുവശവും. 90 വര്‍ഷങ്ങളുടെ പഴമ പറയാനുള്ള ഈ പാതക്ക് സ്വാതന്ത്ര്യസമരവുമായി അഭേദ്യ ബന്ധമുണ്ട്. ബ്രിട്ടീഷുകാര്‍ നമ്മുടെ സമ്പത്ത് ഊറ്റിക്കുടിക്കുന്ന കാലം. നിലമ്പൂര്‍ ഭാഗത്തുനിന്നും തടികളായിരുന്നു പ്രധാനമായും കടത്തിക്കൊണ്ടുപോയിരുന്നത്. ചാലിയാറിലൂടെ കടത്തി ബേപ്പൂരിലൂടെ കടല്‍കടത്തലായിരുന്നു പതിവ്. എന്നാല്‍ 1921-കളിലെ കലാപ കാലത്ത് ചാലിയാറിലെ തടികടത്തല്‍ പൂര്‍ണ്ണമായും തടസ്സപ്പെട്ടു.
ഇതിനൊരു ബദല്‍മാര്‍ഗമായും, ലഹള അടിച്ചൊതുക്കാന്‍ പട്ടാളക്കാരെ എത്തിക്കാനും കൂടിയാണ് ഈ പാത വെട്ടിയതെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. 66000 രൂപ മുടക്കി 1922-ല്‍ പണി തുടങ്ങിയ പാത 1927-ല്‍ യാത്രാസജ്ജമായി. സാങ്കേതികവിദ്യ അത്രയൊന്നും വികാസം പ്രാപിച്ചിട്ടില്ലാത്ത അക്കാലത്ത് നാലുപാലങ്ങളും, പതിനഞ്ചോളം കലുങ്കുകളും, ചെറിയ രീതിയില്‍ പാറ പൊട്ടിച്ചും ദുര്‍ഘടമായ ഈ പാതവെട്ടാന്‍ ബ്രിട്ടീഷ് ഗവണ്മെന്റിനു കേവലം നാലഞ്ച് വര്‍ഷമേ വേണ്ടി വന്നുള്ളൂ എന്നത് അസൂയയോടെ നമുക്കോര്‍ക്കാം. നിലമ്പൂരില്‍ അവസാനിപ്പിക്കാതെ വനത്തിലൂടെ മൈസൂരിലേക്കൊരു പാതയൊരുക്കാനുള്ള തീരുമാനം പിന്നീട് ഉപേക്ഷിക്കുകയാണുണ്ടായതെന്നു കോഴിക്കോട്ടെ റെയില്‍ ആര്‍ക്കൈവ്‌സില്‍ കാണാം.
ലോകമഹായുദ്ധകാലത്ത് ഉരുക്കിന് ക്ഷാമം നേരിട്ടപ്പോള്‍ ബ്രിട്ടീഷുകാര്‍ അഴിച്ചുകൊണ്ടുപോയ ഇവിടുത്തെ റെയില്‍ പാളങ്ങളില്‍ നിലമ്പൂരിലെ പാളങ്ങളും ഉള്‍പ്പെട്ടു. പിന്നീട് 1952-ല്‍ പാത പുനര്‍നിര്‍മിക്കുകയായിരുന്നു. 40 കിമീ/മണിക്കൂര്‍ ആണ് ഈ പാതയിലെ ശരാശരി വേഗത. ഒരുകണക്കിന് കാഴ്ചകള്‍ കാണാന്‍ അതുതന്നെയാണ് നല്ലതും.
മലയാള സിനിമക്ക് ഒരുപാട് ലൊക്കേഷനുകള്‍ സമ്മാനിച്ച, എണ്ണിയാലൊതുങ്ങാത്ത ഗാനരംഗങ്ങളും ഷൂട്ട് ചെയ്ത പാത കൂടിയാണിത്. ഈ പാതയിലെ ആദ്യ റെയില്‍ വേ ഗേറ്റും, സ്‌റ്റേഷനും വാടാനാംകുറുശ്ശിയിലാണ്. രാജ്യറാണിക്കു വാടാനാംകുറുശ്ശിയില്‍ സ്‌റ്റോപ്പില്ല. പച്ചപ്പിനെ വകഞ്ഞുമാറ്റി റാണിമുന്നോട്ടുതന്നെ. ട്രെയിന്‍ വല്ലപ്പുഴയില്‍ നിര്‍ത്തും.പടുകൂറ്റന്‍ വൃക്ഷങ്ങള്‍ക്കടിയില്‍ കൂനിക്കൂടി നില്‍ക്കുന്ന ചെറിയൊരു സ്‌റ്റേഷന്‍. ഏതാനും സെക്കന്റുകള്‍ മാത്രമേ ഇവിടെ സ്‌റ്റോപ്പൊള്ളൂ.
കുലുക്കല്ലൂര്‍ സ്‌റ്റേഷന്‍ കടന്നുപോയതോടെ.അടുത്തും അകലെയുമായി മലകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കുലുക്കല്ലൂരിനും ചെറുകരക്കുമിടയിലാണ് കുന്തിപ്പുഴ കടന്നുപോകുന്നത്. ഈ പാതയിലെ ആദ്യ പാലമാണ് കുന്തിപ്പുഴക്കു മുകളിലൂടെയുള്ളത്.
ആല്‍മരച്ചോട്ടില്‍ വിശ്രമിക്കുന്ന അജ്ഞാതസുന്ദരിയെപ്പോലുള്ള ചെറുകരയെന്ന സ്‌റ്റേഷന്‍ പിന്നിടുന്നതോടെ റബ്ബര്‍ തോട്ടങ്ങള്‍ കണ്ടുതുടങ്ങും. 1912-ല്‍ ഇന്ത്യയിലാദ്യമായി റബ്ബര്‍ കൃഷി തുടങ്ങാന്‍ സര്‍വ്വേനടത്തിയതും, വെച്ചുപിടിപ്പിച്ചതും നിലമ്പൂരിലെ ചാലിയാര്‍ പഞ്ചായത്തിലാണെന്ന് കേട്ടിട്ടുണ്ട്.
തീവണ്ടി അങ്ങാടിപ്പുറത്തെത്തുമ്പോഴേക്കും ഒറ്റവരിപ്പാത അവസാനിക്കും. 'കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്' എന്ന കമല്‍ ചിത്രത്തിലെ കൃഷ്ണഗുഡി എന്ന സാങ്കല്‍പിക റെയില്‍വേ സ്‌റ്റേഷന്‍ അങ്ങാടിപ്പുറമാണെന്നത് അധികമാര്‍ക്കുമറിയില്ല. ഈ സ്‌റ്റേഷനും, പാതയും എണ്ണമറ്റ മലയാള സിനിമകളില്‍ മിന്നിമറഞ്ഞിട്ടുണ്ട്. കുറഞ്ഞകാലം കൊണ്ട് ഹോസ്പിറ്റല്‍ സിറ്റിയായി മാറിയ പെരിന്തല്‍മണ്ണയിലെത്താനുള്ള ഏക റെയില്‍മാര്‍ഗവും ഇതുതന്നെ.
സമുദ്രനിരപ്പില്‍ നിന്നും 2100 അടി ഉയരത്തിലുള്ള കൊടികുത്തിമലയിലേക്കുള്ള സാഹസികയാത്രയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ നിങ്ങള്‍ ഇറങ്ങേണ്ടത് ഇവിടെയാണ്. 1921-ല്‍ മലബാര്‍ കലാപത്തെ അടിച്ചൊതുക്കാന്‍ വെള്ളപ്പട്ടാളം തീവണ്ടിയിറങ്ങിയതും ഇവിടെയാണ്. പത്തോളം പ്രമുഖ ക്ഷേത്രങ്ങള്‍ ഇവിടെയുള്ളതിനാല്‍ 'ക്ഷേത്രനഗരം' എന്ന വിളിപ്പേരുകൂടിയുണ്ട് അങ്ങാടിപ്പുറത്തിന്.
കടലുണ്ടിപ്പുഴയുടെ പോഷകനദിയായ വെള്ളിയാറിന്റെ മുകളിലൂടെ മുന്നോട്ടു പോകുമ്പോള്‍ മരക്കാടുകള്‍ തന്നെയാണ് മുമ്പിലുണ്ടാവുക. നാല് പുഴകള് കടന്നുവേണം നിലമ്പൂരെത്താന്‍. ഓരോ പുഴക്കും പറയാനുണ്ട് കഥകളൊരുപാട്. മേലാറ്റൂര്‍ കടന്ന് മുന്നോട്ടു പോകുമ്പോള്‍ വീണ്ടും പുഴയെത്തും. ഒലിപ്പുഴ. നിങ്ങള് നിലമ്പൂരെത്താറായി എന്ന സൂചനകള്‍ നല്‍കി ഇല്ലിമുളംകാടുകള്‍ കണ്ടുതുടങ്ങും. തുവ്വൂര്‍ ആണ് അടുത്ത സ്‌റ്റേഷന്‍.
സമുദ്രനിരപ്പില്‍ നിന്നും 2000-ലധികം അടി ഉയരത്തിലുള്ള കേരളാംകുണ്ട് വെള്ളച്ചാട്ടത്തില്‍ പോയി മുങ്ങിനിവരണോ ചീവീടിന്റെ കരകരാ ശബ്ദവും, പക്ഷികളുടെ കളകൂജനവും കേട്ട്, ഇലകളുടെ മര്‍മ്മരങ്ങളെ സാക്ഷിനിര്‍്ത്തി കാനനച്ഛായയുടെ നിഴലില്‍ഒന്ന് മുങ്ങിനിവരാന്‍ ആരാണാഗ്രഹിക്കാത്തത്..അതും, ഔഷധ സസ്യങ്ങളുടെ വേരുകള്‍ക്കിടയിലൂടെ ഊര്‍ന്നുവന്ന് 150അടി ഉയരത്തില്‍ നിന്ന് താഴേക്കു പതിക്കുന്ന ഐസുപോലൊത്ത വെള്ളത്തില്‍... എങ്കില്‍ ഇവിടെ ഇറങ്ങാം.ഇവിടെനിന്നും കരുവാരക്കുണ്ടിലേക്ക് ബസ്സ് കയറി അവിടുന്ന് 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കേരളാംകുണ്ടിലെത്താം. പച്ചമരുന്നുകള്‍ സുലഭമായ ഇവിടുത്തെ കാട്ടുചോലകള്‍ക്കു പോലും ഔഷധഗുണമുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതുമാത്രമല്ല, ബറോഡ വെള്ളച്ചാട്ടവും, ചങ്ങലപ്പാറയും, സ്വപ്നക്കുണ്ടും തുടങ്ങി നിരവധിയനവധി കാഴ്ചകള്‍ ഒറ്റ യാത്രയില്‍ ഒപ്പിയെടുക്കാം.
തൊടിയപ്പുലം സ്‌റ്റേഷനും പിന്നിട്ട് റാണി വാണിയമ്പലത്തെക്കു പായവേ കാണാം വാണിയമ്പലം പാറ. പടുകൂറ്റന്‍ കരിമ്പാറക്കുന്നിന് മുകളില്‍ ഒരു കൊച്ചമ്പലം ഉണ്ട്. ദ്വാപരയുഗത്തില്‍ ദേവാസുര യുദ്ധത്തിന് സാക്ഷിയായ പാറക്കെട്ടുകളാണത്രെ അവ. ബാണാസുരന്റെ ആരാധനാ മൂര്‍ ്ത്തിയായ ത്രിപുര സുന്ദരിയാണിവിടുത്തെ മുഖ്യ പ്രതിഷ്ഠ. വണ്ടി വാണിയമ്പലത്ത് കിതച്ചുനിന്നു.
യാത്ര അവസാനിക്കാന്‍ പോകുകയാണെന്ന് തോന്നിക്കും 'നിലമ്പൂര്‍ റോഡ്' എന്ന മഞ്ഞ ബോഡ് മുന്നിലെത്തുമ്പോഴേക്കും.അപ്പോള്‍ ഒറ്റവരിപ്പാത മാറി നാലുവരിപ്പാതയാകും. ഇന്ത്യന്‍ റെയില്‍വേയുടെ ഒരു ഭാഗം ഇവിടെ അവസാനിക്കുകയാണ്. എങ്ങനെയായിരിക്കും റെയില്‍പാളങ്ങള്‍ അവസാനിക്കുന്നത് എന്നറിയാന്‍ ആകാംക്ഷഉണ്ടെങ്കില്‍ ഇറങ്ങി നടന്നുനോക്കാം. പുല്ലും കാടും മൂടിയ ഒറ്റവരിയായി വലിയൊരു മരച്ചുവട്ടില്‍ റെയില്‍പാളം അവസാനിക്കുന്നതു കാണാം. നിലമ്പൂര്‍- നഞ്ചന്‍ഗോഡ് പാത കടന്നുപോകേണ്ട നീലഗിരിക്കുന്നുകള്‍ അവിടെ നിന്നാല്‍ കാണാം. മലബാറിന്റെ സ്വപ്നം, വയനാടിന് റെയില്‍ ഭൂപടത്തില്‍ ഒരിടം. ഈ പദ്ധതി ഏറെക്കുറെ ചുവപ്പുനാടയില്‍ നിന്ന് രക്ഷപ്പെട്ട് പുതിയതലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.നിലമ്പൂരിലെ കാഴ്ചകള്‍ ശരിക്കും തുടങ്ങുന്നത് ഇവിടെ നിന്നുമാണ്.
ഏതാനും നിര്‍ദ്ദേശങ്ങള്‍: തിങ്കള്‍ നിലമ്പൂരില്‍ എത്തുന്ന രൂപത്തില്‍ വരരുത്. കാരണം തേക്ക് മ്യൂസിയം പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കുന്നതല്ല. തെക്കു ഭാഗത്തു നിന്നുവരുന്നവര്‍ രാജ്യറാണിയില്‍ തന്നെ കയറുന്നതാണ് ഉചിതം. ടിക്കറ്റ് റിസര്‍വ്വ് ചെയ്യുന്നതാകും നല്ലത്.
വടക്കു നിന്നോ മറ്റോ വരുന്നവര്‍ രാജ്യറാണിക്കു ശേഷമുള്ള പാസഞ്ചര്‍ ട്രെയിനിനെ കാക്കുക.രാവിലെ തന്നെയാണ് യാത്രക്കു ഏറ്റവും ഉചിതം.മഴക്കാലത്ത് ട്രെയിന്‍ യാത്ര പൊളിക്കുമെങ്കിലും, നിലമ്പൂരിലെ മറ്റു കാഴ്ചകള്‍ കാണാന്‍ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം.മടക്ക സമയത്ത് 8.40-ന്റെ രാജ്യറാണിക്കു റിസര്‍വ്വ് ചെയ്യാത്തവര്‍ 8 മണിക്ക് സ്‌റ്റേഷനില്‍ എത്തുക. എങ്കില്‍ ഇരുന്നെങ്കിലും തിരിച്ചുപോകാം.
https://www.facebook.com/Malayalivartha