പച്ചപ്പും മലയിറങ്ങുന്ന മഴയും മഞ്ഞും ഉള്ള മൂന്നാര്‍
മഞ്ഞിന്‍ പാളി പോലെ വിശുദ്ധമായ കുറേയനുഭവങ്ങളുടെ കഥക്കൂട്ട് മനസിലൊരിടത്ത് എഴുതിയിടാന്‍ ഇടയ്ക്കിടെയിങ്ങനെയൊരു യാത്ര നല്ലതാണ്...അത് നമ്മെ പുനര്‍ജനിപ്പിക്കും...പുതുമഴ നനഞ്ഞ വരണ്ട മണ്ണിനെ പോലെ നമ്മള്‍ പുനര്‍ജനിക്കും. ഇങ്ങനെ മണ്ണിനോടും മഴയോടും മഞ്ഞിനോടും ചേര്‍ന്നിരുന്നു കുറേ ദിനങ്ങള്‍ ചെലവഴിക്കാന്‍ നിങ്ങള്‍ കൊതിക്കുന്നുണ്ടെങ്കില്‍...ആ സ്വപ്ന യാത്ര ചെന്നു നില്‍ക്കേണ്ടത് മൂന്നാറിലും കൂടിയാണ്.
മൂന്നാറിലെ പുലരിയും മഴമേഘപ്പറക്കലും കോടമഞ്ഞിറക്കവുമെല്ലാം പ്രകൃതിയ്ക്കും നമുക്കുമിടയില്‍ മറ്റേതൊരു മാധ്യമത്തിന്റേയും സാന്നിധ്യമില്ലാതെ അനുഭവിച്ചറിയാം. ഇവിടുത്തെ ഇടനാഴികളില്‍ പ്രകൃതി അതിന്റെ സമസ്ത ഭംഗിയോടും കൂടി നിഴലായി കിടക്കുന്നു.
കരിമ്പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന കുഞ്ഞരുവിയില്‍ നിന്നു ചിന്നിച്ചിതറി പറന്നുപൊങ്ങുന്ന മുത്തുമണിയോളം പോന്ന വെള്ളത്തുള്ളികള്‍...അവ കല്ലില്‍ തട്ടി തെറിച്ചുപോകുന്നതു നോക്കിനില്‍ക്കാന്‍ നല്ല ചേലാണ്...അതുപോലെയാണു മൂന്നാറും...ആ ജലത്തുള്ളികള്‍ പോലെ ചിതറിക്കിടക്കുകയാണ് മൂന്നാറിലെ കാഴ്ചകളും...മധുരപ്പുഴയും നല്ലത്താണിപ്പുഴയും കുണ്ഢലിപ്പുഴയും ഒന്നു ചേരുന്ന നാടിനെ മൂന്നാര്‍ എന്നു പേരിട്ടു വിളിച്ചു മലനാട്... ചുരുക്കി പറഞ്ഞാല്‍ മൂന്നാറില്‍ എവിടെ നിന്നു നോക്കിയാലും നമ്മളൊരിക്കലും മറക്കാത്ത പ്രകൃതി സൗന്ദര്യമുണ്ട്. അതില്‍ മുങ്ങിയങ്ങു ഒഴുകി നടക്കുമ്പോള്‍ മറന്നുപോകരുത് മൂന്നാറിന്റെ ആകാശം കാണാന്‍. ആ അന്തരീക്ഷത്തെ സ്വര്‍ഗതുല്യമായ അനുഭൂതി അറിയാന്‍. മൂന്നാറിന്റെ അന്തരീക്ഷത്തിന് നമുക്കുള്ളിലെ എല്ലാ സമ്മര്‍ദ്ദങ്ങളേയും നിരാശകളേയും കെട്ടഴിഞ്ഞ പട്ടം പോലെ പറത്തിവിടാനുള്ള മാന്ത്രികതയുണ്ട്.
പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയും മഞ്ഞിന്‍ പാളിയെ വകഞ്ഞെത്തുന്ന സൂര്യരശ്മികളും കാടിറങ്ങി വരുന്ന മഴ മലമ്പാതകളിലേക്ക് ഇറങ്ങിവരുന്ന കാടിന്റെ സന്തതികളുമൊക്കെയാണ് മൂന്നാര്‍ നല്‍കുന്ന അപൂര്‍വ്വ കാഴ്ചകള്‍. പുതിയ ജീവിതത്തിലേക്കു നടന്നു തുടങ്ങിയവരും തിരക്കില്‍ നിന്ന് ഓടിയെത്തുന്നവരുമൊക്കെ പോകാന്‍ കൊതിക്കുന്ന ഇടം.
മൂന്നാര്‍ ടൗണിലേക്കുള്ള യാത്ര തന്നെ വളഞ്ഞു പുളഞ്ഞ മലമ്പാതകളും കുഞ്ഞു കുഞ്ഞു വെള്ളച്ചാട്ടങ്ങളും മലമടക്കുകളും കണ്ടുകൊണ്ടാണ്... റോസ പുഷ്പങ്ങള്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന, വന്‍ മരങ്ങളുടെ ഇലകള്‍ അടര്‍ന്നു വീണു കിടക്കുന്ന കല്‍വഴികള്‍ പ്രിയപ്പെട്ട പാട്ടു േകട്ട് മഞ്ഞു കൊണ്ട് കയ്യിലൊരു കാമറയും തൂക്കി എത്ര നടന്നാലും ഈ വഴികള്‍ പിന്നെയും നമ്മെ കൊതിപ്പിച്ചു കൊണ്ടേയിരിക്കും.
പച്ചപ്പും മലയിറങ്ങുന്ന മഴയും മഞ്ഞും മാത്രമുള്ള മൂന്നാറിലെ ഏറ്റവും പ്രാദേശികമായൊരിടത്തെ ഒരു ചെറുമലയ്ക്കു മുകളില്‍ പരന്നു കിടക്കുന്ന കൊട്ടാരം. കണ്ണെത്താ ദൂരത്തോളം വിരിഞ്ഞു കിടക്കുന്ന തേയിലത്തോട്ടങ്ങളിലേക്കും മാട്ടുപ്പെട്ടിയിലെ സൂര്യോദയത്തിലേക്കും നീലക്കുറിഞ്ഞി പൂക്കുന്ന, വരയാടുകളുള്ള ഇരവികുളം ദേശീയോദ്യാനത്തിലേക്കും പിന്നെ എണ്ണിയാലൊടുങ്ങാത്ത മലമേടുകളിലേക്കും സ്വപ്നങ്ങള്‍ കണ്ട് യാത്ര ചെയ്യാന്‍ മൂന്നാര്‍ ടൗണില്‍ സ്ഥിതി ചെയ്യുന്ന ടീ കൗണ്ടിയില്‍ നിന്ന് ഒരേ ദൂരമാണ്.
രാവിന്റെ പകുതിയില്‍ ചെറുനിലാ വെട്ടത്ത് മഞ്ഞു പെയ്തിറങ്ങുന്നത് കാണണം. രാക്കിളിയുടെ നാദം മാത്രമുള്ളൊരു രാത്രി വെറുതെ കണ്ണടച്ച് ജനാലയ്ക്കരികിലിരിക്കണ. കാടിന്റെ കറുപ്പഴകുള്ള രാത്രിയുടെ മൗനത്തിനപ്പുറം ഒഴുകിപ്പോകുന്ന അരുവിയുടെ നാദത്തിലേക്ക് കാതോര്‍ത്ത് വെറുതെയിറങ്ങി നടക്കണം. ഈറനണിഞ്ഞ് കിടക്കുന്ന കരിയിലക്കൂട്ടങ്ങളിലൂടെ നടന്ന് മലകയറണം. പുലരി വിരിഞ്ഞുണര്‍ന്നു ചിരിക്കുന്നത് ആ മലമുകളിലൊരിടത്തിരുന്നു കാറ്റുകൊണ്ടിരുന്നു കാണണം. പിന്നെ വൈകുന്നേരം പാതികറുത്ത മേഘക്കൂട്ടങ്ങളുടെ പശ്ചാത്തലത്തില്‍ അങ്ങകലെയൊരു പക്ഷി കൂടണയാന്‍ പാറിപ്പോകുന്നത് കണ്ട് മലയിറങ്ങണം.നമ്മുടെ കണ്ണുകള്‍ കൊണ്ട് കാണുമ്പോള്‍ ഒരു ചേല്...കാമറയില്‍ പകര്‍ത്തുമ്പോള്‍ മറ്റൊരു ചേല്..
https://www.facebook.com/Malayalivartha