നൂല്‍മഴപെയ്യുന്ന ഇലവീഴാപൂഞ്ചിറ
മഞ്ഞും മഴയും കുളിര്‍ക്കാറ്റും ചൊരിയുന്ന മലമുകളില്‍. .മോക്ഷ ത്തിനും പുണ്യത്തിനും അപ്പുറം കാഴ്ച എന്ന പ്രതീക്ഷയുമായി യാത്ര ആരംഭിക്കാം..മഴ നനഞ്ഞും.. മഞ്ഞില്‍ കുളിച്ചും... കാഴ്ചകളില്‍ മതിമറന്നു കുന്നുകളും മലകളും കീഴടക്കി യാത്ര.. ആ യാത്രകളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്നതാണ് ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രകള്‍...
ഏതു നേരവും തഴുകിയെത്തുന്ന കുളിര്‍ കാറ്റ് മലനിരകളെ പൊതിഞ്ഞുസംരക്ഷിക്കാന്‍ സ്വയം മൂടുപടമാകുന്ന കോടമഞ്ഞ്, ഇടയ്ക്കിടെ വിരുന്നെത്തുന്ന നൂല്‍മഴ.. ഇലവീഴാപൂഞ്ചിറയെ സുന്ദരിയാക്കാന്‍ ഇത്രെയൊക്കെ തന്നെ ധാരാളം. പേരില്‍ കൗതുകം നിറഞ്ഞിരിക്കുന്ന ഈ സുന്ദരിയെ ഒന്ന് കാണാന്‍ കൊതിക്കാത്തവര്‍ ചുരുക്കം. നയനങ്ങളെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍. ജീപ്പും ബൈക്കും മാത്രം എത്തിച്ചേരുന്ന ഒരിടം.. എന്നാല്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഈ വഴികളിലൂടെയുള്ള യാത്ര ഇലവീഴാപ്പൂഞ്ചിറയെ വ്യത്യസ്തമാക്കുന്നു.
മൂന്നുമലകള്‍ കോട്ടവിരിക്കുന്ന മനോഹര പ്രദേശമാണ് ഇലവീഴാപ്പൂഇഞ്ചിറ.സമുദ്ര നിരപ്പില്‍ നിന്നും 3200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. മാന്‍കുന്ന്, കൊടിയത്തൂര്‍ മല, തോണിപ്പാറ. ഈ മൂന്നു മലകള്‍ വിരിക്കുന്ന സൗന്ദര്യം പറഞ്ഞറിയിക്കാന്‍ കഴിയില്ല;കണ്ടു തന്നെ അറിയണം. പൂഞ്ചിറയില്‍ എത്തിയാല്‍ ആദ്യം കാണുന്ന കാഴ്ച നീലാകാശത്തു തൊട്ടു നില്‍ക്കുന്ന മനോഹരമായ പുല്‍മേടാണ് . പുല്‍മേട്ടിലൂടെ നടന്നുനീങ്ങുമ്പോള്‍ കാതുകളില്‍ ചൂളംമീട്ടുന്ന കാറ്റ്.. കാറ്റിനൊപ്പം പുല്‍മേടിനെ കുളിരണിയിക്കാനെത്തുന്ന നൂല്‍മഴ.. ഇലവീഴാപൂഞ്ചിറയിലെ യാത്രയില്‍ കൂട്ടിനായി മിക്കപ്പോഴും നൂല്‍മഴയുണ്ടാവും. നാലോ അഞ്ചോ ജില്ലകളിലെ കാഴ്ചകളാണ് ഇലവീഴാ പൂഞ്ചിറയില്‍നിന്നു കാണാന്‍ സാധിക്കുന്നത്.
ഇലവീഴാ പൂഞ്ചിറയില്‍നിന്നുള്ള ഉദയവും അസ്തമയവും കാണുക എന്നത് ഭാഗ്യമയി കരുതുന്നവരുമുണ്ട്.ആത്രയ്ക്കും മനോഹരമാണ്.
കുന്നിന്‍ മുകളില്‍ പഴയ തീവണ്ടി ബോഗികൊണ്ട് സ്ഥാപിച്ച ഒരു വയര്‍ലെസ് സ്‌റ്റേഷന്‍ ഉണ്ട്..
ഇവിടുത്തെ കാറ്റിനോട് മത്സരിച്ചു ഇവിടെ നിലനിക്കാന്‍ ഈ ബോഗിക്കെ കഴിയു..
ഇലവീഴാപൂഞ്ചിറയെ ചുറ്റിപ്പറ്റി ഐതീഹ്യങ്ങള്‍ ഏറെയാണ്. ജന്മം തന്നെ ഒരു ഐതീഹ്യമായ നാട്ടില്‍ ഐതിഹ്യ കഥകള്‍ക്ക് പഞ്ഞമുണ്ടാകാന്‍ വഴിയില്ലല്ലോ.. ഐതീഹ്യകഥകളിലേയ്ക്ക് കടക്കാം . പഞ്ചപാണ്ഡവന്മാര്‍ ഇവിടെ താമസിച്ചിരുന്നു എന്നും പാഞ്ചാലിക്ക് കുളിക്കുന്നതിനായി മനോഹരമായ ഒരു ചിറ ഇവിടെ നിര്‍മ്മിച്ചിരുന്നു എന്നും വിശ്വസിക്കുന്നു. ഭീമസേനന്‍ കാറ്റിന്റെ സഹായത്തോടു കൂടി ഇലകളെ പറത്തിവിടുകയും ചിറയില്‍ അങ്ങനെ പൂക്കള്‍ മാത്രം വീഴാന്‍ ഇടയാക്കുകയും ചെയ്തു എന്ന ഐതീഹ്യവുമുണ്ട്. വനവാസകാലത്തു ശ്രീരാമനും സീതാദേവിയും ലക്ഷ്മണകുമാരനോടൊത്തു ഇവിടെ താമസിച്ചിരുന്നതായും വിശ്വസിക്കുന്നു.. ശ്രീരാമനെ മോഹിച്ച ശൂര്‍പ്പണഖ എന്നാരാക്ഷസി തന്നെ വരിക്കാന്‍ ശ്രീരാമനോട് ആവശ്യപ്പെടുകയും എന്നാല്‍ തന്റെ അനുജന്‍ ലക്ഷ്മണനെ വരിക്കാന്‍ ശ്രീരാമന്‍ പറയുകയും രാക്ഷസിയെ തിരിച്ചറിഞ്ഞ ലക്ഷ്മണന്‍ രാക്ഷസിയുടെ മാറും മൂക്കും ഛേദിക്കുകയും ചെയ്തു . ഈ സംഭവം നടന്നതും ഇലവീഴാപൂഞ്ചിറയില്‍ വെച്ചാണെന്നും നാട്ടുകാര്‍ തലമുറകളായി വിശ്വസിച്ചു പോരുന്നു..
കാഴ്ചകള്‍ക്കൊപ്പം ഐതീഹ്യങ്ങളുടെ പരിശുദ്ധി കൂടിയാവുമ്പോള്‍ പൂഞ്ചിറ പകരുന്നത് ഒരു ദിവ്യ അനുഭൂതി കൂടിയാണ്....അത് അനുഭവിച്ചു തന്നെ അറിയണം.. സര്‍വ സൗന്ദര്യവും എടുത്തുകാട്ടി സഞ്ചാരികളെ മാടിവിക്കുന്ന പൂഞ്ചിറയുടെ വിളി ഇനിയുംകേള്‍ക്കാത്ത സഞ്ചാരികളെ കാഴ്ചകളുടെ കൗതുകങ്ങളിലേയ്ക്ക് കൂട്ടുകൂടാം. സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം നവംബര്‍ /മാര്‍ച്ച് .ഈരാറ്റുപേട്ട മുട്ടം റൂട്ടില്‍ 20കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ഇവിടെയെത്താവുന്നതാണ്. തൊടുപുഴയാണ് അടുത്തുള്ള ബസ്റ്റാന്റ്.
https://www.facebook.com/Malayalivartha