ചരിത്രസ്മരണകള്‍ ഉണര്‍ത്തുന്ന ഗോവിന്ദമൂല ചിറ
സര്‍വ പ്രതാപത്തോടെയും തലയുയര്‍ത്തി നില്‍ക്കുന്ന അമ്പുകുത്തി മല. അതിന്റെ താഴ്‌വാരത്ത് അഴക് ചൂടി നില്‍പ്പുണ്ട് ഗോവിന്ദമൂല ചിറ. എടയ്ക്കല്‍ ഗുഹയുടെ മറുഭാഗത്തെ താഴ്‌വരയില്‍.ബത്തേരിയില്‍ നിന്ന് അമ്പുകുത്തി റോഡിലൂടെ ആറ് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ ഗോവിന്ദമൂല എന്ന ചെറിയ ഗ്രാമത്തിലെത്താം.
അവിടെ റോഡില്‍ നിന്ന് 200 മീറ്ററോളം മാറി അമ്പുകുത്തി മലയെ മുട്ടിയുരുമ്മി കിടപ്പാണ് ചിറ. ചിറയിലെ പാറകളില്‍ അടുത്ത കാലത്ത് പ്രാചീന ശിലാ ചിത്രങ്ങള്‍ കണ്ടെത്തുകയുണ്ടായി.
എടയ്ക്കല്‍ ഗുഹാ ചിത്രങ്ങളോട് സദൃശമായ ഈ ചിത്രങ്ങളുടെ സാന്നിധ്യം ഈ ചിറയും പരിസരവും അതിപുരാതനമായ ഒരു സംസ്‌കാരത്തിന്റെ വിളനിലങ്ങളായിരുന്നു എന്ന വസ്തുത വിളിച്ചോതുന്നു. ഇവിടെ കാഴ്ചകള്‍ അതിസുന്ദരമാണ്. തെളിഞ്ഞ ജലം നിറഞ്ഞ ചിറയില്‍ ഇടക്കിടെ മീനുകള്‍ ഓളം വെട്ടി ജലനിരപ്പിന് മുകളിലേക്ക് വന്ന് മറയും.
ചിറയുടെ സമീപത്തും ചിറയിലുമായി ഉള്ള പാറകളില്‍ പുരാതന ശിലാചിത്രങ്ങള്‍ കാണാം. ഒരു വശത്ത് ആമ്പല്‍ച്ചെടികള്‍ വളര്‍ന്നു നില്‍പ്പുണ്ട്. ഗാംഭീര്യം നിറഞ്ഞ അമ്പുകുത്തിമലയുടെ ഇവിടെ നിന്നുള്ള ദൃശ്യം മനോമോഹനമാണ്.
എടയ്ക്കല്‍ ഗുഹാ സംസ്‌കാരത്തിന് ഏകദേശം 8000 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇവിടെ കാണുന്ന ശിലാലിഖിതങ്ങള്‍ ഏറെ പ്രത്യേകത നിറഞ്ഞതും ദക്ഷിണേന്ത്യയില്‍ മറ്റെവിടെയും കാണാത്തതുമാണ്.
https://www.facebook.com/Malayalivartha