മറക്കാനാകാത്ത യാത്രാനുഭവത്തിനായ് വണ്ടികയറാം ഇല്ലിക്കല്‍കല്ലിലേക്ക്
കഥകളും ഐതീഹ്യങ്ങളും കെട്ടുപിണഞ്ഞ് കിടക്കുന്ന, കോട വിരുന്നെത്തുന്ന ഇല്ലിക്കല്‍ കല്ലിലേക്കൊരുയാത്ര മറക്കാനാവാത്ത അനുഭവമാണ് ഇവിടെയെത്തുന്ന ഓരോരുത്തര്‍ക്കും സമ്മാനിക്കുന്നത്. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഇല്ലിക്കല്‍കല്ല്. മീനച്ചിലാറിന്റെ തുടക്കസ്ഥാനമായ ഈ കൊടുമുടി ഈരാറ്റുപേട്ടയ്ക്കടുത്ത് തലനാട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു.
4000 അടി ഉയരമുള്ള ഇല്ലിക്കല്‍ കല്ല് മൂന്നു പാറക്കൂട്ടങ്ങള്‍ ചേര്‍ന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും തൊട്ടടുത്ത് സര്‍പ്പാകൃതിയില്‍ കാണപ്പെടുന്ന പാറ കൂനന്‍ കല്ല് എന്നും അറിയപ്പെടുന്നു.
കോടയുടെ കുളിരില്‍ മുകളിലേക്ക്ചുരം കയറാം. ചുരം കയറും തോറും കാഠിന്യം കൂടി വരുന്ന കോടയെ വകവയ്ക്കാതെ ഹെയര്‍പിന്‍ വളവുകളെ തോല്‍പ്പിച്ച് ഇല്ലിക്കല്‍ കല്ലിനെ ലക്ഷ്യമാക്കി യാത്ര തുടരൂ. മുകളില്‍ ചെന്നാല്‍ ആകാശം മുട്ടി നില്‍ക്കുന്ന ഇല്ലിക്കല്‍ കല്ലിന്റെ അവ്യക്തരൂപം കാണാം. അവിടെ നിന്ന് നിന്നും കുറച്ചു നടക്കണം. കല്ലിന്റെ ചുവട്ടില്‍ എത്തുമ്പോള്‍ നടപ്പ് നിര്‍ത്താം.
അവിടെ മനം കവരുന്ന കാഴ്ചകളാണ് കാത്തിരിക്കുന്നത്. കോടയും, കണ്ണെത്താ ദൂരത്തോളം പടര്‍ന്നു കിടക്കുന്ന മലനിരകളെ തഴുകി വരുന്ന കാറ്റും തണുപ്പിന്റെ ആക്കം കൂട്ടുമ്പോഴും ഇല്ലിക്കല്‍ കല്ലെന്ന സൗന്ദര്യത്തില്‍ മുഴുകി സ്വയം മറന്നിരുന്നു പോകും. ചുരമിറങ്ങി യാത്ര തുടരുമ്പോഴും മനസില്‍ നിറയെ ഇല്ലിക്കല്‍ കല്ലും, കല്ലിനെ തഴുകുന്ന കോടയുടെ തണുപ്പും മാത്രമായിരിക്കും.
https://www.facebook.com/Malayalivartha