സഞ്ചാരികളുടെ മനംകവര്‍ന്ന് വൈക്കം കായലോര ബീച്ച്
തിരയോടും കാറ്റിനോടും സല്ലപിച്ച് കുടുംബവുമായി സായാഹ്നം ചെലവഴിക്കാന്‍ ആലപ്പുഴയിലെയും കൊച്ചിയിലെയും കടലോരത്ത് പോകേണ്ടതില്ല. വൈക്കത്ത് വേമ്പനാട്ട് കായലോരത്ത് ബോട്ടു ജെട്ടിക്ക് സമീപത്തായി നഗരസഭ തീര്‍ത്ത ഏഴ് ഏക്കര്‍ വിസ്തൃതിയുള്ള കായലോര ബീച്ച് അക്ഷരാര്‍ഥത്തില്‍ ഇപ്പോള്‍ സ്‌നേഹതീരമാണ്.
തിരയില്‍ ആടിയുലയുഞ്ഞ ചെറുവഞ്ചികള്‍, വാഹനങ്ങള്‍ കയറ്റിയ ജങ്കാര്‍, യാത്രക്കാരുമായി മറുകര കടക്കുന്ന യാത്രാ ബോട്ടുകള്‍, യാത്രക്കാരുമായി നിശബ്ദം ഒഴുകിനീങ്ങുന്ന രാജ്യത്തെ ആദ്യ സോളാര്‍ ബോട്ട്, ചീനവലകള്‍ തുടങ്ങി കായലോര ബീച്ചില്‍ എത്തുന്നവരുടെ മനസ് നിറയ്ക്കുന്ന നിരവധി അവിസ്മരണിയ കാഴ്ചകളാണ് വേമ്പനാട് കായല്‍ തീരം സമ്മാനിക്കുന്നത്. മാലിന്യ മുക്തമായ കായലോരത്ത് വൈകുന്നേരങ്ങളില്‍ എത്തുന്നവരിലധികവും സ്ത്രീകളും കുട്ടികളുമാണ്.
നഗരസഭാ ഫണ്ടില്‍നിന്ന് 65 ലക്ഷം രൂപയും. മുന്‍ എംഎല്‍എ കെ.അജിത്തിന്റെ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് ലഭിച്ച 25 ലക്ഷം രൂപയും ഉപയോഗിച്ചാണ് ബീച്ചിന്റെ സൗന്ദര്യവത്കരണം നടത്തിയത്.
ജങ്കാര്‍ ജെട്ടി മുതല്‍ ബീച്ചുവരെ 30 ചാരുബഞ്ചുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഗ്രാനൈറ്റ് സ്ലാബിട്ട 14 കോണ്‍ക്രീറ്റ്‌ബെഞ്ചുകളുമുണ്ട്. മൂന്നു മീറ്റര്‍ വീതിയില്‍ ജങ്കാര്‍ജെട്ടി മുതല്‍ ബീച്ച് വരെ ടൈല്‍ പാകിയ നടപ്പാതയുണ്ട്. രാത്രി വെള്ളിവെളിച്ചം വിതറി തീരത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കാന്‍ ബീച്ചില്‍ 75 എല്‍ഇഡി ബള്‍ബുകള്‍ തെളിയും.
നടപ്പാതയ്ക്ക് പിന്നിലായി 80 മീറ്റര്‍ നീളത്തിലും 56 മീറ്റര്‍ വീതിയിലും കളിക്കളം തീര്‍ക്കുന്ന ജോലികളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. കായലോര ബീച്ചില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സറ്റെയിന്‍ലെസ് സ്റ്റീല്‍ കൈവരി നിര്‍മിക്കാന്‍ നഗരസഭ 14 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha