കോട്ടകളുടെ കോട്ടയായ ബേക്കലിലേക്ക്
പ്രകൃതിയുടെ മനോഹരമായ ഇടത്തില്‍ കെട്ടിപ്പൊക്കിയ മഹാസൗധം, അതാണ് ബേക്കല്‍ കോട്ട. പോയ കാലത്തെ സാമൂഹ്യ സാംസ്‌കാരിക ഭരണ ചരിത്രത്തിലേക്ക് വിരല്‍ചൂണ്ടുന്ന ഒരു സ്‌മാരകം മാത്രമല്ല ബേക്കല്‍ കോട്ട ഇന്നത് കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്‌ക്ക് തന്നെ മുതല്‍ക്കൂട്ടാണ്. കാസര്‍ഗോഡ്-കാഞ്ഞങ്ങാട് തീരദേശ മേഖലയില്‍ പള്ളിക്കര പഞ്ചായത്തിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. കാസര്‍ഗോഡ് നഗരത്തില്‍ നിന്നും 12 കിലോമീറ്ററും കാഞ്ഞങ്ങാട്ടു നിന്ന് 10 കിലോമീറ്ററുമാണ് ഇവിടേയ്‌ക്കുള്ള ദൂരം. ആര്‍ത്തിരമ്പുന്ന അറബിക്കടലിന്റെ സംഗീതവും തിരമാലകള്‍ തീര്‍ക്കുന്ന നിലക്കാത്ത ആരവങ്ങളും തലോടിയാണ് ബേക്കല്‍ കോട്ടയുടെ നില്‍പ്പ്.
കോട്ടയുടെ എല്ലാ ഭാഗങ്ങളിലും കൊത്തളങ്ങള്‍. ഒട്ടേറെ പടിക്കെട്ടുകളോടു കൂടിയ വലിയ കുളം, തെക്കു ഭാഗത്തായി കടല്‍ത്തിരത്തേക്ക് വഴിയൊരുക്കന്ന രഹസ്യ കവാടം, വെടിമരുന്ന് സൂക്ഷിക്കാനുപയോഗിച്ചിരുന്ന മരുന്നറ എന്നിവ നൂറ്റാണ്ടുകള്‍ക്കിപ്പുറം ഇവിടെ അവശേഷിക്കുന്നു.
ഹനുമാന്‍ ക്ഷേത്രവും സമീപത്തായുള്ള മുസ്ലീം പള്ളിയും മതസൗഹാര്‍ദ്ദം വിളിച്ചോതി ഇന്നും നിലകൊള്ളുന്നു.
കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കല്‍ പതിനേഴാം നൂറ്റാണ്ടില്‍ ഇക്കേരി നായ്ക്കരിലെ ശിവപ്പ നായിക്കാണ് നിര്‍മ്മിച്ചതെന്നു കരുതുന്നു. നാല്‍പ്പതേക്കറില്‍ ഏകദേശം വൃത്താകൃതിയില്‍ വ്യാപിച്ചു കിടക്കുന്ന കോട്ട. മൂന്നു വശവും കടല്‍. കോട്ടയുടെ പ്രവേശന കവാടത്തിനടുത്ത് മുഖ്യപ്രാണ ആഞ്ജനേയ ക്ഷേത്രം. കോട്ടയുടെ തെക്കു ഭാഗത്തുള്ള ബീച്ചിനോടു ചേര്‍ന്ന് ബേക്കല്‍ ബീച്ച് ഗാര്‍ഡന്‍. കോട്ടക്കുള്ളിലെ ഏറ്റവും വലിയ നിര്‍മ്മിതി ചെരിഞ്ഞു കയറിപ്പോകാവുന്നനിരീക്ഷണഗോപുരമാണ്.
എല്ലാ ഭാഗത്തും കൊത്തളങ്ങള്‍. പടിഞ്ഞാറു ഭാഗത്തുള്ള കോട്ടയുടെ ചെറിയ പ്രവേശനദ്വാരം കടന്ന് പടവുകളിറങ്ങിയാല്‍ പാറക്കെട്ടുകള്‍ നിറഞ്ഞ ചെറുതെങ്കിലും മനോഹരമായ ബീച്ച്. വലതു വശത്ത് കടലിലേക്ക് കൈനീട്ടിയെന്നപോലെ നില്‍ക്കുന്ന കൊത്തളം .അസ്തമനമാസ്വദിക്കാന്‍ പറ്റിയ അന്തരീക്ഷം.
കോട്ടക്കകത്തെ ഗസ്റ്റ് ഹൗസുണ്ടെങ്കിലും അതിന്റെ നില പരുങ്ങലിലാണ്. കോട്ടയുടെ നിയന്ത്രണം പൂര്‍ണ്ണമായും പുരാവസ്തവകുപ്പിനാണ്. ബേക്കലിന്റെയും പരിസര പ്രദേശങ്ങളുടേയും പ്രധാന ആകര്‍ഷണം ജനബാഹുല്യം കുറഞ്ഞ കലര്‍പ്പില്ലാത്ത വിശാല തീരങ്ങളാണ്. കടലിലേക്ക് ഇടക്കിടെ ഇറങ്ങി വരുന്ന ചെറിയ പുഴകള്‍. കൊച്ചു ലഗൂണുകള്‍. ശാന്തമായ അന്തരീക്ഷം. അന്താരാഷ്ട്ര നിലവാരത്തിലുള്ള നിരവധി ഹോട്ടലുകളും റിസോര്‍ട്ടുകളും ബേക്കലിലും പരിസര പ്രദേശങ്ങളിലും ഉയര്‍ന്നു കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha