അധികമാരും ചെന്നെത്താത്ത കൂമ്പമല
വയനാട്ടിലേക്കുള്ള യാത്രയില്‍ ഈങ്ങാമ്പുഴ എത്തുന്നതിന് മുമ്പ് ഇടതുഭാഗത്തായി അംബരചുംബിയായ ഒരു കൂമ്പനെ കാണാത്തവര്‍ കുറവായിരിക്കും. ഇതുവരെ കാണാത്തവര്‍ ഇനിയൊന്ന് ശ്രദ്ധിക്കണം. താമരശ്ശേരി കഴിഞ്ഞ് ചിലയിടങ്ങളില്‍ ആ സൂചിപോലെയുള്ള മല റോഡിലിറങ്ങിയ പോലെ നടുവിലായി തോന്നാറുണ്ട്.
നാം വായിച്ചു തീര്‍ത്ത പല നോവലുകളുടെയും താളുകളിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുന്ന മലനാട്. കോഴിക്കോട് അറബിക്കടലിന്റെ ഓരത്ത് നിന്ന് 42 കിലോമീറ്റര്‍ താണ്ടി ഇവിടം വരെ എത്തണമെങ്കില്‍... സമുദ്രനിരപ്പില്‍ നിന്ന് 3780 അടി, അഥവാ 1152 മീറ്റര്‍ ഉയരത്തില്‍, സിംഹഭാഗവും നടന്ന് തന്നെ കയറണം.
ഒരു ഭാഗം മലബാര്‍ വന്യജീവി സാങ്കേതവും മറുഭാഗം കര്‍ലാടി റെയ്ഞ്ചിലെ ആനമലയും വയനാടന്‍ മല നിരകളും. താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ചിലെ പുതുപ്പാടി സെക്ഷനില്‍ സ്ഥിതി ചെയ്യുന്ന കൂമ്പമല, നിത്യഹരിത വനങ്ങളാലും ഷോല വനങ്ങളാലും പുല്‍മേടുകളാലും സമ്പന്നമാണ്. വേനലവസാനത്തില്‍ മാത്രമാണ് പുതുപ്പാടി സെഷനിലെ കക്കാട് ടൂറിസം ഓഫീസില്‍ നിന്ന് കൂമ്പമല ട്രെക്കിങ്ങിന് അനുമതി കൊടുക്കുന്നത്. ഭക്ഷണം ഉള്‍പ്പെടെയുള്ള പതിനഞ്ച് പേര്‍ക്കുള്ള പാക്കേജുകളില്‍ ഒരു ഫോറസ്റ്റ് ഓഫീസറും ഒരു ആദിവാസി വഴികാട്ടിയും കൂടെയുണ്ടാവും. പാറപ്പുറത്ത് ഉറങ്ങാനും മഞ്ഞും മഴയും ഏല്‍ക്കാതിരിക്കാനുമായി കയ്യില്‍ ടെന്റ് കരുതാം.
മുകളില്‍ അട്ടയുടെ ശല്ല്യം ഉണ്ടാവും എന്ന് ആദ്യം തന്നെ ഗൈഡ് പറയും. സോപ്പ്, ഡെറ്റോള്‍ പോലുള്ള കെമിക്കലുകള്‍ അട്ടയെ പ്രതിരോധിക്കുമെങ്കിലും ഒരിക്കലും കാനനയാത്രയില്‍ അതുപോലുള്ളവ ഉപയോഗിക്കരുത്. അത് കാടിന്റെ ജൈവ സമ്പത്തും ആവാസവ്യവസ്ഥയും തകിടം മറിക്കും എന്ന ബോധം സദാ ഉണ്ടാവണം. ട്രെക്കിങ്ങിനിടെ അട്ടയുടെ കടി കൊണ്ട് ആരും മരിച്ച ചരിത്രമൊന്നും ഇല്ലല്ലോ, പിന്നെ അട്ടകടി പേടിയുള്ളവര്‍ കാട് കയറാതിരിക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം.
നമ്മുടെ കാടുകളിലെ തണുപ്പ് കൂടിയ ചതുപ്പ് നിലങ്ങളില്‍ കറുപ്പ്, തവിട്, പച്ച തുടങ്ങിയ നിറങ്ങളില്‍ അട്ടയെ കാണപ്പെടാറുണ്ട്. 2.5 സെന്റീമീറ്റര്‍ മുതല്‍ നീളമുള്ളവ. പോത്തട്ട അല്പ്പം കൂടി വലിപ്പമുള്ളവയാണ്. വാല്‍ഭാഗം ഉപയോഗിച്ച് ശരീരത്തില്‍ പറ്റിപ്പിടിക്കാനും വായ ഉപയോഗിച്ച് നമ്മെ വേദനിപ്പിക്കാതെ ചോര കുടിച്ച് ഇറങ്ങിപ്പോവാനും ഇവന്മാര്‍ മിടുക്കരാണ്. കടിച്ചു രക്തം വലിച്ചെടുക്കുന്നതോടെ 'ഹിറുഡിന്‍' എന്നൊരു വസ്തുവിനെ മുറിവിനുള്ളിലേയ്ക്കു പ്രവഹിപ്പിക്കുന്നതിനാല്‍ രക്തം കുറച്ചു നേരം കട്ടപിടിക്കില്ല. ചിലര്‍ക്ക് കടിച്ച ഭാഗത്ത് മാസങ്ങളോളം ചൊറിച്ചില്‍ ഉണ്ടാവാം. തനിയെ പിടി വിടാതെ പറിച്ചു കളയുന്നവര്‍ക്കാണ് ചൊറിയാന്‍ സാധ്യത കൂടുതല്‍. കാരണം അവറ്റകളുടെ പല്ലിന്റെ ഭാഗം മുറിവില്‍ പിടിച്ചു നില്ക്കുന്നത് കൊണ്ടാണത്രേ. അട്ടകള്‍ മാസങ്ങളോളം ആഹാരം കഴിക്കാതെ കഴിഞ്ഞുകൂടും. ഇനി പ്രതിരോധ മാര്‍ഗ്ഗം നിര്‍ബന്ധമാണെങ്കില്‍ നാടന്‍പുകയില, ചുണ്ണാമ്പ് , ഉപ്പ് , തീ പോലെയുള്ള പ്രകൃതിക്ക് ദോഷം ചെയ്യാത്ത രീതികള്‍ പരീക്ഷിക്കാം.
ഫുഡ് ഒഴിവാക്കിയുള്ള പാക്കേജ് എടുത്താല്‍ 700 രൂപയില്‍ ചിലവുകള്‍ ഒതുങ്ങും. കാടും വെള്ളവും അപകടകാരികളാണ്. ഈ കാട്ടുചോലയാണ് കക്കാട് വനപര്‍വ്വം ഇക്കോ ടൂറിസം പാര്‍ക്കിലൂടെ ഒഴുകുന്നത്. ഓര്‍മ്മ മരിക്കുവോളം കൂടെ കൊണ്ടുനടക്കാന്‍ ഒരു പിടി നല്ല അനുഭവങ്ങള്‍ നല്‍കും ഈ കാനനയാത്ര.
https://www.facebook.com/Malayalivartha