നിലമ്പൂരും നിലമ്പൂര്‍ തേക്കുകളും കഥ പറയുന്നു
നിലമ്പൂരിന്റെ ചരിത്ര വീഥികളിലൂടെ കടന്നു പോകുന്നവര്‍ക്ക് നിലമ്പൂരിന് പറയാനുള്ള കഥകള്‍ക്ക് കാതോര്‍ക്കാതിരിക്കാനാകില്ല. മുത്തശ്ശിക്കഥകള്‍ക്കുമപ്പുറം സത്യത്തിന്റെ സദൃശ്യചലനങ്ങള്‍ ആവാഹിച്ച കഥകള്‍. ഗൃഹാതുരത്വം വീശിയടിക്കുന്ന നിരവധി ദൃശ്യവിസ്മയങ്ങളെ മജ്ജയും മാംസവും നല്‍കി പുനരുജ്ജീവിപ്പിക്കുകയാണ് നിലമ്പൂര്‍.
നിലമ്പൂരിന്റെ ഹൃദയതാളത്തിനൊപ്പം ചുണ്ടില്‍ മായാതെ കാത്തുസൂക്ഷിച്ച ഒരു നേര്‍ത്ത പുഞ്ചിരിയുമായി ഓരോ പ്രഭാതങ്ങളെയുംവിളിച്ചുണര്‍ത്തുകയാണ് നിലമ്പൂര്‍ നഗരത്തില്‍ നിന്നും രണ്ട് കിലോമീറ്ററിനപ്പുറം സ്ഥിതിചെയ്യുന്ന കനോലിപ്ലോട്ട്. ലോകത്തിലെ ആദ്യത്തെ തേക്ക് പ്ലാന്റേഷന്‍ എന്ന നാമനിര്‍ദ്ദേശം കൈപ്പിടിയിലൊതുക്കി ജ്വലിച്ചു നില്‍ക്കുകയാണ്.
1841-1855 കാലഘട്ടത്തിലെ മലബാര്‍ കലക്ടറായിരുന്ന എച്ച്.വി കനോലിയുടെ നേതൃത്വത്തില്‍ ചാത്തുമേനോന്റെ അശ്രാന്ത പരിശ്രമഫമമായി രൂപം കൊണ്ട ഈ പ്ലാന്റേഷന്‍ ക്രമേണ കനോലിപ്ലോട്ട് എന്ന നാമം ആവാഹിച്ചെടുത്തു. ഇന്ത്യയിലെ വനരക്ഷാ പദ്ധതിയുടെ മാതൃകാ നടത്തിപ്പിലേക്കുള്ള ആദ്യത്തെ കൈയ്യൊപ്പായി കനോലിപ്ലോട്ട് അനുസ്മരിക്കപ്പെടുന്നു.
ആരംഭഘട്ടത്തില്‍ 1500 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടന്നിരുന്ന പ്ലാന്റേഷന്‍ നിലമ്പൂരിന്റെ ഗ്രാമവശ്യതയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് ഗണ്യമായ തോതില്‍ വര്‍ധിപ്പിക്കാന്‍ സഹായകമായി. കണ്ണെത്താ ദൂരത്തോളം പടര്‍ന്നു കിടന്നിരുന്ന പ്ലാന്റേഷന്‍ നിലമ്പൂരിന്റെ പച്ചപ്പിലേക്ക് ആഴത്തില്‍ വേരൂന്നുന്നവയായിരുന്നു.
രണ്ടാം ലോകമഹായുദ്ധ സമയത്ത് 9.1 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടന്നിരുന്ന തേക്കുകള്‍ തടിയുടെ രൂക്ഷമായ ആവശ്യങ്ങള്‍ക്കായി ഇവിടെ നിന്നും മുറിച്ചു മാറ്റേണ്ടതായി വന്നു. അവശേഷിക്കുന്ന 5.7 ഏക്കര്‍ തേക്കുകള്‍ കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കനോലിപ്ലോട്ട് എന്ന പേരില്‍ ഇവിടെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നു.
അഞ്ചുകോടിയിലധികം വിലമതിക്കുന്ന നൂറ്റിപ്പതിനേഴ് തേക്കുകളാണ് ഇന്ന് കനോലിപ്ലോട്ടില്‍ സ്ഥിതി ചെയ്യുന്നത്. കനോലിപ്ലോട്ടില്‍ വിസ്മയത്തിന്റെ പുതുവര്‍ണ്ണങ്ങള്‍ ചൊരിയുന്ന തൂക്കുപാലത്തില്‍ നിന്ന് താഴോട്ടു നോക്കിയാല്‍ ശാന്തമായൊഴുകുന്ന ചാലിയാര്‍ പുഴ ദൃശ്യമാണ്.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്ക് എന്ന് ചരിത്രം മുദ്രകുത്തിയ 46.5 മീറ്റര്‍ നീളമുള്ള കന്നിമാരി കനോലിപ്ലോട്ടിന്റെ ഓരോ ശ്വാസനിശ്വാസങ്ങളിലും ദൃശ്യമാണ്. തേക്കുകള്‍ക്കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന വിവിധ തരത്തിലുള്ള ഇരിപ്പിടങ്ങള്‍ക്ക് പഴമയുടെ മുഖഛായയാണ്. തേക്കുകളുടെ ചരിത്രം തേടി വരുന്നവരെ ഒളികണ്ണുമായി നോക്കി പതിയെ മരങ്ങള്‍ക്കിടയിലേക്ക് ഓടിയൊളിക്കുന്ന വാനരസംഘങ്ങള്‍ പ്രകൃതിയെ കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നു. ആഴങ്ങളിലേക്ക് കാലുകള്‍ ചലിക്കുംതോറും വനസമാനമായ അന്തരീക്ഷം. ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ പരിപൂര്‍ണ്ണതയില്‍ എന്ന പോലെ.
നിലമ്പൂര്‍ തേക്കുകള്‍ക്കു പറയാനുള്ള കഥകള്‍ ഇവിടെ അവസാനിക്കുന്നില്ല. നിലമ്പൂര്‍ നഗരത്തില്‍ നിന്നും നാലു കിലോമീറ്ററിനപ്പുറം സ്ഥിതി ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയത്തിനും ഒരുപാടു കഥകള്‍ പറയാനുണ്ട്. നിലമ്പൂരിനെ ചരിത്രം ഓര്‍മ്മിക്കാന്‍ ഒരു പൊന്‍തൂവല്‍ സമര്‍പ്പിക്കുകയാണ് തേക്ക് മ്യൂസിയം.
അധിനിവേശത്തിന്റേയും ആഗോളവല്‍ക്കരണത്തിന്റേയും കുത്തൊഴുക്കില്‍പ്പൊടാതെ മണ്ണില്‍ നിലയുറപ്പിച്ചു നില്‍ക്കുന്ന തേക്കുകള്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പാതകളിലൂടെ നടന്നു നീങ്ങി കേരളത്തിലെ ഏറ്റവും നീളം കൂടിയ നദികളുടെ പട്ടികയില്‍ നാലാം സ്ഥാനത്തു നില്‍ക്കുന്ന ചാലിയാര്‍പുഴയും കടന്നു വേണം മ്യൂസിയത്തിലേക്കു പ്രവേശിക്കാന്‍. ചാലിയാര്‍ പുഴയുടെ തീരവും മറുകരയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന തേക്കിന്‍ മരങ്ങളും പരസ്പരം പ്രണയിക്കുകയാണോ എന്നു ചിന്തിക്കാത്തവര്‍ ചുരുക്കം.
തേക്കുകളുടെ ശാസ്ത്രീയ വശങ്ങളും സൗന്ദര്യാത്മകതയും ചരിത്ര വിശദീകരണങ്ങളും തേക്കിന്റെ ചരിത്രം തേടി വരുന്നവര്‍ക്കു മുമ്പില്‍ തന്‍മയത്വത്തോടെ അവതരിപ്പിക്കുകയാണ് മ്യൂസിയം. ആധുനികത അധികമെന്നും സ്പര്‍ശിക്കാതെ അകൃത്രിമവും അസ്വഭാവികവുമാണ് മ്യൂസിയം.
പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന തേക്കിന്‍ മരങ്ങള്‍ക്കിടയിലൂടെ പാറിക്കളിക്കുന്ന വിവിധ വര്‍ണ്ണങ്ങളിലുള്ള ശലഭങ്ങളും കൊച്ചു കൊച്ചു ചെടികളും വ്യത്യസ്ഥമായ സുഗന്ധങ്ങള്‍ നാസാദ്വാരങ്ങളിലലയടിപ്പിച്ച് കാഴ്ച്ചയുടെ വസന്തം തീര്‍ക്കുന്ന പൂക്കളും ഒരു സുഹൃത്തിനെപ്പോലെ നമ്മെ തലോടി കടന്നു പോകുന്ന ഇളം കാറ്റും നിലമ്പൂര്‍ തേക്കുകള്‍ക്കിടയിലെ സ്ഥിരം അതിഥികളാണ്.
അന്യംനിന്നു പോകുന്ന കേരളീയസംസ്‌കാരത്തെ കാത്തുസൂക്ഷിക്കുവാനും കേരളത്തനിമ നിലനിര്‍ത്തുവാനും കേരള സംസ്‌ക്കാരത്തെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു കൊണ്ടുള്ള ഒരായിരം കഥകളാണ് നിലമ്പൂര്‍ തേക്കുകള്‍ക്ക് പറയാനുള്ളതെന്ന് തോന്നിപ്പോകാം. തേക്കുകളുടെ വത്യസ്തമായ ഭാവങ്ങള്‍ കാഴ്ച്ച വെച്ചുകൊണ്ടുള്ള യാത്രയില്‍ എങ്ങുനിന്നെന്നറിയാതെ ഒഴുകിയെത്തിയ ശബ്ദവീചികള്‍ക്കിടയിലൂടെയുള്ള യാത്ര അതിശയാവഹം.
https://www.facebook.com/Malayalivartha