അടുത്ത സീസണിനായി കോവളം മുഖം മിനുക്കുന്നു
കോവളം ബീച്ചില്‍ തുരുമ്പെടുത്തു നശിച്ച കൈവരികള്‍ക്കു പകരം ഫൈബര്‍ നിര്‍മിത കൈവരികള്‍, പാലസ് ജംക്ഷനില്‍ നിന്നു ബീച്ചിലേക്കുള്ള പാതക്കു ടൈല്‍ ഭംഗി. ഇടക്കല്ല് പാറക്കൂട്ടത്തില്‍ അലങ്കാര വിളക്കുകള്‍. സഞ്ചാരികള്‍ക്ക് ഇതാദ്യമായി നിശബ്ദ താഴ്‌വരയുടെ സൗന്ദര്യ ആസ്വാദനം. ഇതുള്‍പ്പെടെ വരുന്ന ടൂറിസം സീസണില്‍ പുതുമയുള്ള കോവളമാകും സഞ്ചാരികളെ വരവേല്‍ക്കാനുണ്ടാവുക. സമയബന്ധിതമായി ഇവിടെ പൂര്‍ത്തീകരിക്കേണ്ട വികസന പദ്ധതികള്‍ സംബന്ധിച്ച അവലോകന യോഗം കഴിഞ്ഞ ദിവസം വകുപ്പു മന്ത്രി തലത്തില്‍ ചേര്‍ന്നതിനെത്തുടര്‍ന്നാണു സെപ്റ്റംബര്‍ 30-നകം തീരത്തെ വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം ലഭിച്ചതെന്നു ടൂറിസം ആസൂത്രണ വിഭാഗം അധികൃതര്‍ പറഞ്ഞു.
ലൈറ്റ് ഹൗസ് ബീച്ചില്‍ സ്ഥാപിച്ചിട്ടുള്ള ഇരുമ്പു കൈവരി തുരുമ്പെടുത്തു നശിച്ചതിനെത്തുടര്‍ന്നാണു തുരുമ്പിക്കാത്ത വസ്തു ഉപയോഗിച്ചു കൈവരി സ്ഥാപിക്കണമെന്ന നിര്‍ദേശമുയര്‍ന്നത്. ടൂറിസം വകുപ്പിന്റെ പദ്ധതികളുടെ നിര്‍വഹണ ഏജന്‍സികളായ നിര്‍മിതി, കെഎസ്‌ഐഡിസി എന്നിവയോടു നൂതന രീതിയിലുള്ള കൈവരി സംബന്ധിച്ച മാതൃക സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായി ടൂറിസം വകുപ്പ് അധികൃതര്‍ അറിയിച്ചു. ഗോവന്‍ തീരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഫൈബര്‍ നിര്‍മിത കൈവരിയാണ് ഇവിടെയും ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. തുരുമ്പിക്കില്ലെന്നതിനൊപ്പം ബലവും ആയുസ്സും കൂടുതലാണെന്നതും മേന്മയായി അധികൃതര്‍ കാണുന്നു.
ബീച്ചും നടപ്പാതയും തമ്മില്‍ ഉയരക്കൂടുതലുള്ള ഇടങ്ങളിലാണു സുരക്ഷയെക്കരുതി ഏതാനും വര്‍ഷം മുന്‍പ് ഇരുമ്പു കൈവരി സ്ഥാപിച്ചത്. കൈവരിയുടെ അഭാവത്തില്‍ ഇവിടെ നിന്നു വിദേശികളുള്‍പ്പെടെയുള്ള സഞ്ചാരികള്‍ക്കു വീണു പരുക്കേറ്റതിനെത്തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ കാസ്റ്റ് അയണ്‍ നിര്‍മിതി എന്നു പറഞ്ഞു സ്ഥാപിച്ച കൈവരി അധികമാവും മുന്‍പു തുരുമ്പിച്ചും ദ്രവിച്ചും നശിച്ചു. തകര്‍ന്നു കിടക്കുന്ന കൈവരി തന്നെ സഞ്ചാരികള്‍ക്ക് അപകട ഭീഷണിയായി. മാതൃക ലഭിക്കുന്ന മുറയ്ക്കു പുതിയ കൈവരി സ്ഥാപിച്ചു തുടങ്ങും.
് തകര്‍ച്ചയിലായ പാലസ് ജംക്ഷനില്‍ നിന്നു ഹവ്വാ ബീച്ചിലേക്കു നീളുന്ന റോഡില്‍ നിലവിലെ അവസ്ഥ മാറ്റി തെന്നിവീഴാത്ത ആധുനിക ടൈല്‍ സ്ഥാപിക്കും. ഇതിനുള്ള ഭരണാനുമതി ലഭിച്ചതായി ടൂറിസം അധികൃതര്‍ പറഞ്ഞു. ബീച്ചില്‍ തകര്‍ന്ന നിലയിലുള്ള നടപ്പാതയിലെ ടൈലുകള്‍ മാറ്റി പകരം തെന്നാന്‍ സാധ്യത ഇല്ലാത്ത ടൈലുകള്‍ സ്ഥാപിക്കും. ഭിന്നശേഷിക്കാരുള്‍പ്പെടെയുള്ളവരെ പരിഗണിച്ചു റാംപുകള്‍ സ്ഥാപിക്കും. ഇരുട്ടിലാണ്ടു കിടക്കുന്ന ഇടക്കല്ല് പാറക്കൂട്ടത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കാന്‍ ഇവിടെ വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കും. ടൂറിസം കേന്ദ്രമായതിനാല്‍ അലങ്കാര വിളക്കുകളാവും സ്ഥാപിക്കുക. ഇവിടെ വൈദ്യുതി ലഭ്യമാക്കുന്നതിനു കെഎസ്ഇബിക്കു അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്നു ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു.
നിര്‍മാണം അന്തിമ ഘട്ടത്തില്‍ ഹവ്വാ ബീച്ചിനു മുകളിലായി സജ്ജമാകുന്ന കോവളത്തെ നൂതന പദ്ധതി നിശബ്ദ താഴ്‌വര (സൈലന്റ് വാലി) നിര്‍മാണത്തിന്റെ അന്തിമഘട്ടത്തിലെന്നു ടൂറിസം അധികൃതര്‍. സെപ്റ്റംബര്‍ 30-നു മുന്‍പായി പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ ഭാഗമായി സൂര്യാസ്തമന വീക്ഷണ കോണ്‍, പാര്‍ക്ക്, അലങ്കാര വിളക്കുകള്‍, ലഘു ഭക്ഷണശാല, ആംഫി തിയറ്റര്‍ എന്നിവയടക്കമുള്ള സംവിധാനങ്ങളാണ് ഒരുങ്ങുന്നത്. ഹവ്വാ ബീച്ചില്‍ നിന്നു നേരിട്ടു ചെറുകവാടം വഴി ഇവിടേക്ക് എത്താം. പ്രവേശന നിബന്ധനകളടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ചു വൈകാതെ തീരുമാനമുണ്ടാകുമെന്നു ടൂറിസം അധികൃതര്‍ പറഞ്ഞു. ഇതു കൂടാതെ കോവളം തീരത്തെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള മുന്നറിയിപ്പു ബോര്‍ഡുകള്‍ ഉടന്‍ സ്ഥാപിക്കും.
പുതിയ പൊലീസ് എയ്ഡ് പോസ്റ്റ് മന്ദിരത്തില്‍ ഫര്‍ണിഷിങ് ജോലി മാത്രമാണ് അവശേഷിക്കുന്നത്. വെള്ളാറിലെ ക്രാഫ്റ്റ് വില്ലേജിന് ഉയര്‍ത്തെഴുനേല്‍പ് നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടും കാടുകയറി അനാഥ നിലയില്‍ കിടക്കാന്‍ വിധിക്കപ്പെട്ട കോവളം വെള്ളാറിലെ ക്രാഫ്റ്റ് വില്ലേജ് ഏറ്റെടുത്തു നടത്തുന്നതിനു യോഗ്യരായ ഏജന്‍സിയെ കണ്ടെത്താന്‍ റീടെന്‍ഡര്‍ ക്ഷണിക്കുമെന്നു ടൂറിസം പ്ലാനിങ് വിഭാഗം അധികൃതര്‍. ആദ്യഘട്ട ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ ഏക എജന്‍സി മാത്രമാണ് എത്തിയതെന്നതിനാലാണു വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കുന്നത്. യോഗ്യരായ ഏജന്‍സിയെ തിരഞ്ഞെടുത്താല്‍ സര്‍ക്കാര്‍ നിയന്ത്രിത കമ്മിറ്റി മുഖാന്തിരം മേല്‍ നടപടികള്‍ ഉടനുണ്ടാകുമെന്നു അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha