കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിലെ കാണാകാഴ്ചകള്‍
വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാല്‍ സമ്പന്നമാണ് കേരളം. താഴ്‌വാരങ്ങളും കായലും കടല്‍തീരങ്ങളും ഹൗസ് ബോട്ടുകളും എണ്ണമറ്റ ക്ഷേത്രങ്ങളും ആയുര്‍വേദ ചികിത്സകളും! എന്നിങ്ങനെ ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം പാകത്തിന് കോര്‍ത്തിണക്കിയ കൊച്ചു കേരളം. വൈവിധ്യങ്ങളുടെ കലവറയായ കേരളം ലോകസഞ്ചാരികളുടെ പറുദീസയാണ്.മലയാളം മലയാളികളുടേതാണെങ്കിലും കേരളത്തിലെ കാഴ്ചകള്‍ സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ക്ക് ഒരുപോലെ പ്രിയങ്കരമാണ്. വിദേശ സഞ്ചാരികളുടെ ഇടയില്‍ ഏറെ പ്രശസ്തി നേടിയ ആലപ്പുഴ പട്ടണത്തിലെ ചില കാഴ്ചകള്‍.
കിഴക്കിന്റെ വെനീസ് എന്ന പേരില്‍ അറിയപ്പെടുന്ന ആലപ്പുഴ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ്. കായല്‍ത്തീരങ്ങള്‍ ആസ്വദിക്കണമെങ്കില്‍ ആലപ്പുഴയിലേക്ക് ഒരിക്കലെങ്കിലും പോകണം. ഹൗസ് ബോട്ട് യാത്രയെന്നോ, കെട്ടുവള്ള യാത്രയെന്നോ വിശേഷിപ്പിക്കുന്ന കായല്‍ ചന്തം കാണാനുള്ള യാത്രകള്‍ ആലപ്പുഴയുടെ ഏറ്റവും വലിയ പ്രത്യേകതകളാണ്. കായല്‍പ്പരപ്പില്‍ അത്യാഢംബരങ്ങളുടെ പ്രൗഢിയുമായി നീങ്ങുന്ന കെട്ടുവള്ളങ്ങള്‍ കേരളത്തിലെ മാത്രം ദൃശ്യമാണ്.
ഓളം തല്ലുന്ന കായലിലൂടെയുള്ള ഹൗസ്‌ബോട്ട് യാത്ര ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമാണ്. ആലപ്പുഴയിലെ പതിവുകാഴ്ചയാണ് വിനോദസഞ്ചാരികളുമായി നീങ്ങുന്ന കെട്ടുവള്ളങ്ങള്‍. മറ്റൊരു പ്രധാന ആകര്‍ഷണം കെട്ടുവള്ളങ്ങളില്‍ കിട്ടുന്ന രൂചിയൂറും വിഭവങ്ങളാണ്. കായലില്‍ നിന്നും ചൂണ്ടയിട്ട് അപ്പപ്പോള്‍ പിടിച്ചു പാകം ചെയ്യുന്ന മത്സ്യവിഭവങ്ങളും കപ്പയും എന്നുവേണ്ട വായില്‍ വെള്ളമൂറിയ്ക്കുന്ന പലരുചികളും കെട്ടുവള്ളങ്ങളില്‍ സുലഭം.
ഹൗസ്‌ബോട്ടും കായല്‍ത്തീരവും കഴിഞ്ഞാല്‍ പിന്നെ സഞ്ചാരികളെ ആകര്‍ഷിക്കുന്നത് ഇവിടുത്തെ ബീച്ചിന്റെ സൗന്ദര്യമാണ്. നൂറ്റാണ്ടു പഴക്കമുള്ള ആലപ്പുഴ കടല്‍പ്പാലവും ലൈറ്റ് ഹൗസും പ്രധാന ആകര്‍ഷണം. ആഞ്ഞടിക്കുന്ന തിരമാലകളിലൂടെ തീരത്തടിയുന്ന ശംഖുകളുടെ ഭംഗിയും തിരമാലകളെ തഴുകി വീശുന്ന കാറ്റും കടലോരത്തിന്റ സൗന്ദര്യം പതിന്മടങ്ങാക്കുന്നു.
പലവര്‍ണങ്ങള്‍ നിറഞ്ഞ നൂറുകണക്കിന് ദേശാടന പക്ഷികളുടെ വാസസ്ഥലമാണ് വേമ്പനാട് കായലില്‍ സ്ഥിതി ചെയ്യുന്ന പാതിരാമണല്‍ എന്ന ചെറു ദ്വീപ്. പക്ഷിനിരീക്ഷകര്‍ക്ക് ഒരു പറുദീസയാണ് കുമരകം പക്ഷിസങ്കേതവും പാതിരാമണലും. പ്രശസ്തിയിലേക്ക് ഉയര്‍ന്ന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്. പ്രകൃതി സൗന്ദര്യം കൊണ്ട് സമ്പന്നമായ ഈ പ്രദേശം ഇവിടേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്കുകൂട്ടുന്നു.
കായിപ്പുറം ജെട്ടിക്ക് കിഴക്കും കുമരകത്തിനു പടിഞ്ഞാറുമായാണ് പാതിരാമണലിന്റെ സ്ഥാനം. കായല്‍ യാത്രയില്‍ മനോഹര ദ്വീപ് ആരെയും ആകര്‍ഷിക്കും. കല്ലു പാകിയ നടവഴികളിലൂടെ കാടിനെ ആസ്വദിച്ചും കണ്ടല്‍ ചെടികളോടും കാട്ടു വള്ളികളോടും ചേര്‍ന്ന് നില്‍ക്കുന്ന കാഴ്ചയുടെ മനോഹാരിത ആസ്വദിച്ചും ഈ പച്ചതുരുത്തിലേക്ക് കടന്നു ചെല്ലാം. ബോട്ട് സവാരിയിലൂടെ മാത്രമേ പാതിരാമണല്‍ ദ്വീപിലേക്ക് എത്തിചേരുവാന്‍ സാധിക്കൂ. കായല്‍ യാത്ര നടത്തുന്ന സഞ്ചാരികള്‍ക്ക് പച്ചവിരിച്ച സൗന്ദര്യ കാഴ്ചകളോട് ചേര്‍ന്ന് വിശ്രമിക്കാനും പറ്റിയ ഇടമാണിവിടം.
ആലപ്പുഴയില്‍നിന്നു തണ്ണീര്‍മുക്കം റോഡില്‍ 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കായിപ്പുറം ജെട്ടിയായി. ചേര്‍ത്തല-തണ്ണീര്‍മുക്കം വഴി 13 കിലോമീറ്റര്‍ യാത്ര ചെയ്താലും കായിപ്പുറത്തെത്തും. കായിപ്പുറത്തുനിന്നു ബോട്ടില്‍ അര മണിക്കൂര്‍ യാത്ര ചെയ്താല്‍ പാതിരാമണലിലെത്തും. കുമരകം, കായിപ്പുറം ജെട്ടി എന്നിവിടങ്ങളില്‍ നിന്നു മോട്ടോര്‍ ബോട്ടുകളും സ്പീഡ് ബോട്ടുകളും ലഭിക്കും.
ചരിത്രവും ഐതിഹ്യവും ലയിച്ച അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ഒന്ന്. ലോകപ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസവും അമ്പലപ്പുഴ വേലകളിയും ഈ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ളവയാണ്. പാര്‍ത്ഥസാരഥി സങ്കല്‍പ്പത്തില്‍ വലതുകൈയ്യില്‍ ചമ്മട്ടിയും ഇടതുകൈയ്യില്‍ പാഞ്ചജന്യവുമായി നില്‍ക്കുന്ന അപൂര്‍വ്വം പ്രതിഷ്ഠയാണ് ഇവിടുത്തേത്. അമ്പലപ്പുഴ ഉണ്ണികണ്ണനെ കാണാന്‍ ആയിരങ്ങളാണ് ക്ഷേത്രത്തില്‍ എത്തുന്നത്.
കലാപരമായും സാംസ്‌കാരികമായും ചരിത്രപരമായും നിരവധി സംഭവങ്ങള്‍ക്കു സാക്ഷ്യംവഹിച്ച ക്ഷേത്രമാണിത്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി മഹോത്സവവും ഇവിടെ ഗംഭീരമായി ആഘോഷിക്കുന്നു. ഭഗവാന്റെ അവതാരമുഹൂര്‍ത്തം കഴിയുമ്പോള്‍ ഉണ്ണിയപ്പം നിവേദിക്കാറുണ്ട്. പാല്‍പ്പായസം പോലെതന്നെ വൈശിഷ്ട്യമുള്ളതാണ് ഇവിടത്തെ ഉണ്ണിയപ്പവും.
കേരളത്തിലെ മനോഹരമായ ബീച്ചുകളുടെ കൂട്ടത്തിലൊന്നാണ് മാരാരിക്കുളത്തെ മാരാരി ബീച്ച്. ആലപ്പുഴ നഗരത്തില്‍ നിന്നും 11 കിലോമീറ്റര്‍ ദൂരം താണ്ടിയാല്‍ മാരാരി ബീച്ചില്‍ എത്താം. ഒരു റിസോര്‍ട്ട് ബീച്ചാണിത്. കടലിനഭിമുഖമായി നീളത്തില്‍ വളര്‍ന്നു നില്‍ക്കുന്ന തെങ്ങിന്‍തോപ്പുകള്‍ ഇവിടുത്തെ പ്രധാന ആകര്‍ഷണം. താരതമ്യേന തിരക്കുകുറഞ്ഞ ബീച്ചായതുകൊണ്ട് സഞ്ചാരികള്‍ക്ക് നന്നായി അസ്തമയ കാഴ്ചകള്‍ ആസ്വദിയ്ക്കാം. ഭക്ഷ്യവിഭവങ്ങള്‍ രുചിയ്ക്കാനും പറ്റിയ സ്ഥലമാണ് മാരാരിക്കുളം. റോഡുമാര്‍ഗ്ഗവും റെയില്‍ മാര്‍ഗ്ഗവുമെല്ലാം അനായാസം എത്തിച്ചേരാവുന്ന സ്ഥലമാണ് മാരാരിക്കുളം. എല്ലാ കാലാവസ്ഥയിലും സന്ദര്‍ശനം നടത്താവുന്ന സ്ഥലമാണ് ഇവിടം. എങ്കിലും സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ സമയം ശീതകാലം തന്നെയാണ്.
കേരളത്തിലെ കായലോര പട്ടണങ്ങളില്‍ പ്രധാനപ്പെട്ടതാണ് കായംകുളം. കായംകുളത്തെ ഒരു പ്രധാന വിനോദസഞ്ചാര ആകര്‍ഷണമാണ് കൃഷ്ണപുരം കൊട്ടാരം. ആലപ്പുഴ നിന്നു 47 കിലോമീറ്റര്‍ പിന്നിട്ടാല്‍ കൃഷ്ണപുരം കൊട്ടാരത്തില്‍ എത്തി ചേരാം. കായംകുളം പട്ടണത്തില്‍ നിന്നും 3.5 കിലോമീറ്റര്‍ അകലെയാണ് കൊട്ടാരം.സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ് ഇന്ന് കൊട്ടാരം. അമൂല്യ പുരാവസ്തുശേഖരങ്ങള്‍ ഉള്ള ഒരു മ്യൂസിയവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് ഈ കൊട്ടാരം ഇന്നുകാണുന്ന രീതിയില്‍ പണികഴിപ്പിച്ചത്. കേരളീയ വാസ്തുശില്‍പ രീതിയിലാണ് കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുള്ള പുരാവസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കേരളത്തില്‍ കണ്ടെത്തിയിട്ടുള്ളതില്‍വച്ച് ഏറ്റവും വലുപ്പമേറിയ ചുവര്‍ചിത്രമായ 'ഗജേന്ദ്രമോക്ഷം' ഈ കൊട്ടാരത്തിലാണ്. മനോഹരമായ പൂന്തോട്ടം, ചുവര്‍ചിത്രം എന്നിവ സന്ദര്‍ശകരെ കാത്തിരിക്കുന്നു. രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30വരെയാണ് പ്രവേശനം. തിങ്കളാഴ്ചകളിലും ദേശീയ പൊതുഅവധി ദിവസങ്ങളിലും പ്രവേശനമില്ല.
https://www.facebook.com/Malayalivartha