കാടിനുള്ളില്‍ ഒളിച്ചിരിക്കുന്ന മനോഹരസൗധങ്ങളെ അടുത്തറിയാം
പുറംലോകവുമായി വേര്‍പിരിയാനും കുടുംബവുമായി ഒത്തുചേരാനും തേക്കടിയിലെ ഈ കരിങ്കല്‍ സൗധങ്ങള്‍. കാടിന്റെ ശാന്തതയിലേക്ക് ഇവ നിങ്ങളെ കൂട്ടിക്കൊണ്ടുപോകും. താമസസൗകര്യങ്ങള്‍ ഒട്ടും കുറയാതെ തന്നെ.
പെരിയാര്‍ കടുവാ സങ്കേതത്തിന്റെ കവാടത്തിനും അപ്പുറം മൂന്ന് കിലോമീറ്റര്‍ അകലെയാണ് ബജറ്റ് റിസോര്‍ട്ടായ പെരിയാര്‍ ഹൗസ്. തൊട്ടടുത്ത്, ബോട്ടിംഗ് മുനമ്പില്‍ ആഡംബരവസതിയായ ആരണ്യനിവാസ് സ്ഥിതി ചെയ്യുന്നു.
ആരണ്യനിവാസ്
തേക്കടി ബോട്ട് ലാന്‍ഡിംഗിനു സമീപം 2.3 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ചരിത്രവസതി. നാട്ടിലെ ഏതൊരു ആഡംബര റിസോര്‍ട്ടിനെയും വെല്ലുന്ന, 30 മുറികളുള്ള പൈതൃക വസതി. തേക്കടിയെ കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാക്കിയതിനു പിന്നില്‍ ആരണ്യനിവാസിന് ചെറുതല്ലാത്തൊരു പങ്കുണ്ട്.
പകല്‍സമയം പ്രദേശത്ത് ബോട്ടിങ്ങിനും മറ്റുമായി ആളുകളുടെ തിരക്കായിരിക്കും. എന്നാല്‍ വൈകുന്നേരം അഞ്ചുമണിക്ക് ചെക്ക്‌പോസ്റ്റ് അടയ്ക്കുന്നതോടെ കാടിന്റെ ശാന്തത ആരണ്യനിവാസിലേക്ക് ഓടിയെത്തും.
റിസോര്‍ട്ട് വിശേഷങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് ഒരല്‍പം ചരിത്രം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിര്‍മാണസമയത്ത് ഏഴു മുറികളുമായി നിര്‍ ്മിച്ച ക്യാംപാണ് ഇന്നത്തെ ആരണ്യനിവാസ്. 1952-ലായിരുന്നു അത്. പിന്നീട് കെട്ടിടം ടൂറിസം വകുപ്പിന് കൈമാറി. 1954-ല്‍ ഇവിടെ എത്തിയ നെഹ്‌റുവാണ് ആരണ്യനിവാസ് എന്ന പേരിട്ടത്. 1965-ല്‍ ആരണ്യനിവാസ് കെടിഡിസി ഏറ്റെടുത്തു. അറുപതുകളില്‍ തേക്കടി തടാകത്തില്‍ ബോട്ടിങ് ആരംഭിച്ചു. പിന്നീട് 23 മുറികള്‍ കൂടി കൂട്ടിച്ചേര്‍ത്ത് വികസിപ്പിച്ച ആരണ്യനിവാസ് റിസോര്‍ട്ടിന്റെ ഉദ്ഘാടനം 1971-ല്‍ നടന്നു.
20 ഡീലക്‌സ് മുറികളും 9 പ്രീമിയം മുറികളുമാണ് ഇന്ന് ആരണ്യനിവാസിലുള്ളത്. വലിപ്പവും തടികൊണ്ടുള്ള നിലവും മറ്റ് അലങ്കാരങ്ങളിലുമുള്ള വ്യത്യാസമാണ് ഇവയ്ക്കുള്ളത്.
ഒരൊറ്റ സ്വീറ്റ് റൂമാണ് ആരണ്യനിവാസിലുള്ളത്. നെഹ്‌റു സന്ദര്‍ശനം നടത്തിയപ്പോള്‍ താമസിച്ചിരുന്ന 101-ാം നമ്പര്‍ മുറി. വിശാലമായ സ്വീകരണമുറിയും കിടപ്പുമുറിയും ഫര്ണീച്ചറുകളുമാണ് പ്രത്യേകത. മന്ത്രിമാരും മറ്റ് വിഐപികളും വരുമ്പോള്‍ അവര്‍ക്കുള്ള വിശ്രമം ഇവിടെയാണ് ഒരുക്കുന്നത്.
മുറികളുടെ ജനാലകള്‍ തുറന്നിടരുതെന്ന മുന്നറിയിപ്പ് ചെന്നയുടനെ അതിഥികള്‍ക്ക് ലഭിക്കും. വാനരവില്ലന്മാര്‍ പുറത്തുകാണുമെന്നതാണ് കാരണം. കൈയില്‍ കിട്ടുന്ന എന്തും അവര്‍അടിച്ചുമാറ്റും. അല്‍പസ്വല്‍പം ഗുണ്ടായിസവും കൈയിലുണ്ട്.
എന്നാല്‍ കുരങ്ങന്മാരുടെ വിളച്ചിലെടുപ്പ് അധികമൊന്നും ഇവിടെ ചിലവാകില്ല. കാരണം ആരണ്യനിവാസിന്റെ പരിസരത്തുകൂടി ജിമ്മി റോന്ത് ചുറ്റുന്നുണ്ടാവും. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് എവിടെ നിന്നോ വന്നുകയറിയ നായയാണ് ജിമ്മി. ഇന്നവന്‍ റിസോര്‍ട്ടിന്റെ അനൗദ്യോഗിക കാവല്‍ക്കാരനാണ്. കുരങ്ങന്മാരുടെ ശല്യത്താല്‍ നശിച്ചുപോയ ഉദ്യാനത്തിലേക്ക് പൂക്കാലം മടങ്ങിവന്നത് ഇവന്റെ വരവോടെയാണ്. കാട്ടുപന്നികള്‍ മുതല്‍ ആനക്കൂട്ടം വരെ ഇവനെ കണ്ടാല്‍ തിരിഞ്ഞോടുമെന്നാണ് സെക്യൂരിറ്റി ജീവനക്കാര്‍ പറയുന്നത്.
വൈകിട്ട് അഞ്ചുമണിക്ക് ശേഷം ആരണ്യനിവാസിന്റെ പരിസരത്തുനിന്ന് അതിഥികളെ പുറത്തേക്ക് വിടില്ല. അതുവരെ വനപാതയിലൂടെ സൈക്കിള്‍ ഓടിക്കാം. എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ സൈക്കിളുകള്‍ ഇവിടെയുണ്ട്.
അഞ്ചുമണി കഴിഞ്ഞാല്‍ ഗെയിറ്റ് അടയ്ക്കും. പിന്നെ ആരണ്യനിവാസിന്റെ ചുറ്റുവട്ടത്ത് കറങ്ങാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വെള്ളത്തില്‍ കളിക്കാന്‍ മനോഹരമായ നീന്തല്‍കുളമുണ്ട്. ശുചിത്വ, സുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുപോരുന്നവ.
സൈക്കിള്‍ ചവിട്ടിയും നീന്തിത്തുടിച്ചും ക്ഷീണിച്ചുകഴിയുമ്പോള്‍ ഭക്ഷണം മനസില്‍ തെളിയും. നീന്തല്‍ക്കുളത്തില്‍ നിന്ന് ഒരു വാതില്‍ മാത്രം അകലെയായി, കുറഞ്ഞത് 50 പേര്‍ക്കെങ്കിലും ഇരിക്കാവുന്ന വിശാലമായ റെസ്‌റ്റോറന്റ്. വലിയ കിച്ചണ്‍. വിഭവസമൃദ്ധമായ ബുഫെ.
ഭക്ഷണമൊക്കെ കഴിഞ്ഞാല്‍ റിക്രിയേഷന്‍ക്ലബിലേക്ക് പോകാം. ബില്യാര്‍ഡസ്, ടേബിള്‍ ടെന്നീസ്, ബാഡ്മിന്റണ്‍, ക്യാരംസ് എന്നിങ്ങനെ വിവിധ വിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്.
അര്‍ധരാത്രിയിലെ ട്രെക്കിങ് ഉള്‍പ്പെടെ വനംവകുപ്പിന്റെ വിനോദസഞ്ചാര പരിപാടികള്‍ക്ക് പങ്കെടുക്കാനുള്ള സൗകര്യവും മുന്‍കൂര്‍ അറിയിച്ചാല്‍ കെടിഡിസി നിങ്ങള്‍ക്കായി ഒരുക്കും.
പെരിയാര്‍ ഹൗസ്
പെരിയാര്‍ കടുവാ സങ്കേതത്തിന്റെ കവാടത്തില്‍ നിന്ന് ബോട്ടിങ് മുനമ്പിലേക്കുള്ള കാനനപാതയുടെ ഓരത്താണ് പെരിയാര്‍ ഹൗസ്. ഇടതൂര്‍ന്ന വനത്താല്‍ ചുറ്റപ്പെട്ട, 44 മുറികളുള്ള ബജറ്റ് ഹോട്ടല്‍.
ബജറ്റ് ഹോട്ടലെന്ന് കേട്ട് സൗകര്യങ്ങള്‍ കുറവാണെന്ന് തെറ്റിദ്ധരിക്കേണ്ട. ഔദ്യോഗിക, കുടുംബ ഒത്തുചേരലുകള്‍ക്കായി കോണ്‍ഫറന്‍സ് റൂം. കുട്ടികള്‍ക്ക് കളിക്കാന്‍ വിശാലമായ പാര്‍ക്ക്. മുതിര്‍ന്നവര്‍ക്കായി ബാസ്‌ക്കറ്റ് ബോള്‍, ഷട്ടില്‍ കോര്‍ട്ടുകള്‍. ഒപ്പം അമ്പെയ്ത്തുപോലെയുള്ള വിനോദങ്ങളും. സുഖചികിത്സയ്ക്കായി ശാന്തിഗിരി ആയുര്‍ വേദ സ്പാ. യുവമിഥുനങ്ങള്‍ക്ക് കാന്‍ഡില്‍ ലൈറ്റ് ഡിന്നറിനായി ഒരു ചെറുപുര... ഇങ്ങനെ നീളുന്നു അകത്തെ വിശേഷങ്ങള്‍.
പെരിയാര്‍ ഹൗസും മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മാണകാലത്തെ ക്യാംപായിരുന്നു. അന്ന് 20 മുറികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് കെടിഡിസി ഏറ്റെടുത്തപ്പോള്‍ 24 മുറികള്‍ കൂടി ചേര്‍ത്തു.
ഓഫ് സീസണില്‍ 10,000 രൂപയ്ക്കു താഴെ പ്രതിദിനവാടക വരുന്ന ലേക്ക് പാലസ്, സീസണില്‍ 35,000 രൂപയ്ക്കു മുകളില്‍ വരെ എത്തിച്ചേരും. 3000 രൂപ മുതല്‍ 10,000 രൂപ വരെയുള്ള നിരക്കുകളാണ് ആരണ്യനിവാസില്‍ വിവിധ സീസണുകളിലായി ഈടാക്കുക. 1500 രൂപ മുതല്‍ വാടകയുള്ള മുറികള്‍ പെരിയാര്‍ ഹൗസിലുണ്ട്.
ഈ മഴക്കാലം കുടുംബത്തോടൊപ്പം എവിടെ ചിലവഴിക്കണമെന്ന കാര്യത്തില്‍ ഇനിയും സംശയമോ? തേക്കടിയിലെ കെടിഡിസി റിസോര്‍ട്ടുകള്‍ നിങ്ങള്‍ക്ക് സ്വാഗതമരുളി കാത്തിരിക്കുകയാണ്.
(വിശദവിവരങ്ങള്‍ക്കും ബുക്കിങ്ങിനും......Lake Palace phone - +91-4869-223887, 223888 email - lakepalace@ktdc.com Aranya Nivas Phone: +91-4869-222023, 321930, 222779, 222283, +91-4868-250111 )
ഓര്‍ത്തിരിക്കാന്‍
ലേക്ക് പാലസിലേക്ക് ഉച്ചയ്ക്ക് 12 നാണ് ചെക്ക് ഇന്‍.അഞ്ചു മണിക്ക് അകം ബോട്ടിങ്ങിന് എത്തണം. വനനിയമപ്രകാരം വിലക്കുള്ളതിനാല്‍ വൈകിയാല്‍ ചെക്ക് ഇന്‍ നടക്കില്ല.
പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ ആരണ്യനിവാസിലെ ബിയര്‍, വൈന്‍ പാര്‍ലര്‍ പ്രവര്‍ത്തിച്ചുതുടങ്ങും. പെരിയാര്‍ ഹൗസില്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഒത്തുചേരലുകള്‍ നടത്തുന്നവര്ക്ക് ആവശ്യപ്രകാരം ഇവിടെ നിന്ന് ബിയര്‍, വൈന്‍ എത്തിച്ചുകൊടുക്കും.
ആരണ്യനിവാസിലും പെരിയാര്‍ ഹൗസിലും അതിഥികള്‍ക്ക് ഉപയോഗിക്കാന്‍ സൈക്കിളുകളുണ്ട്. വൈകുന്നേരം അഞ്ചുമണി വരെ വനപാതയിലൂടെ സൈക്കിള്‍ ചവിട്ടാം.
ആരണ്യനിവാസിലും പെരിയാര്‍ ഹൗസിലും വലിയ സംഘമായി എത്തുന്നവര്‍ക്ക് മുന്‍കൂട്ടി അറിയിക്കുന്ന പ്രകാരം ഇഷ്ടഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാം.
ബിഎസ്എന്‍ എല്‍ മൊബൈല്‍ കണക്ഷന് നല്ല സിഗ്‌നലുണ്ട്.
സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ.
ഡിസംബര്‍ 20 മുതല്‍ ജനുവരി ഒന്ന് വരെയാണ് സന്ദര്‍ശകരുടെ തിരക്ക് കൂടുതല്‍. വാടകയും അക്കാലത്ത് കൂടുതലാണ്.
സുഗന്ധദ്രവ്യങ്ങളും കരകൗശല വസ്തുക്കളും റിസോര്‍ട്ടുകളില്‍ നിന്ന് വിലയ്ക്കു വാങ്ങാം.
റിസോര്‍ട്ടുകളിലേക്കുള്ള അതിഥികള്‍ക്ക് ഒഴികെ ചെക്ക്‌പോസ്റ്റിനുള്ളിലേക്ക് സ്വകാര്യവാഹനങ്ങളുമായി പ്രവേശിക്കാന്‍ അനുവാദമില്ല. വനംവകുപ്പിന്റെ വാഹനങ്ങളും കെഎസ്ആര്ടിസിയുടെ ഏതാനും സര്‍വീസുകളും മാത്രമാണ് വനപാതയിലെ വാഹനങ്ങള്‍.
https://www.facebook.com/Malayalivartha