കഥകളും കാഴ്ചകളും നിറഞ്ഞ ഭൂതത്താന്‍കെട്ട്
കൊടും വേനല്‍ക്കാലത്തും വെള്ളം ഒട്ടും വറ്റാതെ നിറഞ്ഞുകിടക്കുന്ന കേരളത്തിലെ ഒരേയൊരു ഡാമാണ് ഭൂതത്താന്‍കെട്ട്. മൂവാറ്റുപുഴ വഴി കോതമംഗലത്തെത്തി അവിടെനിന്നും 11 കിലോമീറ്റര്‍ ഇടമലയാര്‍ റൂട്ടില്‍ സഞ്ചരിച്ചാല്‍ ഭൂതത്താന്‍ കെട്ടിലെത്താം.
ഏകദേശം ആറു കിലോമീറ്റര്‍ പിന്നി'ടുമ്പോള്‍ കീരംപാറയിലെത്തും. കീരംപാറയില്‍ നിന്ന് ഭൂതത്താന്‍ കെട്ടിലേക്കും തട്ടേക്കാട്ടേക്കും രണ്ടായി വഴിപിരിയുകയാണ്.
റോഡിനിരുവശവും നിറയെ മരങ്ങളാണ്. ആറുകിലോമീറ്റര്‍ പിന്നിട്ടാല്‍ തട്ടേക്കാട് പാലത്തിലെത്താം. അവിടെനിന്നു നോക്കിയാല്‍ താഴയുളള ജലാശയവും അകലെ തീരത്തോട്ട് ചേര്‍ന്നുളള കാടും വ്യക്തമായി കാണാം. പാലം കഴിഞ്ഞ് വലതുവശത്താണ് തട്ടേക്കാട് പക്ഷിസങ്കേതം. പക്ഷികള്‍ മാത്രമല്ല, ചിത്രശലഭങ്ങള്‍ക്കായി ഒരു പാര്‍ക്കും ഇവിടുണ്ട്. ചില കൂടുകളില്‍ വലിയ പാമ്പുകളെയും സൂക്ഷിച്ചിരിക്കുന്നു.
താഴേക്കുള്ള പടികളിറങ്ങി ചെല്ലുന്നത് ചെറിയൊരു ബോട്ട്‌ജെട്ടിയിലേക്കാണ്. വനംവകുപ്പിന്റെ പുതിയൊരു ബോട്ട് അവിടെ സഞ്ചാരികളെ കാത്ത് കിടക്കും. കുറഞ്ഞത് 15 യാത്രക്കാര്‍ ആയാല്‍ ബോട്ടിങ്ങിനു പോകാം. ചാര്‍ജ് അല്‍പം കൂടുതലാണോയെന്ന് തോന്നാം.അപ്പോള്‍, സ്വകാര്യ ബോട്ടുകാര്‍ കുറഞ്ഞ നിരക്കില്‍ പരമാവധി ആളുകളെ കയറ്റുമെന്നും ഇത് സര്‍ക്കാരിന്റെ ബോട്ടായതിനാല്‍ സുരക്ഷ ഉറപ്പാക്കി നിശ്ചിത യാത്രക്കാരെ മാത്രമേ കയറ്റൂവെന്നും അതാണ് നിരക്ക് കൂടുതലുള്ളതത്രേ.
2012-ലാണ് പരിയാറിനു കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഇഞ്ചത്തൊട്ടി തൂക്കുപാലം നിര്‍മ്മിക്കുന്നത്. കുട്ടമ്പുഴ പഞ്ചായത്തിലെ ഇരുകരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ തൂക്കുപാലത്തില്‍ നിന്ന് പെരിയാറിന്റെ സൗന്ദര്യം ആസ്വദിക്കാനായി വിനോദസഞ്ചാരികള്‍ ഇവിടേക്കും വരാറുണ്ട്. ഏപ്രില്‍ മാസത്തില്‍ പോലും ജലസമൃദ്ധമായ പെരിയാറിന്റെ ദൃശ്യം കാണണമെങ്കില്‍ ഇവിടെവരണം. ഇരുവശത്തും പച്ചപ്പ് നിറഞ്ഞിരിക്കുന്നു. ഇഞ്ചത്തൊട്ടിയുടെ അടുത്തായി പുതിയൊരു റിസോര്‍ട്ടും ഉണ്ട്.
ഭൂതത്താന്‍ കെട്ട് ഡാമിന്റെ തൊട്ടുമുന്‍പായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഗ്രൗണ്ട് ഉണ്ട്. അവിടെ കാര്‍ നിര്‍ത്തുമ്പോള്‍ തന്നെ ബാട്ടിങ് പോയിന്റ് എന്ന ബോര്‍ഡ് കാണാം. ആറുമണിവരെയാണ് ബോട്ടിങ്. ഏതാണ്ട് 300 അടി താഴ്ചയുളള ജലാശയമാണ്. കൊടും വേനലിലും ഭൂതത്താന്‍ കെട്ട് ഡാമില്‍ നിറയെ വെള്ളമാണ്. ചുറ്റും ഇടതൂര്‍ന്ന മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന വലിയ വനം. ഇവിടെ സിംഹം ഒഴികെ എല്ലാ വന്യമൃഗങ്ങളുമുണ്ടത്രേ. ജലാശയത്തോട് ചേര്‍ന്നു കാണുന്നത് കുട്ടമ്പുഴ വനമേഖലയാണ്. ദൂരെ കാണുന്ന മലനിരകള്‍ക്കപ്പുറമാണ് മാങ്കുളം, മൂന്നാര്‍ പ്രദേശങ്ങള്‍. പുലിമുരുകന്‍, ശിക്കാര്‍ തുടങ്ങിയ സിനിമകള്‍ ചിത്രീകരിച്ചത് കുട്ടമ്പുഴ വനമേഖലയിലാരുന്നു.
യാത്രയ്ക്കിടയില്‍ ഇടയ്ക്ക് മരത്തില്‍ സൈബീരിയന്‍ കൊക്കിനെ കണ്ടാലായി. ആറായിരത്തിലധികം കിലോമീറ്റര്‍ പറന്നാണ് ഇവ ഇവിടെയെത്തുന്നത്. ഇത്രയും ദൂരം പറക്കാനായി പ്രത്യേക ഭക്ഷണം മാത്രം കഴിച്ച് ഇവ ശരീരഭാരം കുറയ്ക്കുന്നു. തന്റെ ലക്ഷ്യസ്ഥാനം അറിഞ്ഞ് പറക്കാനും ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്.
സന്ധ്യയായാല്‍ വന്യമൃഗങ്ങള്‍ കാടിറങ്ങി ജലാശയത്തിലൂടെ നീന്തി അക്കരെ കടക്കാറുണ്ട്. ചിലപ്പോള്‍ ബോട്ടിങിനിടെ കാട്ടില്‍ മൃഗങ്ങളെ നേരില്‍ കാണാനും സാധിക്കും.
കൊടും ചൂടിലും ജലാശയത്തിനു ചുറ്റുമുളള വനത്തിലെ മരങ്ങളെ തൊട്ടുരുമ്മിയെത്തുന്ന കാറ്റ് ശരീരത്തിനും മനസിനും ഉന്മേഷം പകരും. ഡാമിന്റെ ഷട്ടര്‍ ഭാഗത്തെ ദൃശ്യങ്ങളും കണ്ട് മടങ്ങാം. ഭൂതത്താന്‍കെട്ടിനെ ചുറ്റിപ്പറ്റിയുളള ഐതിഹ്യം ഇങ്ങനെയാണ്. പരമശിവന്റെ ഭൂതഗണങ്ങള്‍ നിര്‍മ്മിച്ചതാണ് ഭൂതത്താന്‍കെട്ട് എന്നാണ് ഐതിഹ്യം. ഡാം വരുന്നതിന് മുന്‍പ് ഏതാണ്ട് വലിയ ചിറകെട്ടിയപോലെ ഈ ഭാഗത്ത് വെള്ളം കെട്ടിനിന്നിരുന്നു. പണ്ട് ശ്രീ പരമേശ്വരന്‍ ഭാര്യ പാര്‍വതി ദേവിയും ചെറുതായൊന്നു പിണങ്ങി. അതോടെ കൈലാസം വിട്ട് ഭൂതത്താന്‍കെട്ടിനടുത്തു വന്ന് പരമശിവന്‍ തപസാരംഭിച്ചു. ശിവനില്ലാത്ത കൈലാസത്തിലെ ജീവിതം ദുസ്സഹമായപ്പോള്‍ വിരഹവേദനയില്‍ പാര്‍വതിദേവി ശിവന്റെ തപസുമുടക്കി കൈലാസത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ശിവന്റെ തന്നെ ഭൂതഗണങ്ങളെ ചുമതലപ്പെടുത്തി.
അവര്‍ ശിവന്‍ തപസനുഷ്ഠിക്കുന്ന ഭാഗത്തിന്റെ താഴെയായി വെളളത്തിനു കുറുകെ മലയിടുക്കല്‍ കല്ലുകൊണ്ട് ചിറകെട്ടാന്‍ തുടങ്ങി. രാത്രിയിലാണ് ചിറ കെട്ടുന്നത് സൂര്യനുദിച്ചാല്‍ ഭൂതങ്ങളുടെ ശക്തി ക്ഷയിക്കുമെന്നാണ് വിശ്വാസം. വെള്ളം നിറഞ്ഞു കഴിയുമ്പോള്‍ ശിവന്റെ തപസിനു ഭംഗം വന്ന് അദ്ദേഹം തിരികെ കൈലാസത്തിലേക്ക് വരുമെന്നായിരുന്നു അവര്‍ കരുതിയത്. പക്ഷേ ത്രികാലജ്ഞാനിയായ ശിവന്‍ ഇക്കാര്യം മനസിലാക്കി. ചിറ കെട്ടി തീരാറായതും അദ്ദേഹം ഉടനെ പൂവന്‍കോഴിയുടെ ശബ്ദത്തില്‍ കൂവി. കോഴി കൂവുന്ന ശബ്ദം കേട്ടതും നേരം വെളുക്കാറായി അതിനാല്‍ തങ്ങളുടെ ശക്തി ക്ഷയിക്കുമെന്നോര്‍ത്ത് ഭൂതഗണങ്ങള്‍ തങ്ങളുടെ ജോലി ഉപേക്ഷിച്ച് മടങ്ങിപ്പോയെന്നാണ് വിശ്വാസം.
ശിവന്‍ തപസനുഷ്ടിച്ചെന്ന് വിശ്വസിക്കുന്ന ഭാഗത്താണ് ഇപ്പോള്‍ തൃക്കാരിയൂര്‍ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പക്ഷേ ചരിത്രപുസ്തകങ്ങളില്‍ ഭൂതത്താന്‍കെട്ടിന്റെ ഉല്‍ഭവത്തെക്കുറിച്ച് പറയുന്നത് മറ്റൊന്നാണ്. നാലാം നൂറ്റാണ്ടിലും 1341-ലും ഉണ്ടായ രണ്ട് വലിയ പ്രളയങ്ങളെ തുടര്‍ന്ന് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. ഇതിന്റെ ഫലമായി വന്‍ പാറക്കൂട്ടങ്ങള്‍ മലയില്‍ നിന്നു പതിച്ച് പെരിയാറിനെ തടഞ്ഞ് വലിയ ചിറയായി രൂപാന്തരപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്.
ഭൂതത്താന്‍കെട്ടിനെ ചുറ്റിപ്പറ്റി കഥകള്‍ ഏറെയുണ്ടെങ്കിലും സഞ്ചാരികള്‍ ഇവിടേക്ക് അധികം വന്നുതുടങ്ങിയിട്ടില്ല. മൂന്നാറോ ഊട്ടിയിലോ പോലെ സഞ്ചാരികളുടെ ബഹളങ്ങളും തിരക്കുമില്ലാതെ ശാന്തമായി മനം നിറഞ്ഞ് പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ കഴിയുന്ന യൗവ്വനയുക്തമായ വിനോദസഞ്ചാരകേന്ദ്രമാണ് ഭൂതത്താന്‍കെട്ട്.
ബോട്ട്ജെട്ടിക്ക് അടുത്തായി ചെറിയൊരു പാര്‍ക്കും കംഫര്‍ട്ട് സ്‌റ്റേഷനും ഉണ്ട്. ചെറിയ കടകളും തുറന്നിട്ടിട്ടുണ്ട്. പുതിയ വിനോദസഞ്ചാരകേന്ദ്രമായതിനാല്‍ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പാര്‍ക്കിലുളള മുളങ്കമ്പുകള്‍ കൊണ്ടു നിര്‍മ്മിച്ച ഏറുമാടത്തില്‍ ഇരുന്ന് കാറ്റുകൊള്ളാനും കാഴ്ചകള്‍ കാണാനും പറ്റും.
റൂട്ട്
കോട്ടയം ഭാഗത്തുനിന്നു വരുന്നവര്‍ക്ക് എം സി റോഡിലൂടെ മൂവാറ്റുപുഴ റോഡിലൂടെ കോതമംഗലത്തെത്തി ഇവിടേക്കുവരാം.
തൃശൂര്‍ ഭാഗത്തുനിന്നു വരുന്നവര്‍ക്ക് ആലുവ വഴി കോതമംഗലത്തെത്തി യാത്ര തുടരാം.
എറണാകുളം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തി പ്രദേശമാണ് കുട്ടമ്പുഴ വനമേഖല.
https://www.facebook.com/Malayalivartha