മസനഗുഡിയിലേക്ക് ഒരു യാത്ര
മസനഗുഡി നീലഗിരി മലനിരകളുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ മുതുമല റിസര്‍വ് ഫോറസ്റ്റിനകത്തുള്ള ജനവാസ കേന്ദ്രമാണ്. പട്ടണമെന്നോ ഗ്രാമമെന്നോ എന്ന് വേര്‍തിരിച്ച് വിളിക്കാന്‍ കഴിയാത്ത വളരെ ചെറിയ ജനവാസ കേന്ദ്രം. കര്‍ണാടകയും കേരളവുമായി ഈ തമിഴ് ഗ്രാമം അതിര്‍ത്തി പങ്കിടുന്നു. കാടും ഭൂപ്രകൃതിയും ഊട്ടിക്ക് സമാനമായ തണുപ്പും ആസ്വദിക്കാനെത്തുന്നവരുടെ പറുദീസയാണിത്. മസനഗുഡിയിലെ തദ്ദേശവാസികളുടെ ദൈവമാണ് വിഭൂതിമലയിലെ മുരുകന്‍. എന്നാല്‍ ബിഭൂതി മലയിലെത്തുന്നവരില്‍ മിക്കവരും മുരുകനെ കാണാനെത്തുന്നവരല്ല എന്നതാണ് സവിശേഷത. മസനഗുഡിയിലെത്തുന്ന സന്ദര്‍ശകര്‍ ട്രെക്കിങ്ങിന് തെരഞ്ഞെടുക്കുന്ന ഇടമാണിത്.
മസനഗുഡിയിലെ ആദിവാസി സെറ്റില്‍മെന്റില്‍ നിന്നും പ്രത്യേകതരം ജീപ്പുകളില്‍ മാത്രമേ ബിഭൂതി മലയുടെ മുകളിലെത്താനാവൂ. ഉരുളന്‍ കല്ലുകളിലൂടെയും കുത്തനെയുള്ള കയറ്റങ്ങളില്‍ കൂടിയുമുള്ള യാത്ര ആരുടേയും നെഞ്ചിടിപ്പിക്കുന്നതാണ്. എന്നാല്‍ തട്ടിയും തടഞ്ഞും മുകളിലെത്തിയാല്‍ കാണുന്ന കാഴ്ച അതിമനോഹരവും.
ഞങ്ങളുടെ ജീപ്പ് ചെന്നുനിന്നത് രണ്ടു മലകള്‍ക്കിടയിലെ ചെറിയ സമതല പ്രദേശത്തേക്കാണ്. ഒരു വശത്ത് ബിഭൂതി മുരുകന്‍ കോവില്‍. ഈ മലയില്‍ നിന്ന് താഴേക്ക് നോക്കുമ്പോഴാണ് മസനഗുഡിയുടെ സൗന്ദര്യം ആസ്വദിക്കാനാവുക. കൊച്ചുകൊച്ചു കള്ളികളായി തിരിച്ച കൃഷിയിടങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന പച്ചപ്പ്. കാബേജും കാരററും കോളിഫ്‌ളവറും ബീന്‍സും നിറഞ്ഞുനില്‍ക്കുന്ന പാടങ്ങളാണ് ഒരു വശത്ത്്. അതിന്റെ അറ്റത്ത് നീലഗിരി കാടുകള്‍ നില്‍ക്കുന്നു. അതിലൊരു കുന്ന് ഊട്ടിയാണ്.
കാലികളും മറ്റും മേയുന്ന കാടാണ് മറുവശത്ത്. കാടെന്ന് പറയുമ്പോള്‍ പച്ചപ്പും ഇരുട്ടും ഇടതൂര്‍ന്ന വന്‍മരങ്ങളുമൊന്നുമല്ല ഇവിടത്തെ കാട്. ഉയരം കുറഞ്ഞ വളഞ്ഞുപുളഞ്ഞു പോകുന്ന ശിഖരങ്ങളുള്ള ഇലകള്‍ പേരിന് മാത്രം. അവശേഷിക്കുന്ന മരങ്ങള്‍. പക്ഷെ അതിനകത്ത് കൂടി സഞ്ചരിക്കുമ്പോള്‍ എന്തോ പ്രത്യേക തരം ഭംഗി അതിനുണ്ടെന്ന് നമുക്ക് മനസ്സിലാകും. നടുവിലൂടെ ഒഴുകുന്ന ചെറിയ പുഴക്ക് ഇരുവശവുമായി ധാരാളം പച്ചപുല്ല് നിറഞ്ഞ പ്രദേശം. മാനുകളുടേയും കാലികളുടെയും ഇഷ്ടപ്രദേശമാണ് ഇവിടം. അതുകൊണ്ടുതന്നെ കാലികളെ പിടിക്കാനായി പുലികളും വരാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
വിഭൂതി മലയെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്, സുബ്രഹ്മണ്യനാണ് ഇവിടത്തെ പ്രതിഷ്ഠ. താഴെനിന്ന് പടികയറിയും ഇവിടേക്ക് വരാം. ഇന്നാട്ടുകാര്‍ മറ്റൊരു കാര്യം കൂടി പറഞ്ഞു, ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിയാണത്രെ നാട്ടുകാര്‍ക്ക് പ്രാര്‍ഥിക്കാനായി ഈ ക്ഷേത്രം പണിതുനല്‍കിയത്. മലയുടെ മുകളില്‍ നിന്ന് താഴേക്ക് ചൂണ്ടി മസനഗുഡിയില്‍ അദ്ദേഹത്തിന്റെ റിസോര്‍ട്ടും കൃഷിസ്ഥലവും കൂടി അവര്‍ കാണിച്ചുതന്നു. മഞ്ഞയും വെള്ളയും പെയിന്റടിച്ച ക്ഷേത്രം. മല കയറിവരുന്ന ഭക്തരുടെ എണ്ണം കുറവാണെന്ന് വ്യക്തം. പക്ഷെ മലയുടെ തുഞ്ചത്ത് അനുഭവപ്പെടുന്ന പ്രത്യേക കാറ്റിനെക്കുറിച്ച് പറയാതിരിക്കാനാവില്ല. കാറ്റ് നമ്മെ പറത്തിക്കൊണ്ടുപോകുമോ കാറ്റ് നമ്മെ പറത്തിക്കൊണ്ടുപോകുമോ എന്ന് ഒരു നിമിഷമെങ്കിലും സംശയം തോന്നും.
https://www.facebook.com/Malayalivartha