ജലയാത്രകള്‍ നടത്തൂ, കാനനസൗന്ദര്യം ആസ്വദിക്കൂ
വര്‍ണശബളമാണ് ബാണാസുരസാഗറിലെ കാഴ്ചകള്‍. നീലാകാശത്തിനു കീഴെ പച്ചപ്പണിഞ്ഞ മലനിരകള്‍. മീതെ തെന്നി നീങ്ങുന്ന തൂവെള്ള മേഘങ്ങള്‍. ഡാമിലെ ജലത്തില്‍ അവയുടെ പ്രതിബിംബങ്ങള്‍. ടിക്കറ്റ് കൗണ്ടറില്‍ നിന്ന് ഡാമിനു മുകളിലെത്താന്‍ 1.7 കിലോമീറ്റര്‍ പോകണം. അത്രദൂരം നടക്കാന്‍ കഴിയാത്തവര്‍ക്കായി ജീപ്പ് സര്‍വ്വീസുണ്ട്. ഒരു ജീപ്പിന് 100 രൂപയാണ് ചാര്‍ജ്. നേരെ ബോട്ടിങ് കേന്ദ്രത്തിലേക്കാണ് ജീപ്പുകള്‍ പോകുന്നത്. ഏഴു സ്പീഡ് ബോട്ടുകളാണ് ഇവിടെയുള്ളത്. ഡാമിലെ കാഴ്ചകള്‍ കാണാന്‍ ബോട്ടുയാത്ര നടത്താം.
തുരുത്തുകളില്‍ കാട്ടുപോത്തിനെയും അകലെ പുല്‍മേട്ടില്‍ കാട്ടാനക്കൂട്ടത്തെയുമൊക്കെ കാണാം.പാര്‍ക്കിലെ ഊഞ്ഞാലുകളില്‍ കുട്ടികള്‍ക്കാടിത്തിമിര്‍ക്കാം. ഡാമിനു വേണ്ടി ഭൂമിയേറ്റെടുത്തതും വീടും സ്ഥലവും വിട്ട് മറ്റൊരിടത്തേക്ക് പോകേണ്ടി വന്നതുമെല്ലാം വിവരിച്ചുകേള്‍ക്കാനിടയായാല്‍ ഡാമിന്റെ തെളിഞ്ഞ ജലത്തിനു കീഴില്‍ ഒരു ഗ്രാമവും ഒട്ടേറെ ജീവിതങ്ങളും ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നും.
കല്‍പറ്റ നിന്ന് പടിഞ്ഞാറത്തറ വഴി 24 കിലോമീറ്റര്‍ ദൂരമുണ്ട് ബാണാസുര സാഗറിലേക്ക്. കല്‍പറ്റ നിന്ന് പടിഞ്ഞാറത്തറ ബസ്സിലാണ് കയറേണ്ടത്. 17 രൂപയാണ് ടിക്കറ്റ്. പടിഞ്ഞാറത്തറ നിന്ന് ഓട്ടോ പിടിക്കാം. 30 രൂപയാണ് ബാണാസുര സാഗറിലേക്ക്. വൈത്തിരി നിന്നാണെങ്കില്‍ പൊഴുതന വഴി 28 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഡാമിലെത്താം.
മുതിര്‍ന്നവര്‍ 20രൂപ, കുട്ടികള്‍ 10രൂപ, സ്റ്റില്‍ ക്യാമറ 25 രൂപ, വീഡിയോ ക്യാമറ 150 രൂപ
ഡാമിനു മുകളിലേക്ക് ജീപ്പ് സര്‍വ്വീസുണ്ട്. എട്ടു പേര്‍ക്ക് പോകാവുന്ന ജീപ്പിന് 100 രൂപയാണ് ചാര്‍ജ്.
ബോട്ടിങ് (രാവിലെ 9 മുതല്‍ വൈകിട്ട് 5വരെ) സ്പീഡ് ബോട്ട് 750രൂപ (15 മിനുട്ട്, 5 പേര്‍ക്ക്) ബോട്ട് 1600 രൂപ (30 മിനുട്ട് 20 പേര്‍ക്ക്). സമയം രാവിലെ 8.30 മുതല്‍ 6.00 വരെ.
കുട്ടികള്‍ക്കായി ഇവിടെ ഒരു പാര്‍ക്കുണ്ട്. മരങ്ങളില്‍ കെട്ടിയ ഊഞ്ഞാലുകളും കളിയുപകരണങ്ങളും എല്ലാം കുട്ടികള്‍ക്ക് ഇഷ്ടപ്പെടും.
പൂക്കോട് തടാകം
ഒന്‍പത് മുടിപ്പിന്‍ വളവുകളും കയറി വയനാടിന്റെ മണ്ണിലെത്തിയാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പേരുകളോരോന്നായി വഴിയില്‍ പ്രത്യക്ഷപ്പെടും. ഇതില്‍ പ്രധാനമാണ് പൂക്കോടു തടാകം. മരങ്ങളുടെ തണലിലൂടെ തടാകത്തിനു ചുറ്റുമുള്ള നടത്തവും ബോട്ടിങ്ങുമെല്ലാം സഞ്ചാരികളെ ഇവിടേക്കാകര്‍ഷിക്കുന്നു.
കല്‍പറ്റ നിന്ന് വൈത്തിരി വഴി 17 കിലോമീറ്ററാണ് പൂക്കോട്ടേക്ക്. നേരിട്ട് ബസുകള്‍ ഇല്ല. തളിപ്പുഴ ബസിലാണ് കയറേണ്ടത്. തളിപ്പുഴ ജംഗ്ഷനില്‍ നിന്ന് ഓട്ടോയിലോ നടന്നോ പോകാം. കോഴിക്കോടു നിന്നു വരുന്നവര്‍ വെറ്റിനറി കോളേജ് പിന്നിട്ട ശേഷം തളിപ്പുഴ നിന്ന് ഇടത്തേയ്ക്കുള്ള വഴിയേ പോകണം. ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകള്‍ തളിപ്പുഴയില്‍ നിര്‍ത്തില്ല. സമയം : 8.30 മുതല്‍ 5.30 വരെ
ടിക്കറ്റ്
മുതിര്‍ന്നവര്‍ക്ക് 20രൂപ, കുട്ടികള്‍ക്ക് 10രൂപ, ബോട്ടിങ് രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന പെഡല്‍ ബോട്ട് 100 രൂപ, നാലു സീറ്റുള്ള പെഡല്‍ ബോട്ട് 200 രൂപ, റോ ബോട്ട് 350 രൂപ.
https://www.facebook.com/Malayalivartha