ചിതറാലില്‍ കഥ പറയുന്നത് കരിങ്കല്ലുകള്‍
'കരിങ്കല്ലില്‍ വിരിഞ്ഞ ദൃശ്യവിസ്മയം' അതാണ് ചിതറാല്‍ ഗുഹാക്ഷേത്രം. തിരുവനന്തപുരത്ത് നിന്ന് ഏകദേശം അമ്പത് കിലോമീറ്റര്‍ അകലെ കന്യാകുമാരി ജില്ലയില്‍ മാര്‍ത്താണ്ഡത്തിനടുത്താണ് ചിതറാല്‍ സ്ഥിതി ചെയ്യുന്നത്. പുരാതന ജൈനക്ഷേത്രത്തിന്റെ അവശേഷിപ്പുകളാണ് ഇവിടെയുളളത്.
ഈ ക്ഷേത്രം നിര്‍മ്മിച്ചത് ഒമ്പതാം നൂറ്റാണ്ടില്‍ ഇവിടെ ജീവിച്ചിരുന്ന ജൈനമതത്തില്‍പ്പെട്ട ദിഗംബരസന്യാസിമാരാണ് എന്ന് പറയപ്പെടുന്നു. മലമുകളില്‍ കരിങ്കല്‍പ്പാറകള്‍ തുരന്ന് ഉണ്ടാക്കിയ ഈ ഗുഹാക്ഷേത്രം ജൈനവാസ്തുശൈലിയുടെ മകുടോദാഹരണമാണ്. ശില്പസൗകുമാര്യം തുളുമ്പുന്ന ഒരു പിടി ശിലാശില്പങ്ങളാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം.
ജൈനതീര്‍ത്ഥങ്കരന്മാരുടെയും ആരാധനമൂര്‍ത്തികളുടെയും ജീവന്‍ തുടിക്കുന്ന രൂപങ്ങള്‍ കല്‍ഭിത്തികളില്‍ കൊത്തിവെച്ചിട്ടുണ്ട്. കല്ലില്‍ കൊത്തിയെടുത്ത മുഖമണ്ഢപവും ബലിപീഠവും, ശിലാചിത്രങ്ങള്‍ ആലേഖനം ചെയ്ത തൂണുകള്‍, പ്രകൃതി ഒരുക്കിയ തീര്‍ത്ഥകുളം ഇവയെല്ലാമാണ് മറ്റു ക്ഷേത്രകാഴ്ചകള്‍. തമിഴ്, മലയാളം, സംസ്‌കൃതം തുടങ്ങിയ ഭാഷകളില്‍ രേഖപ്പെടുത്തിയ നിരവധി ശിലാലിഖിതങ്ങള്‍ ഇവിടെ കാണാം.
ശില്പകലയുടെ തനിമ കൊണ്ടും ജൈനസംസ്‌ക്കാരത്തിന്റെ പെരുമ കൊണ്ടും ചിതറാല്‍ വലിയൊരു പൗരാണികചരിത്രം അവകാശപ്പെടുന്നുണ്ട്. കൂറ്റന്‍ പാറക്കെട്ടുകള്‍ക്കിടയിലൂടെ കല്പടവുകള്‍ കയറി മുകളില്‍ ശിലാക്ഷേത്രത്തിലെത്തുന്ന യാത്രികന് പ്രകൃതിക്കൊപ്പം കളിച്ച ഒരു 'ട്രഷര്‍ ഹണ്ട് ' വിജയിച്ച അനുഭവമാണ് ചിതറാല്‍ സമ്മാനിക്കുന്നത്. ഇവിടുത്തെ പ്രകൃതി സൗന്ദര്യവും ആശ്രമതുല്യമായ ശാന്തതയും ഹൃദ്യമായ ഒരു യാത്രാനുഭവം പകര്‍ന്നു നല്‍കുന്നു.
ചിതറാലിലേക്ക് യാത്ര ചെയ്യുന്നവര്‍ ഓര്‍ത്തുവെയ്ക്കുവാനായി ധാരാളം കാഴ്ചകള്‍ സമീപപ്രദേശങ്ങളിലുണ്ട്. തിരുവിതാംകൂര്‍ രാജഭരണകാലത്തിന്റെ ചരിത്രശേഷിപ്പുകള്‍ ഉറങ്ങുന്ന പത്മനാഭപുരം കൊട്ടാരം, കോടയാര്‍ നദി ആര്‍ത്തിരമ്പി ഇറങ്ങുന്ന തൃപ്പരപ്പ് വെളളച്ചാട്ടം, ഐതിഹ്യപെരുമയിലാറാടി നില്‍ക്കുന്ന മഹാദേവര്‍ കോവില്‍, ഏഷ്യയിലെ ഏറ്റവും ഉയരമേറിയതും നീളം കൂടിയതുമായ പാലമായ മാത്തൂര്‍ തൊട്ടില്‍പ്പാലം തുടങ്ങിയവ അവയില്‍ ചിലതുമാത്രം. ഈ സഞ്ചാര കേന്ദ്രങ്ങളെയെല്ലാം യോജിപ്പിച്ച് ഒരു ഏകദിന യാത്രാ പാക്കേജ് സംഘടിപ്പിക്കാവുന്നതാണ്. യാത്ര തുടര്‍ന്നാല്‍ സൂര്യാസ്തമയം കാണാന്‍ കന്യാകുമാരിയിലുംഎത്താം.
https://www.facebook.com/Malayalivartha