കേരളത്തിലുണ്ട് ഇഷ്ടപ്പെട്ടവരുമൊത്ത് ചെന്നുകാണാന്‍ പറ്റിയ ധാരാളം ഇടങ്ങള്‍
ആഭ്യന്തര ടൂറിസത്തിന് മുമ്പെന്നത്തേതിനേക്കാള്‍ പ്രാധാന്യമുള്ള കാലമാണിത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ജില്ലയേതെന്ന് ചോദിച്ചാല്‍ ഇടുക്കി എന്നായിരിക്കും ഉത്തരം.
ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാന്‍ കുടുംബവുമൊത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു യാത്രയാകാം. ഈ യാത്ര ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത നിമിഷങ്ങളാക്കാം.ഒഴിവു ദിവസങ്ങളില്‍ കുടുംബവുമൊത്ത് ഒരു യാത്ര പോകാനിഷ്ടപ്പെടാത്തവരുണ്ടാവില്ല, പ്രത്യേകിച്ച് അവധിക്കാലങ്ങളില്‍. ഓഫീസിലെയും വീട്ടിലെയും തിരക്കുകള്‍ മാറ്റിവച്ച് അച്ഛനമ്മമാര്‍ക്ക് കുട്ടികളോടൊപ്പം സമയം ചെലവഴിക്കാനായി കുറച്ചു ദിവസങ്ങള്‍. അതുപോലെ മധുവിധുവിനും യാത്ര തെരഞ്ഞെടുക്കുന്നതിന് ഒരു കാരണമുണ്ട്. ആ യാത്രയിലൂടെ പരസ്പരം മനസ്സിലാക്കാന്‍ സാധിക്കും. മാനസിക പിരിമുറുക്കങ്ങളും സമ്മര്‍ദ്ദങ്ങളും ഇല്ലാതാക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഇഷ്ടസ്ഥലത്തേക്ക് ഇഷ്ടപ്പെട്ടവരുമൊത്തൊരു യാത്ര.
അണക്കെട്ടുകളും മലനിരകളും തേയിലത്തോട്ടങ്ങളും തടാകങ്ങളുമൊക്കെയാണ് ഇടുക്കിയെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി, വലിപ്പത്തിന്റെ കാര്യത്തില്‍ ലോകത്ത് തന്നെ രണ്ടാം സ്ഥാനമുള്ള ആര്‍ച്ച് ഡാമായ ഇടുക്കി അണക്കെട്ടും ഇടുക്കിയിലെ കൗതുകങ്ങളില്‍ ചിലതുമാത്രമാണ്.
മിഥുനങ്ങള്‍ക്കും സാഹസികര്‍ക്കും ഉല്ലാസയാത്രയ്ക്ക് വരുന്നവര്‍ക്കുമൊക്കെ ഇടുക്കി ഒരുപോലെ പ്രിയപ്പെട്ടതാണ്. മൂന്നാര്‍ ആണ് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം. വാഗമണ്‍, പീരുമേട്, രാമക്കല്‍മേട് തുടങ്ങിയ സ്ഥലങ്ങളും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.
രാമക്കല്‍മേട്
ഇടുക്കിയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സഞ്ചാരകേന്ദ്രമാണ് രാമക്കല്‍മേട്. ചരിത്രപ്രാധാന്യമുള്ള കുന്നിന്‍പ്രദേശമാണിത്. ഇവിടെയുള്ള കുറുവന്റെയും കുറുവത്തിയുടെയും പ്രതിമകള്‍ സംഘകാല ചരിത്രാവശിഷ്ടങ്ങളാണ്. ശ്രീരാമന്‍ സീതാദേവിയെ തിരഞ്ഞ് ഈ കുന്നിലാണെത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. തേക്കടിയില്‍ നിന്നു 43 കിലോമീറ്റര്‍ ദൂരെയാണ് രാമക്കല്‍മേട്. കട്ടപ്പനയില്‍ നിന്ന് 20 കിലോമീറ്ററും, മൂന്നാറില്‍ നിന്ന് 70 കിലോമീറ്ററും റോഡു മാര്‍ഗ്ഗം സഞ്ചരിച്ച് ഇവിടെയെത്താം.
പീരുമേട്
ഇടുക്കി ജില്ലയിലെ തേക്കടിയിലേക്കുള്ള വഴിയിലെ ഒരു ചെറിയ മലയോര പട്ടണമാണ് പീരുമേട്. സമുദ്രനിരപ്പില്‍ നിന്ന് 915 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സുഖകരമായ കാലാവസ്ഥ, പ്രകൃതി മനോഹാരിത എന്നിവയാല്‍ പ്രശസ്തമാണ്. കോട്ടയം-കുമളി റോഡ് ഏകദേശം 75 കിലോമീറ്റര്‍ ദൂരത്തിലാണ് ഈ പ്രദേശം.
ചെറുതോണി
കേരളത്തിലെ പ്രസിദ്ധമായ ഡാമുകളിലൊന്നാണ് ചെറുതോണി ഡാം. പെരിയാര്‍ നദിയുടെ പ്രധാന പോഷകനദിയായ ചെറുതോണി പുഴയ്ക്ക് കുറുകെയാണിത്. സമീപപ്രദേശങ്ങളായ കരിമ്പന്‍, മഞ്ഞപ്പാറ വാഴത്തോപ്പ്, തടിയമ്പാട്, മണിയറന്‍കുടി എന്നിവിടങ്ങളിലേക്കുളള വൈദ്യൂതി ഈ ഡാമില്‍ നിന്നാണ്. ഇടുക്കി ആര്‍ച്ച് ഡാമില്‍ നിന്നും മൂന്നു കിലോമീറ്റര്‍ ദൂരമാണ് ചെറുതോണിയിലേക്ക്.
മൂന്നാര്‍
കേരളത്തിലെ മനോഹരമായ ഹില്‍ സ്‌റ്റേഷന്‍. മൂന്നാറിനെ ആദ്യ അനുഭവത്തില്‍ തന്നെ നമ്മള്‍ ഇഷ്ടപ്പെട്ടുപോകും. പശ്ചിമഘട്ടമലനിരകളിലാണ് മൂന്നാറിന്റെ സ്ഥാനം. മധുരപ്പുഴ, നല്ലത്തന്നി, കണ്ടലി എന്നിങ്ങനെ മൂന്ന് പുഴകളുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് മൂന്നാര്‍ എന്ന പേര് വീണത്. ഇടുക്കിയില്‍ നിന്ന് മൂന്നാര്‍ വരെ 43 കിലോമീറ്ററാണ് ദൂരം.
ഇരവികുളം
പശ്ചിമഘട്ട മലനിരകളില്‍ 97 ചതുരശ്രകിലോമീറ്ററിലേറെ പരന്ന് കിടക്കുന്നതാണ് ഈ സംരക്ഷിതവനം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജൈവവൈവിധ്യമുള്ള സ്ഥലങ്ങളില്‍ ഒന്ന്. വനം, വന്യജീവി വകുപ്പിന്റെ കീഴിലാണ് ഈ സ്ഥലം. വരയാടുകളാണ് ഇവിടുത്തെ ഏറ്റവും വലിയ ജീവിവര്‍ഗ്ഗം. ഇടുക്കി മുതല്‍ ഇരവികുളം വരെ 96 കിലോമീറ്റര്‍ ആണ് ദൂരം.
ആനയിറങ്ങല്‍
മൂന്നാറില്‍ നിന്നു 22 കിലോമീറ്റര്‍ സഞ്ചരിച്ചുവേണം ഈ സ്ഥലത്തെത്താന്‍. തേയിലത്തോട്ടങ്ങളും, അണക്കെട്ടും, തടാകവുമാണ് പ്രധാന ആകര്‍ഷണം. ആനയിറങ്ങല്‍ തടാകവും അണക്കെട്ടും കാണാന്‍ ഏറെ സഞ്ചാരികള്‍ എത്താറുണ്ട്. വെള്ളം കുടിക്കാനെത്തുന്ന കാട്ടാനക്കൂട്ടങ്ങളെയും ഇടയ്ക്കിടെ കാണാം. മൈലുകളോളം നീളുന്ന കാടുകളും, തേയിലത്തോട്ടങ്ങളും ഇവിടെകാണാം. ടാറ്റ ടീ പ്ലാന്റേഷനാണ് മറ്റൊരു ആകര്‍ഷണം.
ദേവികുളം
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മനോഹരമായ ഹില്‍ സ്‌റ്റേഷനാണ് ദേവികുളം. മൂന്നാറിനടുത്താണ് ഈ പ്രദേശം. മനോഹരമായ പ്രകൃതിയും കാലാവസ്ഥയുമാണ് ഏതൊരു ഹില്‍ സ്‌റ്റേഷനിലെയും പോലെ ദേവികുളത്തെയും പ്രത്യേകത. 54 കിലോമീറ്ററാണ് ഇടുക്കിയില്‍ നിന്നും ദേവികുളത്തേക്കുള്ള ദൂരം.
തേക്കടി
പെരിയാര്‍ കടുവ സംരക്ഷണകേന്ദ്രത്തി ന്റെ അനുബന്ധ വനസഞ്ചാര കേന്ദ്രമാണ് തേക്കടി. ഇടുക്കിയില്‍ നിന്നു 73 കിലോമീറ്റര്‍ ദൂരമാണുള്ളത്.ബോട്ടു സവാരി, ടൈഗര്‍ ട്രെയ്ല്‍ ട്രെക്കിങ്എന്നിവ ഇവിടത്തെ മുഖ്യ ആകര്‍ഷണങ്ങളത്രേ.
വാഗമണ്‍
കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ സംസ്ഥാനത്തെ പ്രധാന മധുവിധുകേന്ദ്രങ്ങളിലൊന്ന്. പച്ചപ്പുല്‍മേടുകളും നീലിമയുള്ള മലനിരകളും, പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന പുഴകളും വെള്ളച്ചാട്ടങ്ങളും ചില്ലുപോലെ നിശ്ചലമായി കിടക്കുന്ന തടാകങ്ങളുമെല്ലാം ചേര്‍ന്ന് വാഗമണ്ണിനെ സ്വര്‍ഗ്ഗീയമാക്കുന്നു. ഇടുക്കിയില്‍ നിന്നും 50.1 കിലോമീറ്ററും, കോട്ടയത്തു നിന്നും 44 കിലോമീറ്റര്‍ ദൂരവുമാണ് വാഗമണ്ണിലേക്കുള്ളത്.
ഗവി
പത്തനംതിട്ട ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശമാണ് ഗവി. പശ്ചിമഘട്ടത്തിലെ പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഭാഗമായ ഇവിടെ വനം വികസന കോര്‍പ്പറേഷന്‍ ഒരുക്കുന്ന നിയന്ത്രിത വിനോദസഞ്ചാര സൗകര്യങ്ങള്‍ നിലവിലുണ്ട്. ഇടുക്കിയില്‍ നിന്ന് 88 കിലോമീറ്റര്‍ ദൂരമാണ് ഗവിയിലേക്ക്.
പൊന്‍മുടി
തിരുവനന്തപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പൊന്‍മുടി കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്റ്റേഷനാണ്. തിരുവനന്തപുരം നഗരത്തില്‍ നിന്ന് 61 കിലോമീറ്റര്‍ അകലെയായി സമുദ്രനിരപ്പില്‍ നിന്ന് 915 ഉയരത്തിലാണ് ഈ ഹില്‍ സ്‌റ്റേഷന്‍. നിരവധി ട്രെക്കിംഗ് പാതകളുള്ള ഈ സ്ഥലം ട്രെക്കിംഗ് പ്രിയരുടെ ഇഷ്ടഭൂമിയാണ്.
നെല്ലിയാമ്പതി
പാലക്കാട് ജില്ലയിലെ പ്രശസ്തമായ ഹില്‍ സ്‌റ്റേഷനാണ് നെല്ലിയാമ്പതി. പാലക്കാട് നിന്ന് 75 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സാഹസപ്രിയരുടെ ഇഷ്ടസ്ഥലമാണ്.
വൈത്തിരി
ഇടുക്കി കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഹില്‍ സ്‌റ്റേഷനുകള്‍ ഉള്ളത് വയനാട് ജില്ലയിലാണ്. സമുദ്ര നിരപ്പില്‍ നിന്ന് 1300 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വൈത്തിരി വയനാട്ടിലെ പേരുകേട്ട ഒരു ഹില്‍ സ്‌റ്റേഷനാണ്. കോഴിക്കോട് നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
സമുദ്രനിരപ്പില്‍ നിന്ന് 700 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലക്കിടിയാണ് വയനാട്ടിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രം. വൈത്തിരിയില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയാണ് ലക്കിടി സ്ഥിതി ചെയ്യുന്നത്.
പൈതല്‍ മല
കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പൈതല്‍മല, അധികം അറിയപ്പെടാത്ത ഒരു ഹില്‍ സ്‌റ്റേഷനാണ്. കണ്ണൂര്‍ നഗരത്തില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയായി സമുദ്രനിരപ്പില്‍ നിന്ന് 4500 അടി ഉയരത്തിലാണ് ഈ ഹില്‍ സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. ട്രെക്കിംഗ് ആണ് ഇവിടുത്തെ പ്രധാന വിനോദം.
റാണിപുരം
കാസര്‍കോട് ജില്ലയിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. അധികം അറിയപ്പെടാത്ത സ്ഥലമായതിനാല്‍ വിനോദ സഞ്ചാരികളുടെ എണ്ണം കുറവാണ്. കാസര്‍കോട് നിന്ന് 85 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 750 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത് പ്രകൃതി ഭംഗി ആസ്വദിക്കാനും നിരവധിപ്പേര്‍ എത്തിചേരാറുണ്ട്.
കുമരകം
കേരളത്തിലെ കോട്ടയം ജില്ലയില്‍ വേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപസമൂഹമാണ് കുമരകം. കേരളത്തില്‍ കണ്ടല്‍ കാടുകള്‍ നിറയെ ഉള്ള സ്ഥലങ്ങളില്‍ ഒന്നാണ് കുമരകം. കായല്‍ നികത്തി ഉണ്ടാക്കിയ കേരളത്തിലെ ആദ്യത്തെ പാടശേഖരങ്ങളും കുമരകത്താണ്. കോട്ടയത്തു നിന്ന് 12 കിലോമീറ്റര്‍ ദൂരമാണ് കുമരകത്തേക്കുള്ളത്.
https://www.facebook.com/Malayalivartha